മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ ഭുസേ ഗ്രാമത്തിൽ നാട്ടിലിറങ്ങിയ പുള്ളിപ്പുലി വളർത്തുനായയെ കടിച്ചെടുത്തതോടെ പ്രദേശവാസികൾ പരിഭ്രാന്തിയിൽ. രാത്രിയിൽ, ഒരു വീടിന്റെ വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന വളർത്തുനായയെ കൂറ്റൻ പുള്ളിപ്പുലി ആക്രമിച്ചു കീഴ്‌പ്പെടുത്തുന്ന ദൃശ്യമാണ് ഇപ്പോൾ പുറത്തുവന്നത്. വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

 

വീടിനോടു ചേർന്ന വിശാലമായ വരാന്തയിലെ ഇരുമ്പഴികൾക്കുള്ളിലൂടെ കടന്നാണ് പുള്ളിപ്പുലി നായയ്ക്കു സമീപമെത്തിയത്. പുലി തൊട്ടടുത്ത് എത്തുന്നതുവരെയും നായ അറിഞ്ഞിരുന്നില്ല. പുലി ആക്രമിച്ചതോടെ നായ കുതറിമാറാൻ ശ്രമിച്ചെങ്കിലും സെക്കൻഡുകൾക്കുള്ളിൽ അതിനെ കീഴ്‌പ്പെടുത്തുകയായിരുന്നു. നായയുടെ കഴുത്തിൽ പിടുത്തമിട്ട പുലി അതിനെയും കടിച്ചെടുത്ത് നടന്നുനീങ്ങുന്ന ദൃശ്യങ്ങളും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രദേശവാസികൾ പരിഭ്രാന്തിയിലായി. മുൻപ് പല തവണ നാസിക്കിന്റെ സമീപപ്രദേശങ്ങളിൽ പുള്ളിപ്പുലികളെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ വീട്ടുവളപ്പിനുള്ളിലേക്ക് കടന്നു കയറി അവ ആക്രമിക്കുന്നത് വിരളമാണ്. സമൂഹമാധ്യമങ്ങളിലെത്തിയ ദൃശ്യങ്ങൾ ഇതിനോടകം തന്നെ ജനശ്രദ്ധ നേടിക്കഴിഞ്ഞു. പതിനായിരക്കണക്കിന് ആളുകളാണ് ട്വിറ്ററിലൂടെ മാത്രം ദൃശ്യം കണ്ടത്.