രു പക്ഷേ അയർണ്ടിലെ ആദ്യ ഇന്ത്യൻ വംശജനായ പ്രധാനമന്ത്രിയെന്ന ബഹുമതി ലിയോ വരദ്കർ എന്ന 38കാരന് ലഭിച്ചേക്കാം. നല്ല ജീവിതം തേടി ഇന്ത്യയിൽ നിന്നെത്തിയ ഡോക്ടറുടെ മകനാണ് ലിയോ. ഇന്ത്യക്കാർ വളരെ കുറച്ച് മാത്രമുള്ള അയർലണ്ടിന്റെ പ്രധാനമന്ത്രിയാകാൻ ഇദ്ദേഹത്തിന് ഭാഗ്യമുണ്ടാകുമോയെന്നാണ് യുകെയിലെ ഇന്ത്യൻ വംശജർ ഇപ്പോൾ ഉറ്റ് നോക്കുന്നത്. എന്തായാലും ഭരണകക്ഷിയുടെ അടുത്ത നേതാവാകാൻ ഏറ്റവും കൂടുതൽ പിന്തുണയുള്ളത് സ്വവർഗസംഭോഗിയായ ലിയോക്കാണെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നിലവിൽ എൻഡ കെന്നിയാണ് ഇവിടുത്തെ ഫൈൻ ഗെയിൽ പാർട്ടി നയിക്കുന്ന ഭൂരിപക്ഷം കുറഞ്ഞ ഗവൺമെന്റിനെ നയിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ടാൽ ഇദ്ദേഹത്തിന് പകരമായിട്ടായിരിക്കും ലിയോ പ്രധാനമന്ത്രി പദത്തിലെത്തുന്നത്. അടുത്ത പൊതു തെരഞ്ഞെടുപ്പിൽ താൻ പാർട്ടിയെ നയിക്കില്ലെന്ന പ്രഖ്യാപനം കെന്നി നടത്തിയതും ലിയോയ്ക്കുള്ള സാധ്യത വർധിപ്പിച്ചിരിക്കുകയാണ്. കെന്നിയുടെ രാജിയെ തുടർന്ന് ഫൈൻ ഗെയിൽ പാർട്ടിക്കുള്ള പിന്തുണ വർധിക്കുന്നുവെന്നാണ് അഭിപ്രായ വോട്ടെടുപ്പുകൾ തെളിയിക്കുന്നത്. രണ്ട് ദിവസത്തിനിടെ ശനിയാഴ്ച രണ്ടാമതൊരു അഭിപ്രായ സർവേ ഫലം പുറത്ത് വന്നിരുന്നു.

ഇതനുസരിച്ച് ഫൈൻ ഗെയിൽ അയർലണ്ടിലെ ഏറ്റവും ജനകീയമായ പാർട്ടിയെന്ന സ്ഥാനം തിരിച്ച് പിടിക്കുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്. ഇതിന് പുറമെ മിക്ക അഭിപ്രായവോട്ടെടുപ്പുകളിലും ഈ പാർട്ടി തന്നെയാണ് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. സൺഡേ ബിസിനസ് പോസ്റ്റ്/റെഡ് സി പോൾ അനുസരിച്ച് ഫൈൻ ഗെയിൽ പാർട്ടിയുടെ പിന്തുണ ഒരു മാസം മുമ്പുള്ള 24 ശതമാനത്തിൽ നിന്നും 29 ശതമാനമായിട്ടാണ് വർധിച്ചിരിക്കുന്നത്.എന്നാൽ പ്രധാന പ്രതിപക്ഷ പാർട്ടിയായ ഫിയാന ഫെയിലിന്റെ പിന്തുണ ഏഴ് പോയിന്റിടിയുകയും 21 ശതമാനമായിത്തീരുകയും ചെയ്തിരുന്നു.

രാജ്യത്തെ മൂന്നാമത്തെ വലിയ പാർട്ടിയായ ഇടതുപക്ഷ കക്ഷി സിൻ ഫെയിനിന്റെ പിന്തുണയ 18 ശതമാനത്തിൽനിന്നും 15 ശമതാനമായി ഇടിയുകയും ചെയ്തിട്ടുണ്ട്. ഫൈൻ ഗെയിൽ നേതൃത്വ മത്സരം തുടങ്ങി അൽപം കഴിഞ്ഞ് മെയ് 19നും 25നും ഇടയിൽ 1000 പേരെ ഉൾപ്പെടുത്തിയായിരുന്നു പുതിയ സർവേ നടത്തിയിരുന്നത്. 35 വയസിന് താഴെയുള്ളവരാണ് ഫൈൻ ഗെയിൽ പാർട്ടിയെ പിന്തുണക്കുന്നവരേറെയുമെന്നാണ് റെഡ് സി ചീഫ് എക്സിക്യൂട്ടീവായ റിച്ചാർഡ് കോൽവെൽ പറയുന്നത്. ഇവരിൽ മിക്കവരും തങ്ങളുടെ അടുത്ത നേതാവായി ലിയോയെ കാണുന്നത് അദ്ദേഹത്തിന് ഗുണം ചെയ്യുമെന്നും റിപ്പോർട്ടുണ്ട്. നിലവിലുള്ള ഗവൺമെന്റ് ഒരു വർഷം മുമ്പായിരുന്നു രൂപീകരിച്ചിരുന്നത്.