തിരുവനന്തപുരം: 'മലയാളിയുടെ സ്വകാര്യ അഹങ്കാരം...'. മമ്മൂട്ടിയെന്ന മഹാനടനെ വിശേഷിപ്പിക്കാൻ ഇതിലും നല്ലൊരു വാക്കുകളില്ല. പ്രായം അറുപത് കവിഞ്ഞെങ്കിലും സൗന്ദര്യം തുളുമ്പുന്ന സുന്ദര ശരീരത്തിന്റെ ഉടമയായ മഹാനടന്റെ അഭിനയ മികവിൽ വെള്ളിത്തിരയിൽ വിരിഞ്ഞ കഥാപാത്രങ്ങൾ നിരവധിയാണ്. നാല് പതിറ്റാണ്ട് കാലമായി അഭിനയരംഗത്ത് നിറഞ്ഞു നിൽക്കുന്ന മമ്മൂട്ടി തെന്നിന്ത്യൻ സിനിമയിലെ ഒട്ടുമിക്ക ഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ഇന്ത്യൻ സിനിമയിൽ ഇതിലും മികച്ച നടന്മാരേറെയുണ്ടെങ്കിലും മമ്മൂട്ടിക്ക് ചെയ്യാൻ പറ്റുന്ന വേഷങ്ങൾ ഇദ്ദേഹത്തിന് മാത്രമേ ചെയ്യാനാവുകയുള്ളൂവെന്നാണ് പല പ്രമുഖ സംവിധായകരും സാക്ഷ്യപ്പെടുത്തുന്നത്. മലയാള സിനിമയെ മമ്മൂട്ടിക്ക് മുമ്പും ശേഷവും എന്നായിരിക്കും പിൽക്കാല ചലച്ചിത്ര ചരിത്രകാരന്മാർ വിലയിരുത്തുക എന്ന കാര്യം ഉറപ്പാണ്. മലയാള സിനിമയിലും അതിലുപരി ഇന്ത്യൻ സിനിമയിലും കാലാതിവർത്തിയായ ബിംബമായി ഉദിച്ചുയർന്ന താരവും അതിലുപരി മഹാനടനുമാണ് മമ്മൂട്ടി. അതായത് ഒരേസമയം ഒരു ജനപ്രിയ താരവും കാമ്പും അഭിനയസാധ്യതയുമുള്ള കഥാപാത്രങ്ങളെ കൈകാര്യം ചെയ്യാൻ സാധിക്കുന്ന ഒരു അഭിനേതാവുമാകാൻ സാധിച്ചുവെന്നതാണ് മമ്മൂട്ടിയുടെ വിജയം.

എന്നാൽ വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച നടനല്ല മമ്മൂട്ടി. വളരെ പരിമിതമായ സാഹചര്യത്തിൽ ഒരു സാധാരണ കുടുംബത്തിൽ പിറന്ന ഇദ്ദേഹം നിരവധി പ്രതിസന്ധികളെ തരണം ചെയ്താണ് വെള്ളിത്തിരയിലെത്തിയത്. മലപ്പുറം ജില്ലയിൽ നിയമബിരുദത്തിന് ശേഷം പ്രാക്ടീസ് ചെയ്യുമ്പോഴും അഭിനയമായിരുന്നു മനസിൽ. തുടർന്ന് അത് സഹിക്കാനാവാഞ്ഞതോടെ ഇതിനായി പത്രത്തിൽ പരസ്യവും കൊടുത്തിരുന്നുവത്രേ..!!. 'കോളേജിലെ ബെസ്റ്റ് ആക്ടറായിരുന്ന പിഐ മുഹമ്മദ് കുട്ടി സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിക്കുന്നു. ഇദ്ദേഹത്തിന് നായകനടനാകാൻ പറ്റിയ ആകാരഭംഗിയുണ്ട്...' എന്നായിരുന്നു ആ പരസ്യം. പിൽക്കാലത്ത് നിരവധി സിനിമകളിൽ കാമ്പുറ്റ കഥാപാത്രങ്ങളെ ലഭിച്ച അദ്ദേഹത്തിന് ലഭിച്ച ആദ്യ വേഷം ഓടിപ്പോകുന്ന ആളുകളിൽ ഒരാളായിട്ടായിരുന്നു. എം ടിയുടെ തിരക്കഥയിലൊരുങ്ങിയ അനുഭവങ്ങൾ പാളിച്ചകളിലെ ആദ്യ റോളായിരുന്നു അത്. മമ്മൂട്ടിയുടെ ജീവിതം ഒരു തുറന്ന പുസ്തകമാണ്. അദ്ദേഹത്തിന്റെ ജീവചരിത്രം മിക്കവർക്കും ഹൃദ്യസ്ഥവുമാണ്. എന്നാൽ ചിലരൊന്നും അറിയാത്ത ചില പ്രത്യേക സംഗതികൾ ഈ മഹാനടന്റെ ജീവിതത്തിലുണ്ട്. അത്തരം ചില കാര്യങ്ങളാണിവിടെ പരാമർശിക്കുന്നത്.

