കൊച്ചി: കാസ്റ്റിങ് കൗച്ച് പോലുള്ള കാര്യങ്ങളൊന്നും എന്റെ കാര്യത്തിൽ ഉണ്ടായിട്ടില്ലെന്ന് ലെന. 'ഏറ്റവും സന്തോഷകരവും സുഖകരവുമായ ഓർമകൾ മാത്രമാണ് എനിക്ക് സിനിമ സമ്മാനിച്ചതെന്നും ലെന സ്റ്റാർ ആൻഡ് സ്‌റ്റൈലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സ്‌കൂൾ പഠനകാലത്താണ് എന്നെ സിനിമയിലേക്ക് സെലക്ട് ചെയ്തത്. അതു കൊണ്ട് തന്നെ അവസരത്തിനുവേണ്ടി ഞാൻ അങ്ങോട്ട് പോയിട്ടില്ല. ആ കുടുംബാന്തരീക്ഷത്തിൽ ഞാൻ എപ്പോഴും സുരക്ഷിതയായിരുന്നു. ഈ പറയുന്ന തിക്താനുഭവങ്ങളൊന്നും എന്റെ കരിയറിൽ ഉണ്ടായിട്ടില്ല. സ്ത്രീകളുടെ കാര്യം പറയാൻ സ്ത്രീകളുടെ ഒരു സംഘടന നല്ലതാണ്. പക്ഷേ, എനിക്ക് ഇതുവരെ ആ സംഘടനയുടെ ഭാഗമാകണമെന്ന് തോന്നിയിട്ടില്ലെന്നും ലെന പറഞ്ഞു.

രണ്ടാം വരവിലാണ് തനിക്ക് കരുത്തുറ്റ കഥാപാത്രങ്ങൾ ചെയ്യാൻ കഴിഞ്ഞതെന്നും ലെന പറഞ്ഞു. 'അതിന് പ്രേരിപ്പിച്ച ധാരാളം തിരിച്ചറിവുകൾ ഉണ്ടായിട്ടുണ്ട്. ആദ്യം സിനിമയിൽ വന്നപ്പോൾ ഈ മീഡിയത്തിന്റെ പ്രാധാന്യം ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല. ഒരു ഹോബി എന്ന തരത്തിലല്ലാതെ അഭിനയം സീരിയസായി എടുത്തിരുന്നില്ല.അന്ന് ധാരാളം ഓഫറുകളും വന്നിരുന്നു. അതെല്ലാം ഇട്ടെറിഞ്ഞ് പഠനമാണ് വലുതെന്ന് പറഞ്ഞാണ് ഞാൻ പോയതെന്നും താരം പറഞ്ഞു.

ബോംബെയിൽ നിന്ന് പി.ജി കഴിഞ്ഞ് ഇന്റേൺഷിപ്പ് ചെയ്യുന്ന കാലത്താണ് സിനിമ വിട്ടത് മണ്ടത്തരമായിപ്പോയെന്ന് തിരിച്ചറിഞ്ഞത്. കണ്ണു പോയാലേ അതിന്റെ വില അറിയൂ എന്ന അവസ്ഥയായി. ക്ലിനിക്കൽ സൈക്കോളജിസ്റ്റിന് ഇത്തിരി മനക്കട്ടി വേണം. എനിക്കിതില്ല, അപ്പോഴാണ് ഞാനൊരു കലാകാരിയാണെന്ന് തിരിഞ്ഞത്. സിനിമ വിട്ടതുപോലെയല്ല തിരിച്ചുവരവെന്നും ലെന വ്യക്തമാക്കി.