- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഹെർമ്മൻ ഗുണ്ടർട്ടിനെ ജർമ്മൻ ഗുണ്ടർട്ടെന്ന് പറഞ്ഞ് നാലഞ്ചു തവണ പരിഹാസ്യയായി ശോഭ: വോളീബോൾ താരത്തെ ഫുട്ബോൾ ഇതിഹാസമെന്ന് വിശേഷിപ്പിച്ച് നാണം കെട്ട് പി എം വേലായുധൻ: യാത്രയിൽ നിന്നിറക്കി വിട്ടപ്പോൾ കരഞ്ഞുകൊണ്ട് ഇരുവരും മടങ്ങി'; ശോഭാ സുരേന്ദ്രനും പി എം വേലായുധനുമെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രചരണം
കോഴിക്കോട്: പാർട്ടിയിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും കേന്ദ്ര മന്ത്രി വി മുരളീധരനുമെതിരെ കലാപക്കൊടി ഉയർത്തിയ ശോഭാ സുരേന്ദ്രനെയും പി എം വേലായുധനെയും സമൂഹമാധ്യമങ്ങളിലൂടെ അവഹേളിച്ച് പോസ്റ്റുകൾ പ്രചരിക്കുന്നു. സുരേന്ദ്രൻ വിഭാഗമാണ് ഇതിന് പിന്നിലെന്നാണ് അക്ഷേപം. പാർട്ടി പ്രവർത്തകനായ ഒരാൾ എഴുതിയ കുറിപ്പാണ് ഫേസ് ബുക്കിലും സംഘപരിവാർ വാട്സ് ആപ്പ് ഗ്രൂപ്പുകളിലും പ്രചരിപ്പിക്കുന്നത്.
'കഴിഞ്ഞ ദിവസത്തെ പി എം വേലായുധന്റെ തേങ്ങൽ കണ്ടപ്പോൾ 20 കൊല്ലം മുമ്പുള്ള ഒരു സംഭവമാണ് എനിക്ക് ഓർമ്മ വന്നത്. 2001ൽ സി. കെ പത്മനാഭൻ പാർട്ടി പ്രസിഡന്റ് ആയ സമയത്ത് ബിജെപി നടത്തിയ കേരളാ യാത്രയിൽ താനൂരിൽ വെച്ച് ഗത്യന്തരമില്ലാതെ രണ്ട് പേരെ പറഞ്ഞുവിട്ടു. മറ്റാരെയുമല്ല ഇന്ന് പരസ്യമായി പാർട്ടിക്കെതിരെ രംഗത്ത് വന്ന ശോഭാ സുരേന്ദ്രനെയും പി എം വേലായുധനെയുമായിരുന്നു അന്ന് പി പി മുകുന്ദേട്ടൻ യാത്രയിൽ നിന്നും പാതിവഴി ഇറക്കിവിട്ടത്. മഞ്ചേശ്വരത്ത് നിന്നും ആരംഭിച്ച യാത്രയിൽ പൈലറ്റ് വാഹനത്തിൽ പ്രസംഗിച്ചിരുന്ന ഇരുവരും എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും പരസ്പരം പുകഴ്ത്തി മുന്നേറി കൊണ്ടിരുന്നു. സ്വീകരണവേദിയിൽ ആദ്യം പി. എം. വി ആണ് പ്രസംഗിക്കുന്നതെങ്കിൽ രാഷ്ട്രീയ കേരളത്തിന്റെ ഉണ്ണിയാർച്ച ശോഭാ സുരേന്ദ്രൻ നിങ്ങളോട് സംസാരിക്കുമെന്ന് പറഞ്ഞ് അദ്ദേഹം ശോഭയ്ക്ക് അവസരം നൽകും. ശോഭയാണെങ്കിൽ അഭിനവ മാർജി വേലായുധൻജി നിങ്ങളെ അഭിസംബോധന ചെയ്യും എന്ന് പറയും. മറ്റ് നേതാക്കൾക്കൊന്നും അവസരം നൽകാതെ പരസ്പരം പുറംചൊറിഞ്ഞ് ഇരുവരും മുന്നേറി.