ഭാഷയ്ക്കതീതമായി തന്റെ നടനചാരുതയെത്തിക്കാൻ സാധിച്ച അഭിനേതാവാണ് മമ്മൂട്ടി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ആറ് വ്യത്യസ്ത ഭാഷകളിൽ അഭിനയിക്കാൻ സാധിച്ച നടൻകൂടിയാണ് മമ്മൂട്ടി. തമിഴിൽ മാത്രം 15 ൽ പരം ചിത്രങ്ങളിൽ മമ്മൂട്ടി വേഷമിട്ടിട്ടിട്ടുണ്ട്. ഈ ചിത്രങ്ങളൊക്കെ സൂപ്പർഹിറ്റ് ചാർട്ടിൽ ഇടംപിടിക്കുകയും ചെയ്തു. ദളപതി, കണ്ടുകൊണ്ടേൻ കണ്ടു കൊണ്ടേൻ, അഴകൻ, ആനന്ദം, വന്ദേമാതരം, തുടങ്ങിയവ അതിൽ ചിലത് മാത്രമാണ്. വിസ് സ്വാതി കിരണം, സൂര്യ പുത്രുലു, റെയിവെ കൂലി എന്നിവയാണ് മമ്മൂട്ടിയുടെ തെലുങ്ക് ചിത്രങ്ങൾ. ത്രിയാത്രി, ധർത്ത്രീ പുത്ര, സൗ ജൂദ് ഏക് സാക് എന്നിവയാണ് മമ്മൂട്ടിയുടെ ഹിന്ദി ചിത്രങ്ങൾ. 2012ൽ പുറത്തിറങ്ങിയ ശികത്കാരിയായിരുന്നു ഇദ്ദേഹത്തിന്റെ കന്നഡ ചിത്രം. 2000ത്തിൽ റിലീസ് ചെയ്ത് ഡോ. ബാബാസാഹേബ് അംബേദ്കറായിരുന്നു മമ്മൂട്ടിയുടെ ഇംഗ്ലീഷ് സിനിമ. നിരവധി നടന്മാരെ പരീക്ഷിച്ച് തൃപ്തിപ്പെടാതെ വന്നപ്പോഴാണ് സംവിധായകൻ മമ്മൂട്ടിയുടെ മുഖത്ത് ഭരണഘടനാ ശിൽപി അംബേദ്കറുടെ മുഖം കണ്ടെടുത്ത് യാഥാർത്ഥ്യമാക്കിയത്. ഈ വേഷം അനശ്വരമാക്കുകയും ചെയ്തു മമ്മൂട്ടി. ഇതോടെയാണ് അദ്ദേഹത്തിന് ദേശീയ പുരസ്‌ക്കാരം ലഭിക്കുകയും ചെയ്തത്.

