- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുലർച്ചെ എഴുന്നേറ്റ് നോക്കിയപ്പോൾ വീട്ടമ്മ കണ്ടത് അടുക്കളയിൽ പുലി നിൽക്കുന്നത്; പുറത്തിറങ്ങി വീടിന്റെ വാതിൽ അടച്ച് കുരുക്കിയതും വീട്ടുകാർ; കർണാടകയിലെ ചിത്രദുർഗയിൽ മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിൽ പുലിയെ വലയിലാക്കി വനംവകുപ്പ് ഉദ്യോഗസ്ഥർ
ബംഗളൂരു: കർണാടകയിൽ വീട്ടിനുള്ളിൽ കയറി പരിഭ്രാന്തി പരത്തിയ പുലിയെ മൂന്ന് മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ കൂട്ടിലാക്കി വനംവകുപ്പ് ഉദ്യോഗസ്ഥർ. ചിത്രദുർഗ താലൂക്കിലാണ് സംഭവം.
കർണാടക ഗ്രാമീൺ വികാസ് ബാങ്കിലെ ബിസിനസ് കറസ്പോണ്ടന്റ് ചിതാനന്ദിന്റെ വീട്ടിൽ പുലർച്ചെയാണ് പുലിയെ കണ്ടത്. രാവിലെ എഴുന്നേറ്റ് നോക്കുമ്പോൾ ഭാര്യയാണ് വീട്ടിനുള്ളിൽ പുലിയ കണ്ടത്. പുലിയെ കണ്ട് ഭാര്യ ഒച്ചവെച്ച് ആളെ കൂട്ടിയതായി ചിതാനന്ദ് പറയുന്നു.
വീടിന്റെ പിന്നിലെ വാതിൽ വഴിയാണ് പുലി അകത്തു കയറിയത്. ഭാര്യയുടെ ശബ്ദം കേട്ട് കട്ടിലിൽ നിന്ന് ചാടിയെഴുന്നേറ്റ സമയത്ത് പുലി അടുക്കളയിൽ കയറിയതായും ചിതാനന്ദ് പറയുന്നു.
തക്കം നോക്കി പുറത്തിറങ്ങിയ തങ്ങൾ വീടിന്റെ പിന്നിലേയും മുന്നിലേയും വാതിൽ അടച്ചു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. രാവിലെ ഏഴുമണിയോടെ വീട്ടിൽ എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പിന്നിലെ വാതിലിന്റെ അടുത്ത് കൂട് സ്ഥാപിച്ചാണ് പുലിയെ പിടികൂടിയത്.
എന്നാൽ അടുക്കളയിൽ നിന്ന് പുലിയെ പുറത്ത് എത്തിക്കാൻ കഷ്ടപ്പെട്ടതായും മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് പുലിയെ പിടികൂടിയതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
കർണാടകയിലെ തുമകൂരു ജയനഗറിലും കഴിഞ്ഞ ജനുവരിയിൽ സമാനമായ സംഭവം അരങ്ങേറിയിരുന്നു. വീട്ടിൽ പുള്ളിപ്പുലി കയറിയതോടെ രക്ഷതേടി അന്ന് അമ്മയും മകളും ശുചിമുറിയിലൊളിക്കുകയായിരുന്നു
അടുക്കളയിലെത്തിയ പുലി എട്ടു മണിക്കൂറോളം വീടിനകത്തു തുടർന്നതോടെ ശുചിമുറിയുടെ പുറത്തെ ഭിത്തി പൊളിച്ചാണ് ഇരുവരെയും അന്ന് രക്ഷപ്പെടുത്തിയത്.
നീണ്ട പരിശ്രമത്തിനു ശേഷം പുലിയെ മയക്കുവെടിവച്ചു പിടികൂടി. രാവിലെ അമ്മയുടെയും മകളുടെയും നിലവിളി കേട്ടാണ് അയൽക്കാർ ഓടിയെത്തിയത്. പിന്നാലെ വനംവകുപ്പും പൊലീസും ഫയർഫോഴ്സും എത്തിയെങ്കിലും അടുക്കളയിലെ റാക്കിൽ ഒളിച്ച പുലിയെ പുറത്തെത്തിക്കാൻ കഴിഞ്ഞില്ല.
ഉച്ചയോടെ ശുചിമുറിയിൽ നിന്ന് അമ്മയെയും മകളെയും ഭിത്തി പൊളിച്ചു പുറത്തെത്തിച്ചു. വൈകിട്ട് ആറോടെ, അവശനായ പുലി റാക്കിൽ നിന്ന് ഇറങ്ങിയതോടെ ജനൽവഴി വെടിവയ്ക്കുകയായിരുന്നു.
ന്യൂസ് ഡെസ്ക്