ന്റെ ആദ്യത്തെ ഔദ്യോഗിക യുകെ സന്ദർശനത്തിനായി സ്‌പെയിനിലെ ലെറ്റിസിയ റാണി ഇന്നലെ വൈകുന്നേരം ലണ്ടനിലെത്തി. ഭർത്താവായ ഫെലിപ്പ് രാജാവും ഒപ്പമുണ്ടായിരുന്നു. കടുത്ത സമ്മർ ചൂടിലായിരുന്നു ഇവർ സ്‌പെയിനിൽ നിന്നും വിമാനം കയറിയിരുന്നതെങ്കിലും ബ്രിട്ടനിലിറങ്ങി പരമ്പരാഗത ഇംഗ്ലീഷ് സ്വീകരണം ഏറ്റുവാങ്ങുമ്പോൾ കനത്ത മഴയും രാജകീയ ദമ്പതികളെ സ്വീകരിക്കാനെത്തിയിരുന്നു. വെള്ളയുടുപ്പ് ധരിച്ച് ശരീര സൗന്ദര്യം ഉറപ്പിച്ച് ഏവരെയും ആകർഷിച്ചാണ് ലെറ്റിസിയ റാണി ലണ്ടനിൽ വിമാനം ഇറങ്ങിയിരിക്കുന്നത്. എന്നും രാജപാരമ്പര്യത്തെ ഇഷ്ടപ്പെടുന്ന ബ്രിട്ടീഷുകാർ സുന്ദരിയായ സ്പാനിഷ് രാജ്ഞിയുടെ പിന്നാലെയാണിപ്പോൾ..!! ബ്രിട്ടനിലെ പത്രങ്ങൾ അതീവ പ്രാധാന്യത്തോടെയാണ് രാജ്ഞിയുടെ സന്ദർശനത്തിന്റെ വാർത്തകൾ കൊടുത്തിരിക്കുന്നത്.

ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ട് പോകുന്ന സാഹചര്യത്തിൽ സ്‌പെയിനുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതിൽ ഈ സന്ദർശനം നിർണായകമായ പങ്ക് വഹിക്കും. ഇതിന് മുമ്പ് ഫെലിപ്പിന്റെ അച്ഛനായ ജുവാൻ കാർലോസ് ആയിരുന്നു ഏറ്റവും ഒടുവിൽ അതായത് 31 വർഷങ്ങൾക്ക് മുമ്പ് യുകെയിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തിയിരുന്നു സ്പാനിഷ് രാജാവ്. ഫെലിപ്പിന്റെയും ലെറ്റിസിയയുടെയും യുകെ സന്ദർശനം ഇതിന് മുമ്പ് രണ്ട് തവണ മാറ്റി വച്ചിരുന്നു. 2016 മാർച്ചിൽ സ്‌പെയിനിൽ രാഷ്ട്രീയ പ്രതിസന്ധിയുണ്ടായതിനെ തുടർന്നായിരുന്നു ഇതിലൊന്ന്. തുടർന്ന് യുകെയിൽ ജൂണിൽ പെട്ടെന്ന് പൊതു തെരഞ്ഞെടുപ്പ് നടന്നതിനെ തുടർന്നായിരുന്നു രണ്ടാം വട്ടം ഇവരുടെ സന്ദർശനം മാറ്റി വച്ചിരുന്നത്.

തിരക്കേറിയ പരിപാടികൾ നിറഞ്ഞതാണ് രാജകീയ ദമ്പതികളുടെ ഈ സന്ദർശനം. ഇതിന്റെ ഭാഗമായി ഇന്ന് ബക്കിങ്ഹാം പാലസിൽ ഇരുവരും പ്രൈവറ്റ് ലഞ്ചിൽ പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷമുള്ള ചായകുടി ക്ലാറൻസ് ഹൗസിലും സ്റ്റേറ്റ് ബാൻക്വറ്റ് ബക്കിങ്ഹാം പാലസിലുമായിരിക്കും. ഇതിൽ ബ്രിട്ടീഷ് രാജകുടുംബത്തിലെ പ്രമുഖർ പങ്കെടുക്കുന്നതാണ്. മാൻഷൻ ഹൗസിൽ വച്ച് നടക്കുന്ന യുകെസ്‌പെയിൻ ബിസിനസ് ഫോറത്തിൽ ഫെലിപ്‌സ് പങ്കെടുക്കുന്നതാണ്. രാജകീയ ദമ്പതികൾ ഹാരി രാജകുമാരനൊപ്പം വെസ്റ്റ് മിൻസ്റ്റർ ആബി സന്ദർശിക്കും.

അവർ നമ്പർ 10ൽ പോയി പ്രധാനമന്ത്രി തെരേസ മേയെയും കാണുന്നതാണ്. ഇത്തരത്തിൽ ഇതാദ്യമായിട്ടായിരിക്കും ഹാരി രാജകുമാരൻ സ്റ്റേറ്റ് വിസിറ്റിൽ ആതിഥേയ ഭാഗത്ത് നിന്ന് പങ്കെടുക്കുന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്. യുകെയും സ്‌പെയിനും തമ്മിൽ നിലവിലുള്ള പ്രശ്‌നമായ ജിബ്രാൾട്ടർ പ്രശ്‌നത്തെക്കുറിച്ച് ഫെലിപ്‌സ് തന്റെ സന്ദർശനത്തിനിടെ യുകെ അധികൃതരുമായി ചർച്ച ചെയ്യുമെന്നും സൂചനയുണ്ട്. വെസ്റ്റ് മിൻസ്റ്ററിലെ റോയൽ ഗ്യാലറിയിൽ വച്ച് ഫെലിപ്‌സ് പാർലിമെന്റേറിയന്മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന ചടങ്ങും ഇന്നുണ്ട്. നാളെയായിരിക്കും തെരേസയുമായി ചർച്ചകൾക്കായി കൂടിക്കാഴ്ച നടത്തുന്നത്. 14ാം തിയതിയാണ് ഇരുവരും മടങ്ങിപ്പോകുന്നത്. അവർ ബക്കിങ്ഹാം പാലസിലായിരിക്കും അതു വരെ താമസിക്കുകയെന്നും റിപ്പോർട്ടുണ്ട്.