കൂത്തുപറമ്പിൽ ജാഥ എത്തിയപ്പോൾ അവിടത്തെ പ്രമുഖ വോളീബോൾ താരത്തെ ഫുട്ബോൾ ഇതിഹാസമെന്ന് വിളിച്ച് വേലായുധൻജി നാണംകെട്ടു. അന്ന് സോഷ്യൽ മീഡിയ ഉണ്ടായിരുന്നെങ്കിൽ ജയരാജൻ മന്ത്രിയുടെ മുഹമ്മദാലി പ്രയോഗമെല്ലാം ഇതിന്റെ പിറകിൽ നിൽക്കേണ്ടി വരുമായിരുന്നു. താനൂരിലെത്തിയപ്പോഴായിരുന്നു ഉണ്ണിയാർച്ചയുടെ ആനമണ്ടത്തരം. മലയാളത്തിലെ ആദ്യത്തെ നിഘണ്ടുവിന്റെ കർത്താവായ ഹെർമ്മൻ ഗുണ്ടർട്ടിനെ ആർച്ച ജർമ്മൻ ഗുണ്ടർട്ടെന്ന് പറയുന്നു. ഒരു തവണയല്ല നാലഞ്ച് തവണ ഇത് ആവർത്തിക്കുന്നു. മുമ്പത്തെ സ്വീകരണ യോഗത്തിലും ഇതേ പ്രയോഗം രണ്ട് തവണ വരുത്തിയതിനാൽ നാക്കിൽ പിഴയല്ലെന്ന് എല്ലാർക്കും വ്യക്തമായി. സഹികെട്ട പാർട്ടിപ്രവർത്തകരും നേതാക്കളും മുകുന്ദേട്ടനെ വിളിച്ചു. ഇന്നത്തെ പോലെ ഒരു ജനാധിപത്യ മര്യാദയും അദ്ദേഹം കാണിച്ചില്ല. രണ്ടിനെയും യാത്രയിൽ നിന്നും ഇറക്കിവിട്ടു.
അന്നും തേങ്ങി കരഞ്ഞാണ് രണ്ടുപേരും മടങ്ങിയത്. പക്ഷെ സുരേന്ദ്രനെതിരെ പരസ്യമായി പ്രതികരിച്ച പോലെ പി പി മുകുന്ദനെതിരെ മിണ്ടിയില്ല. താടിയുള്ള അപ്പനെ പേടിയുണ്ടല്ലൊ. പിന്നെ പാർട്ടിയിൽ കാണില്ലെന്ന് ഇരുവർക്കും നന്നായറിയാം. ഇരുവരുടേയും വിവരക്കേടോ ബോധമില്ലായ്മയോ അല്ല ഞാൻ ശ്രദ്ധിച്ചത്. സ്വാർത്ഥതയും ഗ്രൂപ്പുകളിയുമാണ്. എത്രയോ കഴിവുള്ള മറ്റ് നേതാക്കന്മാർ ഉണ്ടായിട്ടും അവർക്കാർക്കും മൈക്ക് നൽകാതെ മഞ്ചേശ്വരം മുതൽ പാറശ്ശാല വരെ തങ്ങൾ മാത്രം പ്രസംഗിച്ചു കളയാം എന്ന ഇരുവരുടേയും ദുരാഗ്രഹത്തിന് ഇന്നും ശമനമില്ലെന്ന് സമകാലീന സംഭവ വികാസങ്ങൾ കണ്ടപ്പോൾ എനിക്ക് ബോധ്യമായി'- ഇങ്ങനെയാണ് ഈ കുറിപ്പിൽ പറയുന്നത്.
കീഴില്ലം സ്വദേശിയായ എൻ വാസുദേവൻ നായർ എന്ന പഴയകാല പ്രവർത്തകന്റെ കത്ത് പ്രചരിപ്പിച്ചും പി എം വേലായുധനെ അവഹേളിക്കാൻ സുരേന്ദ്രൻ വിഭാഗം നീക്കം നടത്തുന്നുണ്ട്. പി എം വേലായുധനുള്ള തുറന്ന കത്തെന്ന നിലയിലാണ് പ്രചരണം. ഇതുപോലെ ഒരു തുറന്ന കത്ത് എഴുതേണ്ടിവന്നതിൽ ദുഃഖമുണ്ട്. കഴിഞ്ഞ ദിവസം താങ്കളെ ചാനലുകളിലും പത്രവാർത്തകളിലും കണ്ടപ്പോഴുള്ള മനോവിഷമം മൂലമാണ് ഇത്തരമൊരു ഉദ്യമത്തിന് മുതിർന്നതെന്ന് വാസുദേവൻ നായർ പറയുന്നു.