നല്ല നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം അഥവാ ഭരത് അവാർഡ് മൂന്ന് വട്ടം നേടിയ അപൂർവം നടന്മാരിലൊരാളാണ് മമ്മൂട്ടി. മലയാളത്തിന്റെ മറ്റൊരു സൂപ്പർസ്റ്റാർ മോഹൻലാലിന് പോലും രണ്ട് ഭരത് അവാർഡ് സ്വന്തമാക്കാനേ സാധിച്ചിട്ടുള്ളൂ. 1989ൽ ഹരിഹരൻ സംവിധാനം ചെയ്ത ഒരു വടക്കൻ വീരഗാഥ, അടൂർ ഗോപാലകൃഷ്ണന്റെ മതിലുകൾ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾക്കായിരുന്നു മമ്മൂട്ടിക്ക് ആദ്യമായി ഭരത് അവാർഡ് ലഭിച്ചത്. തുടർന്ന് 1993ൽ പൊന്തന്മാട, വിധേയൻ എന്നീ ചിത്രങ്ങളിലൂടെ രണ്ടാം തവണയും 1999ൽ ഡോ. ബാബാ സാഹെബ് അംബേദ്കറിലൂടെ മൂന്നാം തവണയും മമ്മൂട്ടിയെ തേടി ദേശീയ പുരസ്‌കാരമെത്തി. വടക്കൻ വീരഗാഥയിലെ ചന്തുവെന്ന വേഷത്തിൽ മലയാളികൾക്ക് മറ്റൊരു നടനെ സങ്കൽപ്പിക്കാൻ പോലും സാധിക്കില്ല. ശബ്ദഗാംഭീര്യം കൊണ്ടും ശരീരസൗന്ദര്യം കൊണ്ടും ഈ ചിത്രത്തിൽ മമ്മൂട്ടി ചന്തുവായി നിറഞ്ഞാടുകയായിരുന്നു.

ഇതിന് പുറമ നല്ല നടനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം ഏഴ് പ്രാവശ്യം മമ്മൂട്ടിക്ക് ലഭിച്ചിട്ടുണ്ട്. 1981ൽ അഹിംസ എന്ന ചിത്രത്തിലൂടെ രണ്ടാമത്തെ മികച്ച നടനുള്ള പുരസ്‌കാരവും ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. അടിയൊഴുക്കുകൾ(1984), യാത്ര(1985), നിറക്കൂട്ട്(1985), ഒരു വടക്കൻ വീരഗാഥ(1989), മൃഗയ(1989), മഹായാനം(1989), വിധേയൻ(1993), പൊന്തമാട(1993), വാത്സല്യം(1993), കാഴ്ച(2004), പാലേരി മാണിക്യം(2009) എന്നീ ചിത്രങ്ങളിലാണ് അദ്ദേഹത്തിന് സംസ്ഥാന ചലച്ചിത്ര അവാർഡ് കരഗതമായിട്ടുള്ളത്.

അന്താരാഷ്ട്ര ശ്രദ്ധ നേടിയ ജബ്ബാർ പട്ടേലിന്റെ ഡോ. ബാബാ സാഹെബ് അംബേദ്കർ എന്ന ചിത്രത്തിൽ വേഷമിടാൻ ആദ്യം മമ്മൂട്ടി തയ്യാറായില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ ജീവചരിത്ര സിനിമ ചെയ്യാൻ മാത്രം സമയം തനിക്കില്ലെന്നായിരുന്നുവത്രെ മമ്മൂട്ടി പറഞ്ഞിരുന്നത്. ഈ വേഷത്തിന് വേണ്ടി തന്റെ മനോഹരമായ മീശ വടിച്ച് കളയുന്നതിലും മമ്മൂട്ടി അസ്വസ്ഥനായിരുന്നുവെന്ന് ജബ്ബാർ പട്ടേൽ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്.

സിനിമയിൽ വന്നതു മുതൽ മറ്റൊരു നവാഗത പ്രതിഭയും കാഴ്ച വച്ചിട്ടില്ലാത്ത കരിയർഗ്രാഫ് ഉയർച്ചയാണ് മമ്മൂട്ടി പ്രകടിപ്പിച്ചത്. അതായത് ചലച്ചിത്ര രംഗത്ത് ഹരിശ്രീ കുറിച്ച് വെറും നാല് വർഷത്തിനുള്ളിൽ മമ്മൂട്ടി 120ൽ പരം സിനിമകളിൽ വേഷമിട്ടിരുന്നു. 1983നും 1986നും ഇടയിലായിരുന്നു ഈ പ്രകടനം. 1983,1984,1985 എന്നീ വർഷങ്ങളിൽ അദ്ദേഹം 34 ചിത്രങ്ങളിൽ വീതം വേഷമിട്ടിരുന്നു. 1986ൽ മമ്മൂട്ടിയെ കാത്തിരുന്നത് 35 വ്യത്യസ്തമായ ചിത്രങ്ങളായിരുന്നു.

