- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലെവള് പുലിയാണ് കേട്ട..; താനെ അടയുന്ന കൂട്ടിൽ നിന്ന് അമ്മപ്പുലി കുഞ്ഞിനെ എടുത്തതെങ്ങിനെയെന്ന് തലപുകച്ച് വനം വകുപ്പ്; ഒരു കുഞ്ഞിനെ കൊണ്ടുപോയതോടെ മൂന്നുപേരെയും ഒരുമിച്ചാക്കാൻ പാട്പെട്ട് വനം വകുപ്പ് ഉദ്യോഗസ്ഥർ; ഇന്നെങ്കിലും പുലിയെ പിടിക്കുമോ എന്ന് നാട്ടുകാരും
പാലക്കാട്: കുഞ്ഞുങ്ങളെ എടുക്കാൻ വരുന്ന അമ്മപ്പുലിയെ പിടികൂടാൻ കെണിയൊരുക്കി ഒടുവില് കെണിയിലായത് വനംവകുപ്പ് ഉദ്യോഗസ്ഥർ.പുലിക്കുട്ടികളെ കാണിച്ച് അമ്മപ്പുലിയെ പിടികൂടാമെന്ന തന്ത്രം ഫലം കാണാതെ പോയതിന്റെ നിരാശയിലാണ് വനംവകുപ്പ് അധികൃതർ. പുലിയെ പിടികൂടാൻ വലിയ കൂടൊരുക്കിയിട്ടും കൂട്ടിനകത്ത് വെച്ചിരുന്ന രണ്ട് പുലിക്കുട്ടികളിലൊന്നിനെ സമർഥമായി അമ്മപ്പുലി കൊണ്ടുപോയി. ഇത് എങ്ങനെ സംഭവിച്ചെന്നറിയാതെ തലപുകയ്ക്കുകയാണ് വനപാലകർ.
കൂട്ടിനകത്ത് പുലികയറിയാൽ വാതിൽ താനേ അടയുന്ന ഇരുമ്പ് കൂടാണ് സ്ഥാപിച്ചിരുന്നത്. ഈ കൂട്ടിനകത്ത് പ്രത്യേക കാർഡ്ബോർഡ് പെട്ടിയിലാണ് രണ്ട് പുലിക്കുട്ടികളെയും വെച്ചിരുന്നത്. കുട്ടികളുടെ മണംപിടിച്ചെത്തുന്ന അമ്മപ്പുലിയെ കെണിയിൽ കുരുക്കാമെന്നായിരുന്നു പ്രതീക്ഷ. കൂട്ടിനകത്ത് കയറാതെ പുലിക്ക് കുട്ടിയെ എടുക്കാനാവില്ലെന്നതിനാൽ ഇതെങ്ങനെ സംഭവിച്ചെന്നറിയാതെ കഷ്ടപ്പെടുകയാണ് വനംവകുപ്പ് അധികൃതർ.
രാത്രി 12.20 ഓടെയാണ് പുലി കൂടിനടുത്തെത്തിയതെന്ന് പ്രദേശത്ത് സ്ഥാപിച്ച സി.സി ടിവിയിൽ നിന്ന് വ്യക്തമാണ്. കൂട്ടിലകപ്പെടാതെയാണ് അമ്മപ്പുലി കുഞ്ഞിനെ കൊണ്ടുപോയത്. രണ്ടാമത്തെ കുഞ്ഞിനെ വനം വകുപ്പ് ഓഫീസിലേക്ക് മാറ്റി. ഇതിനെ ഇന്നലെ രാത്രി വീണ്ടും കൂട്ടിൽ വെച്ചു.കഴിഞ്ഞ ദിവസം സ്ഥാപിച്ച ചെറിയ കൂട്ടിൽ പുലി കയറാതിരുന്നതിനാൽ വലിയ കൂട് സ്ഥാപിച്ചിരുന്നു. ഇതിനകത്തും പുലി കയറാതിരുന്നത് വനം വകുപ്പ് ഉദ്യോഗസ്ഥരെ ആശങ്കയിലാക്കിയിട്ടുണ്ട്.