അടിയന്തിരാവസ്ഥയ്ക്കെതിരെ ആർഎസ്എസ് നടത്തിയ സമരത്തിന്റെ ഭാഗമായി മൂവാറ്റുപുഴയിൽ നമ്മളൊരുമിച്ചായിരുന്നു സമരം നടത്തിയതെന്ന് പി എം വേലായുധനെ വാസുദേവൻ നായർ ഓർമ്മപ്പെടുത്തുന്നു. അന്നത്തെ സമര ബാച്ചിന്റെ ലീഡർ ഞാനായിരുന്നു. പതിനൊന്നും പേരടങ്ങുന്ന നമ്മുടെ സംഘം മൂവാറ്റുപുഴ കച്ചേരിത്താഴത്ത് വെച്ച് അറസ്റ്റുവരിച്ചു. പൊലീസ് സ്റ്റേഷനിൽ സാമാന്യം ഭേദപ്പെട്ട സ്വീകരണമാണ് ലഭിച്ചത്. പൊലീസിന് ലഭിച്ച അമിത സ്വാതന്ത്ര്യം നമ്മുടെ ദേഹത്തായിരുന്നു അവർ ആഘോഷിച്ചത്. തുടർന്ന് മൂവ്വാറ്റുപുഴ സബ് ജയിലിലും വിയ്യൂർ സെൻട്രൽ ജയിലിലും നാമൊരുമിച്ചായിരുന്നു.
അടിയന്തരാവസ്ഥ കാലത്ത് ജയിൽവാസം അനുഷ്ഠിച്ച താങ്കൾ പിന്നീട് രാഷ്ട്രീയത്തിൽ സജീവമായി. എല്ലാ തിരഞ്ഞെടുപ്പുകളിലും ഏതെങ്കിലും ഒരുനിയോജക മണ്ഡലത്തിൽ താങ്കൾ സ്ഥാനാർത്ഥിയായിരുന്നു. മറ്റു പ്രധാന രാഷ്ട്രീയ പാർട്ടികൾ ഹരിജൻ സംവരണ മണ്ഡലങ്ങളിൽ മാത്രം ഹരിജനങ്ങളെ സ്ഥാനാർത്ഥികളാക്കുമ്പോൾ താങ്കൾ മത്സരിച്ച ഭൂരിഭാഗം സീറ്റുകളും ജനറൽ മണ്ഡലങ്ങളായിരുന്നു. എന്നിട്ടും ഇപ്പോൾ താങ്കൾ പദവി കിട്ടിയില്ല എന്ന കാരണം പറഞ്ഞ് വികാരാധീനനാകുന്നത് കണ്ടപ്പോൾ ശരിക്കും ലജ്ജ തോന്നി. അന്ന് സമരത്തിൽ പങ്കെടുത്തവരിൽ പലരും ഗുരുതരമായ രോഗങ്ങൾ ബാധിച്ചാണ് മരിച്ചത്. പൊലീസ് മർദ്ദനവും അതിന് കാരണമായി. അവരൊന്നും തങ്ങളുടെ യാതനകളുടെ കണക്കു പറഞ്ഞ് രാഷ്ട്രീയ നേതൃത്വത്തോട് കലഹിക്കാൻ പോയിട്ടില്ല. തന്നെപ്പോലെ അവരും സ്വയം സേവക സംഘത്തിന്റെ എളിയ പ്രവർത്തകരായി ജീവിതം നയിക്കുകയായിരുന്നു. എന്നാൽ നിങ്ങൾക്ക് അർഹിക്കുന്നതിലും അധികം പരിഗണനകളും പദവികളും കിട്ടിയിട്ടുണ്ട്. എന്നിട്ടും താങ്കൾ പദവി കിട്ടിയില്ല എന്ന കാരണം പറഞ്ഞ് വികാരാധീനനാകുന്നത് കണ്ടപ്പോൾ ശരിക്കും ലജ്ജ തോന്നി. നമ്മൾ കണ്ടുമുട്ടിയ ആർഎസ്എസ് സംഘസ്ഥാനിന്റെ പവിത്രതക്കേറ്റ കളങ്കമായി എനിക്ക് തോന്നി എന്നത് എന്റെ കുറ്റമായി തോന്നുന്നുവെങ്കിൽ എന്നോട് ക്ഷമിക്കണമെന്നും എൻ വാസുദേവൻ അഭ്യർത്ഥിക്കുന്നു. പാർട്ടിയ പൊതുജന മധ്യത്തിൽ അപമാനിക്കുകയാണ് പി എം വേലായുധൻ എന്ന തരത്തിലാണ് എൻ വാസുദേവൻ എന്ന പ്രവർത്തകന്റെ പേരിലുള്ള കത്ത് പ്രചരിപ്പിക്കുന്നത്.