അഭിനയത്തിന് പുറമെ ചലച്ചിത്ര സംബന്ധിയായ മറ്റ് മേഖലകളിലും കൈ വയ്ക്കാൻ മമ്മൂട്ടി തയ്യാറായിട്ടുണ്ട്. 2000ത്തിൽ ഒരു ടിവി പ്രൊഡ്യൂസറാകാൻ ഇദ്ദേഹം മുന്നിട്ടിറങ്ങി. ദൂരദർശനിൽ സംപ്രേഷണം ചെയ്ത ജ്വാലയായ് എന്ന സീരിയലായിരുന്നു ആദ്യ സംരംഭം. രണ്ടു വർഷത്തോളം പ്രക്ഷേപണം ചെയ്ത ജനപ്രിയ പരമ്പരയായിരുന്നു ഇത്. മെഗാബൈറ്റ്‌സ് എന്ന ബാനറിലാണ് ഇദ്ദേഹം പരമ്പരകൾ നിർമ്മിച്ചത്. തുടർന്ന് മമ്മൂട്ടി ടെക്‌നോടെയ്ന്മെന്റ് എന്ന വിതരണക്കമ്പനിയും അദ്ദേഹം ആരംഭിച്ചു. ഇടതുപക്ഷ സഹയാത്രികൻ കൂടിയാണ് മമ്മൂട്ടി. കൈരളി ടിവി, കൈരളി വി, പീപ്പിൾ ടിവി എന്നീ ചാനലുകൾ നടത്തുന്ന മലയാളം കമ്മ്യൂണിക്കേഷൻസിന്റെ ചെയർമാൻ സ്ഥാനം വഹിക്കുന്നതും മമ്മൂട്ടിയാണ്. മലയാളസിനിമയിലെ സിനിമാ വിതരണ കമ്പനിയായി പ്ലേഹൗസിന്റെ ഉടമയും മമ്മൂട്ടിയാണ്. ചട്ടമ്പിനാട്, ഋതു, ത്രീ കിങ്‌സ്, ലിവിങ് ടുഗെദർ, നീലത്താമര, പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ്, ദി കിങ് ആൻഡ് കമ്മീഷണർ, കോബ്ര തുടങ്ങി നിരവധി ചിത്രങ്ങൾ വിതരണം ചെയ്തത് പ്ലേഹൗസാണ്.

നടവൈഭവത്തിന് പുറമെ അക്ഷരപുണ്യവും തനിക്കുണ്ടെന്ന് തന്റെ എഴുത്തുകളിലൂടെ മമ്മൂട്ടി തെളിയിട്ടുണ്ട്. വർഷങ്ങളിലൂടെയുള്ള തന്റെ വ്യത്യസ്തമാർ അനുഭവങ്ങൾ അദ്ദേഹം കടലാസിൽ പകർത്തി വച്ചിട്ടുണ്ട്. അത് പിന്നീട് ഒരു സമാഹാരമായി പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. കാഴ്ചപ്പാട് എന്നാണാ പുസ്തകത്തിന്റെ പേര്. ഒരു പ്രമുഖ മലയാള പത്രത്തിന്റെ കോളത്തിൽ എഴുതിയ വ്യത്യസ്തമായ ലേഖനങ്ങളുടെ സമാഹാരമായിരുന്നു ഇത്. വിവിധ കാര്യങ്ങളോടുള്ള തന്റെ കാഴ്ചപ്പാടുകളാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നാണ് മമ്മൂട്ടി വെളിപ്പെടുത്തിയിട്ടുള്ളത്.

