കോതമംഗലം: കോതമംഗലം താലൂക്കിലെ കോട്ടപ്പടി പ്ലാമുടിയിൽ പുലിയിറങ്ങി. ഇന്നലെ രാത്രി 11.30 തോടെ ജനവാസ മേഖലയിൽ പ്രത്യക്ഷപ്പെട്ട പുലി പാതയോരത്ത് വീട്ടിലെ മുറ്റത്ത് കെട്ടിയിട്ടിരുന്ന നായെ കടിച്ചു കൊന്നു. സമീപവാസികൾ കൂട്ടംചേർന്ന് ഒച്ചവച്ചപ്പോൾ പുലി ഇരുളിലേയ്ക്ക് ഓടി മറഞ്ഞു.

ഇത് രണ്ടാം തവണയാണ് ഈ ഭാഗത്ത് പുലിയെത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. ഏതാണ്ട് ഒരാഴ്ച മുമ്പ് ഈ ഭാഗത്ത് പ്രത്യക്ഷപ്പെട്ട പുലി നിരവധി കോഴികളെ ഭക്ഷണമാക്കിയിരുന്നു. അന്നും നാട്ടുകാർ കൂട്ടം ചേർന്ന് ഒച്ചവച്ച് ഓടിക്കുകയായിരുന്നു. നിലവിൽ പ്രദേശത്ത് കാട്ടാന കൂട്ടത്തിന്റെ ശല്യം വ്യാപകമാണ്. മലമ്പാമ്പും രാജവെമ്പാലയും അടുത്ത കാലത്ത് പലവട്ടം ഇവിടെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതിനുപുറമെയാണ് ഇപ്പോൾ അടിക്കടി പുലി എത്തുന്നത്.

ആനക്കൂട്ടത്തെ തുരത്താൻ നാട്ടുകാരുടെ നേതൃത്വത്തിൽ രാത്രിയിൽ പല സ്ഥലത്തും കാവലിരിക്കാറുണ്ട്. പുലിയുടെ ഇടവിട്ടുള്ള വരവ് ഇത്തരത്തിൽ കാവലിരിക്കുന്നവരെയും ഭീതിയിലാഴ്തിയിരിക്കുകയാണ്. സ്ഥിതിഗതികൾ ഏറെഭീതി ജനകമാണെന്നും വന്യമൃഗ ശല്യത്തിൽ നിന്നും രക്ഷിക്കാൻ നടപടി വേണമെന്നുമുള്ള നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.