കൊച്ചി: സിനിമയിൽ സ്ത്രീ പുരുഷ ഭേദമുള്ളതായി തോന്നിയിട്ടില്ലെന്ന് നടി ലെന. തന്റെ അനുഭവത്തിൽ അതില്ലെന്നും അവർ പറഞ്ഞു. ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ലെന ഇക്കാര്യം പറഞ്ഞത്. വിമൻ ഇൻ സിനിമാ കളക്ടീവ് എന്ന സംഘടനയെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്നും ലെന പറഞ്ഞു.

സംഘടനയുടെ രൂപവത്കരണ സമയത്ത് ഞാൻ സ്‌കോട്‌ലൻഡിലായിരുന്നു. തിരിച്ചു വന്നതിനുശേഷം ഞാൻ എന്റേതായ തിരക്കുകളിലായിരുന്നു. പിന്നെ തന്നെ ആരും സമീപിച്ചില്ലെന്നും ലെന പറയുന്നു.

നടി ആക്രമിക്കപ്പെടുമ്പോൾ താൻ സിഡ്നിയിലായിരുന്നു, അതുകൊണ്ട് സംഭവം വളരെ കഴിഞ്ഞാണ് അറിഞ്ഞത്. ആ സംഭവം അറിഞ്ഞ ശേഷം കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്ന് തോന്നിയിട്ടുണ്ടെന്നും ലെന അഭിമുഖത്തിൽ പറയുന്നു.

കരിയറിൽ വളരെ ധൈര്യപൂർവം എടുത്ത തീരുമാനം രണ്ടാം ഭാവത്തിനു ശേഷം നായികയായി സിനിമയിൽ തുടരേണ്ട എന്നതാണെന്നും ലെന പറയുന്നു. രണ്ടാം ഭാവം കഴിഞ്ഞിരിക്കുന്ന സമയത്ത് നല്ല ഓഫറുകൾ വന്നു. പക്ഷേ, ഡിഗ്രി സമയമായതുകൊണ്ടാണ് പോകാതിരുന്നതെന്നും ലെന പറഞ്ഞു.