അമ്മപ്പുലിയെ പിടികൂടാൻവേണ്ടി തിങ്കളാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് വനംവകുപ്പ് വലിയ കൂട് സ്ഥാപിച്ച് രണ്ട് പുലിക്കുട്ടികളെയും അതിനകത്തുവിട്ടത്. ഇതുകഴിഞ്ഞ് അധികം വൈകും മുൻപെ പുലിയെത്തി ഒരുകുട്ടിയെ കൊണ്ടുപോവുകയായിരുന്നു.പുലി വരുന്നതിന്റെയും കുട്ടിയെ കടിച്ചുകൊണ്ടുപോകുന്നതിന്റെയും ചിത്രങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
ചൊവ്വാഴ്ച രണ്ടാമത്തെ കുഞ്ഞിനെ കൂട്ടിൽ വെച്ചെങ്കിലും പുലി അങ്ങോട്ടേക്ക് അടുത്തില്ല എന്നതും അധികൃതരെ നിരാശയിലാഴ്ത്തുന്നു.രണ്ടാമത്തെ കുഞ്ഞിനെ പുലി ഉപേക്ഷിച്ചോ എന്നതും അധികൃതർ സംശയിക്കുന്നുണ്ട്.വനം വകുപ്പ് ഉദ്യോഗസ്ഥർ ഏറെ ശ്രമകരമായാണ് പുലിക്കുഞ്ഞുങ്ങൾക്ക് പാലൂട്ടുന്നത്. ഫില്ലറിലാക്കി തുള്ളികളായാണ് പാൽ നൽകുന്നത്. ആട്ടിൻ പാൽ,പൗഡർ, ഒവാൾറ്റൈൻ എന്നിവ കലക്കിയാണ് നൽകുന്നത്. ഇണക്കമില്ലാത്തതിനാൽ കുഞ്ഞുങ്ങൾക്ക് പാൽ നൽകൽ പ്രയാസകരമാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
രണ്ടു മണിക്കൂർ ഇടവിട്ട് മൂന്നു ഉദ്യോഗസ്ഥർ ചേർന്നാണ് പാൽ നൽകുന്നത്. പ്രസവിച്ച് 15 ദിവസം മാത്രം പ്രായമായതിനാൽ മറ്റു ഭക്ഷണങ്ങൾ നൽകാനുമാവില്ല.രണ്ട് പുലി കുഞ്ഞുങ്ങളിൽ ഒരാൾ മാത്രം അവശേഷിച്ചത് വനം ഉദ്യോഗസ്ഥരെ വെട്ടിലാക്കിയിട്ടുണ്ട്. തള്ളപ്പുലിയെ കൂടി പിടികൂടി മൂന്നുപേരെയും ഉൾവനത്തിൽ ഉപേക്ഷിക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ ഒരു കുഞ്ഞിനെ കൊണ്ടുപോയതിനാൽ അടുത്ത ദിവസം പുലി കുടുങ്ങിയാൽ കുഞ്ഞിനെ കണ്ടെത്തേണ്ടി വരും.
ഇന്നെങ്കിലും പുലിയെ പിടികൂടുമോ' -ഇത് മാത്രമാണ് ഇപ്പോൾ അകത്തേത്തറ ഉമ്മിനിയിലെ നാട്ടുകാർക്കിടയിലെ ചർച്ച. ഞായറാഴ്ച മുതൽ നാട്ടിൽ കാണപ്പെട്ട പുലി നാട്ടുകാരുടെ ഉറക്കംകെടുത്തിത്തുടങ്ങിയിട്ട് മൂന്നുദിവസത്തിലേറെയായി. ഇനിയും വനംവകുപ്പിന് പുലിയെ പിടികൂടാനാവാത്തതിൽ ആശങ്കയിലായിരിക്കയാണ് നാട്ടുകാർ.
മറുനാടന് മലയാളി ബ്യൂറോ