ചെന്നൈ: തമിഴ്‌നാട് വാൽപാറയിൽ മുള്ളൻപന്നിയുടെ മുള്ള് തറച്ച് അവശനിലയിൽ പുലിക്കുട്ടിയെ കണ്ടെത്തി. ഒറ്റപ്പെട്ട നിലയിലാണ് പുലിക്കുട്ടിയെ കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ അവശനിലയിലായ പുലിക്കുട്ടിയെ റസ്‌ക്യൂ സെന്ററിലേക്ക് മാറ്റി.

പുലിക്കുട്ടിക്ക് ആന്തരിക രക്തസ്രാവം ഉൾപ്പെടെ ഉണ്ടോയെന് പരിശോധിച്ച് വരുന്നു. രണ്ട് ദിവസമായി പുലിക്കുട്ടി തായ് മുടി പ്രദേശത്ത് കറങ്ങിയിരുന്നതായി കണ്ടിരുന്നുവെന്ന് അധികൃതർ പറഞ്ഞു.

അതേസമയം ദേവികുളത്ത് രാത്രി പട്രോളിങ്ങിനിറങ്ങിയ പൊലീസിനെ പുള്ളിപ്പുലി വലച്ചു. ദേവികുളം സബ് കളക്ടർ ബംഗ്ലാവിന് സമീപത്തുവച്ചാണ് രാത്രി പരിശോധനയ്ക്കിറങ്ങിയ പൊലീസ് വാഹനത്തിന് മുന്നിൽ പുലി ചാടിയത്. രാത്രി പരിശോധനക്കായി ഇറങ്ങിയതായിരുന്നു ദേവികുളം സിഐ അടക്കമുള്ളവർ. സബ് കളക്ടർ ബംഗ്ലാവിന് സമീപത്തുവെച്ച് വാഹനത്തിന് മുന്നിലേക്ക് പുലി ചാടിയെത്തിയതോടെ ഒരുനിമിഷം എല്ലാവരും ഭയപ്പെട്ടു പോയി.

മൂന്നാറിലെ വിവിധ എസ്റ്റേറ്റുകളിൽ പുലിയെ നേരിൽ കണ്ട തൊഴിലാളികളുണ്ട്. കന്നിമല, ഗുണ്ടുമല, പെരിയവാര, ഗൂഡാർവിള, നെറ്റിക്കുനടി, സൈലന്റുവാലി തുടങ്ങിയ മേഖലകളിൽ നിന്ന് നിരവധി കന്നുകാലികളാണ് പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

സംഭവുമായി ബന്ധപ്പെട്ട് തൊഴിലാളികൾ വനപാലകർക്ക് പരാതി നൽകുകയും പഞ്ചായത്ത് അംഗങ്ങൾ ഓഫീസിന് മുമ്പിൽ സമരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ പുലിയെ പിടികൂടാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. പുലി കയറിപ്പോയ സബ് കളക്ടർ ബംഗ്ലാവിന് സുരക്ഷ ശക്തമാക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ബംഗ്ലാവിന് സമീപത്തെ ചോലവനങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കാനും ആലോചനകൾ നടക്കുകയാണ്.