തിരുവനന്തപുരം: ശബരിമലയിലെ ആചാര സംരക്ഷകരുടെ നാമജപ സമരവും നിരാഹാര സമരവും ഒക്കെയാണ് ഇത് വരെ നാം കണ്ടത്. ഇന്നലെ സംസ്ഥാന വ്യാപകമായി അയ്യപ്പ ജ്യോതിയും നമ്മൾ കണ്ടു. എന്നാൽ എൻഡിഎ മുന്നണിയുടെ ഭാഗമായ പിസി തോമസ് വിഭാഗത്തിന്റെ കേരള കോൺഗ്രസ് ഇന്ന് നടത്തിയത് ഒരു ഒന്നൊന്നര സമരമായിപ്പോയി. ആചാരങ്ങൾ മുഴുവൻ ഇല്ലാതാക്കുന്ന നമ്മുടെ മുഖ്യമന്ത്രിയെ ഒന്നു വിരട്ടാൻ പുലിയെ... അയ്യോ അല്ല പുലിപ്പാൽ സമരവുമായി രംഗത്ത് എത്തുകയായിരുന്നു കേരള കോൺഗ്രസിന്റെ യുവജനവിഭാഗമായ യൂത്ത് ഫ്രണ്ട്.

വിശ്വാസങ്ങൾക്ക് മേൽ സർ്ക്കാരും മുഖ്യമന്ത്രിയും കടന്നുകയറുകയാണ് എന്നാരോപിച്ചാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. സെക്രട്ടേറിയറ്റ് മാർച്ചിൽ മുഖ്യമന്ത്രിക്ക് ഔഷധം നൽകണമെന്നും അതിന് ബെസ്റ്റ് പുലിപ്പാലാണെന്നും പറഞ്ഞാണ് ഒരു പാത്രത്തിൽ 'പുലിപ്പാൽ' കൊണ്ട് വന്നത്. പാലുമായി വരുന്നത് പുലിക്കുട്ടികളാണ് എന്ന് എഴുതിയ ബാനറുമായിട്ടായിരുന്നു സംഘത്തിന്റെ യാത്ര. മുൻപും വ്യത്യസ്തമായി സമര പരിപാടികൾ സംഘടിപ്പിച്ച് മുൻപും ചിരിയും ചിന്തും പടർത്തിയിട്ടുണ്ട് കേരള കോൺഗ്രസ്.

ചിരിയും ചിന്തയും ഒക്കെ പടർത്തിയെന്ന് പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ? ഇതൊക്കെ കിട്ടിയാ വിടുവോ നമ്മുടെ ട്രോളന്മാർ. എടുത്ത് ശരിക്ക് അങ്ങ് പെരുമാറികളഞ്ഞില്ലേ.രസകരമായ കമന്റുകളാണ് സോഷ്യല് മീഡിയയില് പുലിപ്പാൽ സമരത്തിന് എതിരെ പ്രവഹിക്കുന്നത്. ആരോട് ചോദിച്ചിട്ടാണ് മിൽമ പാൽ പൊട്ടിച്ച് പാത്രത്തിലാക്കിയിട്ട് നിങ്ങൾ പുലിപ്പാൽ എന്ന് പറയുന്നത്? അങ്ങനെ വന്യ ജീവികളെ ഉപദ്രവിച്ചെങ്കിൽ കേസ് വേറെ എടുക്കണം എന്നുമുൾപ്പടെയുള്ള അഭിപ്രായവും ശക്തമാണ്.