ഒരേ നടൻ ഒരേ സിനിമയിൽ ഇരട്ട വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് പ്രേക്ഷകർക്ക് എന്നും അത്ഭുതമേകുന്ന സംഗതിയാണ്. ഏറ്റവും കൂടുതൽ ഇരട്ടവേഷങ്ങളിൽ അഭിനയിച്ച റെക്കോർഡ് നിത്യഹരിത നായകൻ പ്രേംനസീറിനുള്ളതാണ്. അതായത് 39 ചിത്രങ്ങളിലാണ് നസീർ ഡബിൾ റോളിൽ അഭിനയിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ രണ്ടാം സ്ഥാനം മമ്മൂട്ടിക്കാണെന്ന് നിസംശയം പറയാം. 15ൽ അധികം ചിത്രങ്ങളിലാണ് മമ്മൂട്ടി ഡബിൾ റോളിൽ തിളങ്ങിയത്. പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥയിൽ മമ്മൂട്ടി മൂന്ന് വേഷങ്ങളാണ് കൈകാര്യം ചെയ്തിരിക്കുന്നത്.

കലയ്ക്ക് പുറമെ കായിക രംഗത്തും തന്റെ പ്രതിഭ തെളിയിച്ചിട്ടുള്ള ആളാണ് മമ്മൂട്ടിയെന്നത് പലർക്കും അറിയാത്ത കാര്യമാണ്. അതായത് അദ്ദേഹം ഒരു പ്രഫഷണൽ വോളിബോൾ കളിക്കാരൻ കൂടിയാണെന്ന് അദ്ദേഹത്തിന്റെ ആരാധകരെ പോലും അതിശയിപ്പിക്കും. യുവാവായിരിക്കുമ്പോൾ നിരവധി മത്സരങ്ങളിൽ താരമാവുകയും ചെയ്തിരുന്നു. ഇന്നത്തെ യുവാക്കൾ സ്‌പോർട്‌സിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്യുന്നുമുണ്ട്. അതിനായുള്ള പ്രവർത്തനങ്ങളെ അദ്ദേഹം പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. വോളിബോൾ ശരീരം ഫിറ്റാക്കുന്ന കാര്യത്തിൽ സഹായിച്ചിരുന്നെന്നും മമ്മൂട്ടി പറയാറഉണ്ട്. കേരള വോളീബോൾ ലീഗിന്റെ ബ്രാൻഡ് അംബാസിഡറാണ് മമ്മൂട്ടി. കഴിവുറ്റ യുവ വോളിബോൾ പ്ലേയേർസിനെ പ്രോത്സാഹിപ്പിക്കാൻ കേരള വോളിബോൾ ലീഗ് മുൻകൈയെടുത്ത് വരുന്നു.

മനസിലുള്ളത് മുഖം നോക്കാതെ വെട്ടിത്തുറന്ന് പറയുന്ന സ്വഭാവക്കാരനായതിനാൽ മമ്മൂട്ടി അഹങ്കാരിയാണെന്ന് പലരും വിശേഷിപ്പിക്കാറുണ്ട്. മുരുടൻ സ്വഭാവക്കാരനാണ് അദ്ദേഹമെന്ന് സിനിമാ രംഗത്തുള്ളവരും പറയുമ്പോൾ തന്നെ ഇക്കാര്യത്തിൽ അടുപ്പക്കാർ മറ്റൊരു പക്ഷക്കാരാണ്. ശുദ്ധമായ മനസായിതിനാലാണ് ഇതെന്ന് അദ്ദേഹത്തിന്റെ ആരാധകർ വാദിക്കുന്നു. എന്തു തന്നെയായാലും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എന്നും തന്നാലാകുന്ന വിധം സംഭാവനകൾ നൽകുന്നതിൽ മമ്മൂട്ടി മുൻപന്തിയിലുള്ളതായി കാണാം. നിരവധി ചാരിറ്റബിൾ പ്രൊജക്ടുകളുടെ ഗുഡ്‌വിൽ അംബാസിഡറാണ് അദ്ദേഹം.

