- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഞങ്ങൾ വിമതരല്ല.. പരിഷ്കരണവാദികളാണ്; ഞങ്ങൾ കുടിയാന്മാരല്ല..പാർട്ടിയുടെ സഹഉടമസ്ഥരാണ്; കോൺഗ്രസ് പിളരുമെന്ന് പറയുന്നവർ ഈ പാർട്ടിയെ വളർത്തിയതിൽ പങ്കില്ലാത്തവരാണ്; സോണിയ ഗാന്ധിക്ക് കത്തെഴുതിയവരുടെ ലക്ഷ്യം രാഹുൽ വീണ്ടും അദ്ധ്യക്ഷനാകുന്നത് തടയുകയല്ലായിരുന്നു; സിഡബ്ല്യുസിക്ക് മുമ്പ് ചിലർ കുപ്രചാരണം നടത്തിയെന്നും ആനന്ദ് ശർമ; കോൺഗ്രസിൽ കത്ത് വിവാദം അവസാനിക്കുന്നില്ല
ന്യൂഡൽഹി: കോൺഗ്രസിൽ കൂട്ടായ നേതൃത്വം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് 23 നേതാക്കൾ കത്തെഴുതിയ വിവാദം അവസാനിച്ചുവെന്ന് കരുതിയെങ്കിൽ തെറ്റി. കത്തിൽ ഒപ്പുവച്ച നേതാക്കളിൽ ഒരാളായ ആനന്ദ് ശർമ 'ദി ഹിന്ദു'വിന് നൽകിയ അഭിമുഖം വിഷയത്തെ വീണ്ടും ചൂടാക്കി. കത്തഴുതിയ നേതാക്കൾ പരിഷ്കരണവാദികളാണെന്ന് അദ്ദേഹം അവകാശപ്പെടുന്നു. രാജ്യസഭയിലെ ഉപനേതാവാണ് ആനന്ദ് ശർമ. തങ്ങൾ കുടിയാന്മാരല്ലെന്നും പാർട്ടിയുടെ സഹഉടമകളാണെന്നും അദ്ദേഹം പറഞ്ഞു.
അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ
കത്ത് രാഹുൽ ഗാന്ധിക്ക് എതിരായെന്ന് വിവാദം
രാഹുൽ വീണ്ടും പാർട്ടി അദ്ധ്യക്ഷനാകുന്നത് തടയാനായിരുന്നില്ല കത്ത്. ഇത് തീർത്തും അസംബന്ധമാണ്. ഈ ആരോപണം പാടേ തള്ളിക്കളയുന്നു. ഞങ്ങളാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തതും അദ്ധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ടതും. രാഹുൽ രാജി വയ്ക്കുകയും, ഗാന്ധി കുടുംബത്തിൽ നിന്ന് ആരും അദ്ധ്യക്ഷനാകേണ്ടതില്ലെന്ന് വരെ അദ്ദേഹം പറയുകയും ചെയ്തു. മൂന്നുമാസത്തോളം നാഥനില്ലാത്ത അവസ്ഥ തുടർന്നപ്പോഴാണ് സോണിയ ജിയോട് അദ്ധ്യക്ഷസ്ഥാനമേറ്റെടുക്കാൻ ആവശ്യപ്പെട്ടത്. ഇപ്പോൾ എന്തുകൊണ്ടാണ് ഇങ്ങനെ ഒരുസാഹചര്യം? കാരണം ഇടക്കാല അദ്ധ്യക്ഷയായുള്ള സോണിയയുടെ കാലാവധി ഓഗസ്റ്റ് 10 ന് അവസാനിക്കുകയായിരുന്നു. രാഹുലാകട്ടെ സൂചനയൊന്നും നൽകിയതുമില്ല.
അദ്ധ്യക്ഷ പദവിയിലേക്ക് തിരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നുണ്ടോ?
അങ്ങനെ ഒരു തിരഞ്ഞെടുപ്പ് ഉണ്ടായില്ലെങ്കിൽ കോൺഗ്രസ് ദുർബലമാകും ആരെങ്കിലും നിങ്ങൾക്കെതിരെ മത്സരിച്ചാൽ അവരെ ശത്രുക്കളായി കാണേണ്ടതില്ല. ഇത് ജനാധിപത്യമാണ്. കോൺഗ്രസ് എല്ലാക്കാലത്തും കാത്തുസൂക്ഷിച്ചിട്ടുള്ളതും ജനാധിപത്യമാണ്. അംഗത്വ പ്രചാരണം ഇതിന് മുമ്പ് നടന്നത് 2015 ലാണ്. അടിയന്തരമായി ദേശീയതലത്തിൽ അംഗത്വ പ്രചാരണം ആരംഭിക്കണം. അതിനെ അടിസ്ഥാനമാക്കി ബ്ലോക്ക്, ജില്ല, സംസ്ഥാന ഭാരവാഹികളെയും പുതിയ എഐസിസി അംഗങ്ങളെയും തിരഞ്ഞെടുക്കണം. ഈ എഐസിസി പ്രതിന്ധികളാവണം അദ്ധ്യക്ഷനെ തിരഞ്ഞെടുക്കേണ്ടത്. ഇത് എന്റെ നിരീക്ഷണങ്ങളാണ്. പ്രവർത്തക സമിതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്.
