- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ അമ്മപ്പുലി ഇപ്പോഴും കുഞ്ഞിനെ തേടി അലുയുകയാണോ? പാലക്കാട് ഉമ്മിനിക്ക് സമീപം വീണ്ടും പുലിയിറങ്ങി; നായയെ ആക്രമിക്കുന്നത് കണ്ടെന്ന് നാട്ടുകാരൻ; നീരീക്ഷണം ശക്തമാക്കി വനം വകുപ്പ്; പരിപാലന കേന്ദ്രത്തിലുള്ള പുലിക്കുഞ്ഞ് സുഖം പ്രാപിച്ചു വരുന്നു
പാലക്കാട്: ഉമ്മിണിയിലെ ആ അമ്മപ്പുലി ഇപ്പോഴും ഒരു കുഞ്ഞിനെയും തേടി ഇറങ്ങിയിരിക്കയാണോ? പാലക്കാട് അകത്തേത്തറയിൽ വീണ്ടും പുലിയിറങ്ങിയപ്പോൾ അത് ആ അമ്മപ്പുലിയാണോ എന്ന സംശയത്തിലാണ് നാട്ടുകാരും വനപാലകരും. അകത്തേത്തറ മേലേ ചെറാട് ഭാഗത്താണ് പുലിയിറങ്ങിയത്. പുലിയിറങ്ങി തെക്കേപരിയത്ത് രാധാകൃഷ്ണൻ എന്നയാളുടെ വളർത്തു നായയെ ആക്രമിച്ചുവെന്നുമാണ് പരാതി.രാത്രി വൈകി വീട്ടിലെത്തിയ രാധാകൃഷ്ണന്റെ മകൻ ശ്യാം വീട്ടുമുറ്റത്തു നിൽക്കുമ്പോഴാണ് പുലി നായയെ ആക്രമിക്കുന്ന ശബ്ദം കേട്ടത്.
നായയെ ആക്രമിക്കുന്നത് കാട്ടുപന്നിയായിരിക്കാമെന്ന് കരുതി ശ്യാം കല്ലെടുത്ത് എറിയുകയായിരുന്നു. നായയെ വിട്ട് ഒഴിഞ്ഞുമാറിപ്പോയത് പന്നിയല്ല പുലിയാണെന്ന് തെരുവുവിളക്കിന്റെ വെളിച്ചത്തിൽ വ്യക്തമായി കണ്ടെന്ന് ശ്യാം പറഞ്ഞു. ഒരാഴ്ചമുമ്പ് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയ ഉമ്മിനി ഉൾപ്പെടുന്ന പഞ്ചായത്താണ് അകത്തേത്തറ. വനപാലകർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നീരീക്ഷണം ശക്തമാക്കി.
പാലക്കാട് ഉമ്മിനിയിൽ അടഞ്ഞുകിടക്കുന്ന വീട്ടിൽ നിന്നാണ് 2 പുലിക്കുട്ടികളെ കണ്ടെത്തിയത്. ഇതിൽ ഒരു പുലിക്കുഞ്ഞിനെ അമ്മപ്പുലി കൂട്ടിൽ നിന്നും കൊണ്ടുപോയിരുന്നു. രണ്ടാമത്തെ കുഞ്ഞിനെ കൊണ്ടുപോകാൻ അമ്മപ്പുലി എത്താത്തത്. ആളും ബഹളവും തനിക്കെതിരെയുള്ള യുദ്ധസമാനമായ തയ്യാറെടുപ്പും എല്ലാമറിഞ്ഞ് ആ സ്ഥലത്ത് വീണ്ടും എത്താനുള്ള പേടികൊണ്ടായിരിക്കും അമ്മപ്പുലി എത്താത്തതെന്നാണ് ഒരു വർത്തമാനം. എന്നാൽ ഇരതേടാനും മറ്റുള്ളവരോട് ഏറ്റുമുട്ടിയും കാട്ടിൽ സ്വന്തം സ്ഥലം കണ്ടെത്താനുള്ള ത്രാണി കുഞ്ഞിന് ഭാവിയിൽ ഉണ്ടാകില്ലെന്ന് തിരിച്ചറിഞ്ഞാണ് അമ്മ അതുചെയ്തതെന്നാണ് വനവുമായി ബന്ധപ്പെട്ട് പഠനം നടത്തുന്നവരുടെ നിഗമനം.
പപ്പാടിയിലെ വീടും സ്ഥലവും നോക്കി നടത്തിവന്ന പൊന്നൻ പതിവുപോലെ വീട്ടിലെത്തി വൃത്തിയാക്കുന്നതിനിടയിൽ ശബ്ദംകേട്ടപ്പോഴാണത്രെ വീട്ടിനുള്ളിൽ നിന്ന് പുലി ഇറങ്ങിപോയത്. വിവരമറിഞ്ഞ് അടുത്തവീട്ടുകാരും വനം ഉദ്യോഗസ്ഥരുമെത്തി നടത്തിയ പരിശോധനയിൽ കുട്ടികളെ കണ്ടു. ഭയന്ന നാട്ടുകാരും വീട്ടുകാരും പടക്കം പൊട്ടിച്ചും മറ്റും വനവകുപ്പിന്റെ സഹായത്തോടെ രക്ഷയ്ക്കുള്ള നടപടികൾ സ്വീകരിച്ചു.