സ്ട്രീറ്റ് ഇന്ത്യ മൂവ്‌മെന്റ് അത്തരത്തിലുള്ള ഒന്നാണ്. തെരുവിൽ കഷ്ടപ്പെടുന്ന കുട്ടികൾക്ക് മികച്ച ജീവിത സാഹചര്യ മൊരുക്കി കൊടുക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ രക്ഷാധികാരിയാണ് മമ്മൂട്ടി. കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. ക്യാൻസർ രോഗികൾക്ക് മികച്ച പരിചരണമേകുന്നതിലാണിത് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സിനിമാ രംഗത്തുള്ളവരെ സഹായിക്കാൻ എപ്പോഴും മുന്നിൽ നിൽക്കുന്ന ആളുകൂടിയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട മെഗാ സ്റ്റാർ. അമ്മയുടെ ജനറൽ സെക്രട്ടറി കൂടിയാണ് അദ്ദേഹം ഇപ്പോൾ. അമ്മയിലെ അംഗങ്ങൾക്ക് കൂടുതൽ അവസരം ലഭിക്കാൻ വേണ്ടി സീരിയൽ നിർമ്മിക്കണം എന്ന തീരുമാനം കൈക്കൊണ്ടതും മമ്മൂട്ടിയുടെ പ്രത്യേക താൽപ്പര്യത്തിലായിരുന്നു.

മറ്റ് പല താരങ്ങളും സിനിമയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുമ്പോൾ കുടുംബത്തെ ഒപ്പം ചേർത്തുകൊണ്ടാണ് മലയാളത്തിന്റെ മെഗാ സ്റ്റാറിന്റെ യാത്ര. 1979 ന് വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ചതുപ്രകാരമുള്ള ഒരു അറേഞ്ച് മാരേജായിരുന്നു മമ്മൂട്ടിയുടേത്. സുൽഫത്തെന്ന പെൺകുട്ടിയായിരുന്നു അന്ന് അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്. വിവാഹ ശേഷമാണ് മമ്മൂട്ടിക്ക് സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചത്. ഇതോെടെ മലയാള സിനിമയിൽ അദ്ദേഹം പെട്ടന്ന് തന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.

സുൽഫത്ത് തന്റെ ഏറ്റവും അടുത്ത സുഹൃത്ത് എന്നതിലുപരി തനിക്കുള്ള ഒരേയൊരു പെൺസുഹൃത്താണെന്നാണ് മമ്മൂട്ടി പറയാറുള്ളത്. കുടുംബത്തിലേക്ക് കടക്കുമ്പോൾ ഒരു 'പെർഫക്ട് ഫാമിലി മാനാ'ണ് മമ്മൂട്ടി. കുടുംബത്തിലെ മൂത്ത കുട്ടിയാണ് തനിക്ക് മമ്മൂട്ടിയെന്നാണ് സുൽഫത്ത് പറയാറുള്ളത്. പാതിവഴിയിൽ മുറിയുന്ന ദാമ്പത്യങ്ങൾ തുടർക്കഥയായ വേളയിൽ ഇന്നും മലയാള സിനിമയ്ക്കകത്തെ മാതൃകാ ദമ്പതികളാണ് മമ്മൂട്ടിയും സൽഫത്തും.

അച്ഛന്റെ പാതയിൽ തന്നെ മകനും മലയാള സിനിമയിൽ ഇപ്പോൾ ഉയരം കീഴടക്കാൻ ഒരുങ്ങുകയാണ്. ദുൽഖർ സൽമാനും മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ഒ കെ കൺമണി എന്ന മണിരത്‌നം ചിത്രത്തിലൂടെ ദുൽഖർ കൂടുതൽ ഉയരങ്ങളിലേക്ക് പറക്കാൻ ഒരുങ്ങുകയുമാണ്. ഡോക്ടറായ സുറുമിയാണ് ദുൽഖർ സൽമാന്റെ സഹോദരൻ. ഡോ. മുഹമ്മജ് റഹാൻ സയ്ദാണ് സുറുമിയെ വിവാഹം ചെയ്തത്. ഇരുവരും ഇപ്പോൾ കുടുംബത്തോടൊപ്പം ബാംഗ്ലൂരിൽ സെറ്റിൽഡ് ആണ്.