കോൺഗ്രസ് പിളരുമെന്ന ആശങ്ക
ആര് ആരെയാണ് പിളർത്തുക? എനിക്ക് മനസ്സിലാകുന്നില്ല. ഈ പാർട്ടിയെ വളർത്തുന്നതിൽ പങ്കാളിത്തമില്ലാത്തവർ അങ്ങനെ പറയും. കാരണം അവർക്ക് കോൺഗ്രസ് സംസ്കാരം അറിയില്ല. ഇന്ദിരാ ഗാന്ധിയുടേയും സഞ്ജയ് ഗാന്ധിയുടേും നേതൃത്വത്തിലാണ് ഞങ്ങൾ ഈ പാർട്ടി കെട്ടിപ്പടുത്തത്. ഈ പാർട്ടിയുടെ ഭാഗമാണ് ഞങ്ങളും. ഞങ്ങൾ കുടിയാന്മാരോ പിന്നീട് പാർട്ടിയിലേക്ക് വന്നുചേർന്നവരോ അല്ല. ഞങ്ങൾ കോൺഗ്രസുകാരാണെന്നും ആനന്ദ് ശർമ പറഞ്ഞു.
കത്ത് വിവാദം വീണ്ടും കുത്തി പൊക്കുന്നത് വിമത പ്രവർത്തനം ആകില്ലേ?
ഇല്ല, ഇതൊരു ജനാധിപത്യ പാർട്ടിയാണ്. ഞങ്ങൾ കത്ത് പരസ്യമാക്കിയിട്ടില്ല. പക്ഷെ ഇതേക്കുറിച്ച് സംസാരിക്കാൻ ഒരു ജനാധിപത്യ പാർട്ടി എന്ന നിലയിൽ കോൺഗ്രസിൽ ഇടമുണ്ട്. അതിൽ തെറ്റില്ലെന്നും ആനന്ദ ശർമ വ്യക്തമാക്കി
കത്തിന്റെ ടൈമിങ് തെറ്റിയോ?
.കത്ത് തെറ്റിദ്ധരിക്കപ്പെട്ടത് നിർഭാഗ്യകരമാണ്. പ്രവർത്തക സമിതി യോഗത്തിന് മുൻപ് ചിലർ കത്ത് മുൻനിർത്തി അനാവശ്യ പ്രചാരണം നടത്തുകയായിരുന്നു. ഇന്ദിര ഗാന്ധിയെ വഞ്ചിച്ചവരിൽ ചിലരാണ് തങ്ങളെ ഉപദേശിക്കുന്നതെന്നും ആനന്ദ് ശർമ അഭിമുഖത്തിൽ വിശദമാക്കി. ിന്നിപ്പിക്കലാണ് ബിജെപിയുടെ രാഷ്ട്രീയ അജണ്ട. ഭയത്തിന്റെതായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. ജനങ്ങൾ നിസഹായരാണ്. ഈ സാഹചര്യത്തിൽ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കേണ്ടത് അത്യാവശ്യമാണ്. പ്രശ്നങ്ങൾ തുറന്ന് സംസാരിച്ച് പരിഹരിക്കണമെന്ന നല്ല ലക്ഷ്യമേ കത്തെഴുതിയവർക്കുള്ളൂ.
പാർലമെന്റ് സമ്മേളനത്തിൽ റോളുകളിൽ മാറ്റമുണ്ടാകുമോ?
ഗുലാംനബി ആസാദ് രാജ്യസഭയിലെ പ്രതിപക്ഷ നേതാവും ആനന്ദ ശർമ ഉപനേതാവുമാണ്. കത്ത് വിവാദം പാർലമെന്റിലെ റോളുകളിൽ ഒരുമാറ്റവും ഉണ്ടാക്കില്ലെന്നാണ് ആനന്ദ ശർമയുടെ വിശ്വാസം. പരിഷ്കരണവാദികൾ എന്ന നിലയിൽ ഏതാനും നിർദ്ദേശങ്ങൾ നൽകുക മാത്രമാണ് തങ്ങൾ ചെയ്തത്. അതിൽ ചിലതെങ്കിലും അംഗീകരിക്കപ്പെട്ടാൽ സന്തോഷം. ആർക്കെങ്കിലും വിരോധം തോന്നിയിട്ടുണ്ടെങ്കിൽ അതിനെ നേരിടാനുള്ള പക്വതയും വിശാലമനസ്കതയും ഉണ്ട്. കഴിഞ്ഞ ആറ് വർഷം സർക്കാരിന്റെ തെറ്റായ നയങ്ങളെ ചോദ്യംചെയ്യുന്ന പ്രവർത്തനത്തിൽ ഞങ്ങൾ ഫലപ്രദമായിരുന്നു. കോൺഗ്രസ് പാർലമെന്ററി പാർട്ടി ഒറ്റക്കെട്ടാണ്. ഞങ്ങൾകൂട്ടായി പ്രവർത്തിക്കും, ആനന്ദ് ശർമ റഞ്ഞു.