പ്രദേശത്തുകാരും ഇതോടെ വല്ലാത്ത പേടിയിലായി. പ്രസവിച്ച പരിസരത്ത് ആളനക്കവും അസ്വസ്ഥതയും ഉണ്ടായാൽ കുട്ടികളുമായി തൊട്ടടുത്ത സുരക്ഷിത കേന്ദ്രത്തിലേക്കു പോകുന്നതാണ് പുലിയുടെ സാധാരണ രീതി. ഇവിടെ അതിനു സമയം ലഭിച്ചില്ലെന്നാണ് ഈ വിഷയത്തിൽ വിദഗ്ധരായ വനം ഉദ്യോഗസ്ഥർ പറയുന്നത്. കണ്ണുതുറന്നുവരുന്ന പ്രായമേ കുഞ്ഞുങ്ങൾക്കായുള്ളൂ.അതിനാൽ വനംവകുപ്പ് അവയെ പെട്ടിയിലാക്കി പരിചരിച്ചു, പാലുകൊടുത്തു ജീവൻ നിലനിർത്തി.
കുട്ടികളെ തിരഞ്ഞ് അമ്മയെത്തുമെന്നതിനാൽ വനംവകുപ്പ് ആ വീട്ടിനകത്ത് കൂടിനകത്തു പുലിക്കുട്ടികളെ വച്ച് കാത്തിരുന്നു. രാത്രിയിലെപ്പോഴോ എത്തിയ പുലി ഒരു കുട്ടിയുമായി പോയി. രണ്ടാമത്തെ കുട്ടിയേയും കൊണ്ടുപോകുമെന്ന പ്രതീക്ഷയിൽ പിറ്റേദിവസവും കൂടുമായി കാത്തിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. അതിനെ ഒരു ദിവസം റേഞ്ച് ഓഫിസിൽ സൂക്ഷിച്ച് പരിചരിച്ചു. പാൽ കൊടുത്തു. ഇതിനിടെ ഇതിനു ചെറുതായി വയറിളകാൻ തുടങ്ങി. വെറ്ററിനറി ഡോക്ടറും വനംജീവനക്കാരും നന്നായി പരിചരിച്ചു. ഒടുവിൽ കൂടുതൽ പരിചരണത്തിനായി തൃശൂർ അകമലവാരത്തെ വന്യജീവി സംരക്ഷണകേന്ദ്രത്തിലേക്കു മാറ്റി. സ്ഥിതി മെച്ചപ്പെട്ടുവരുന്നതായാണ് വിവരം. എങ്കിലും വരുംദിവസങ്ങൾ നിർണായകമാണെന്ന് ഫോറസ്റ്റ് വെറ്ററിനറി അധികൃതർ പറയുന്നു.
പ്രസവത്തിൽ കൂടുതൽ കുഞ്ഞുങ്ങളുണ്ടെങ്കിൽ മുലയൂട്ടാനുള്ള വിഷമംകാരണം, ആരോഗ്യക്കുറവുള്ളവയെ കൊല്ലുന്നതും ഉപേക്ഷിച്ചുപോകുന്നതും പുള്ളിപ്പുലികൾക്കിടയിൽ സാധാരണമാണ്. കെൽപ്പു കുറവാണെന്ന തോന്നൽ, പരുക്കുകൾ എന്നിവയും ഇതിനു കാരണമാകുന്നുണ്ട്. കടുവയെപോലെയല്ല പുള്ളിപ്പുലി, ഏതുസ്ഥലവുമായും പൊരുത്തപ്പെടാൻ ഇവയ്ക്കു കഴിവേറെയാണ്. കാട്ടിലാണെങ്കിൽ പാറയിടുക്കുകൾക്കിടയിലാണ് പ്രധാനമായും പ്രസവം. മൂന്നുമുതൽ നാലുമാസംവരെയാണ് ഗർഭകാലം. ഒരു പ്രസവത്തിൽ 4 കുട്ടികൾവരെയുണ്ടാകാം. പ്രസവവും കഴിഞ്ഞ് കുട്ടികളെ സംരക്ഷിക്കുന്നതിനൊപ്പം സ്ഥലത്തുനിന്ന് അധികദൂരത്തല്ലാതെ ഇരതേടാനും പോകും.
ഈ കാലയളവിൽ മറ്റുമൃഗങ്ങളെപ്പോലെ ദേഷ്യവും ശൗര്യവും ഏറിയിരിക്കും. കുട്ടികൾക്ക് പ്രശ്‌നമുണ്ടാകുമെന്നു കണ്ടാൽ അതിവേഗമായിരിക്കും പ്രത്യാക്രമണം. കാടു പച്ചപിടിച്ചുനിൽക്കുന്ന ഒക്ടോബർഫെബ്രുവരി മാസത്തിലാണ് പുള്ളിപുലിയുടെ ഇണചേരൽസമയം. പ്രസവിച്ച് മൂന്നുമാസംകഴിഞ്ഞാൽ കുട്ടികളെ സുരക്ഷിത സ്ഥാനത്തു നിന്ന് പുറത്തേക്ക് ഇറക്കുന്നതാണ് സ്വഭാവം.
സുരക്ഷിതമാണെങ്കിൽ മാത്രമേ കുട്ടികളെ പുറത്തിറക്കൂവെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. ആറുമാസമാകുമ്പോഴേക്കും കുഞ്ഞുങ്ങൾ ചാടുകയും ഓടുകയും ചെയ്തുതുടങ്ങും. ഏതാണ്ട് രണ്ടു മുതൽ മൂന്നു വയസുവരെയാണ് ഇരപിടിക്കുന്നതിനും എതിരാളികളെ നേരിടുന്നതിനും ഉൾപ്പെടെയുള്ള പരിശീലനം.
മറുനാടന് മലയാളി ബ്യൂറോ