തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ കക്ഷത്തിലേക്ക് ക്യാമറ സൂം ചെയ്ത് അദ്ദേഹം കൈയിൽ ഏലസു കെട്ടിയെന്ന പറഞ്ഞ ഏഷ്യാനെറ്റ് ന്യൂസിലെ ചിത്രം വിചിത്രം പരിപാടിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ ഒരു വിഭാഗം സിപിഐ(എം) പ്രവർത്തകർ ശരിക്കും ഉറഞ്ഞു തുള്ളകായിരുന്നു. ഏലസല്ല, അത് പ്രേമേഹം അളക്കാനുള്ള ഉപകരണമാണെന്ന് വ്യക്തമായപ്പോൾ നിർവ്യാജം ക്ഷമ ചോദിക്കുകയും ചെയ്തു പരിപാടിയുടെ അണിയറ ശിൽപ്പികൾ. എന്നാൽ, അതുകൊണ്ടൊന്നും ഒരു വിഭാഗം പ്രേക്ഷകരുടെ കലയടങ്ങുന്നില്ല. സോഷ്യൽ മീഡിയയിലൂടെയും പരിപാടിയുടെ അവതാരകന്റെ ഫേസ്‌ബുക്ക് പേജിലും കയറി തെറി വിളിച്ചിട്ടും മതിവരാതെ ചാനലിലേക്ക് കത്തെഴുതി പ്രതിഷേധം അറിയിച്ചിരിക്കയാണ് ഒരു പ്രേക്ഷകൻ.

പണ്ട് കാലത്ത് ദൂരദർശനിലും മറ്റു ചാനലുകളിലും കത്തെഴുതിയാണ് പ്രേക്ഷകർ പ്രതികരിച്ചിരുന്നത്. ഇമെയ്‌ലും ഫേസ്‌ബുക്കുമൊക്കെ വന്നതോടെ ആ ശൈലി ഏതാണ്ട് അവസാനിച്ചത്. എന്നാൽ, ചിത്രം വിചിത്രത്തിന്റെ അണിയറ ശിൽപ്പിക്കളെ തെറിവിളിക്കാൻ മാത്രം കത്തെഴുതിയ ആ പ്രേക്ഷകന്റെ കാര്യം വെളിപ്പെടുത്തിയത് പരിപാടിയുടെ അവതാരകൻ ലല്ലു ശശിധരൻ പിള്ള തന്നെയാണ്. സൈബർലോകത്തു തെറിവിളി ലഭിച്ച കാര്യം ലല്ലു തന്നെ പലപ്പോഴായി ഫേസ്‌ബുക്കിലൂടെ വെളിപ്പെടുത്തിയിരുന്നു. പണം മുടക്കി സ്റ്റാമ്പ് വാങ്ങി കത്തെഴുതി അയച്ച പ്രേക്ഷകന്റെ നടപടിയിലെ കൗതുകം കൂടിയാണ് ലല്ലു ഫേസ്‌ബുക്കിലൂടെ പങ്കുവച്ചത്.

കത്തിന്റെ ചിത്രം സഹിതം ചിത്രം വിചിത്രം അവതാരകൻ ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങെയാണ്: മൊബൈൽ ഫോണിന്റേയും വാട്‌സ് ആപ്പ്, ഫേസ് ബുക്ക് ഇത്യാദികളുടേയും കാലത്ത് .. സ്റ്റാമ്പ് വാങ്ങി ഒട്ടിച്ച്.. സ്വന്തം കൈപ്പടയിൽ ഇത്രയും തെറിയും അമ്മയ്ക്ക് വിളിയും എഴുതിയറിയിച്ച ചേട്ടനാണ് ചേട്ടാ ചേട്ടൻ.. പരിപാടി നിർത്തണമെന്ന് ആജ്ഞയുണ്ട്.. അത് പറ്റൂല.. ചേട്ടനിനീം എഴുതിക്കോ.. കൈയക്ഷരം നന്നാവട്ടെ..

ഒരു പ്രേക്ഷകൻ എന്ന നിലയിലാണ് ചിത്രം വിചിത്രത്തിന് ഇത്തരമൊരു കത്തു ലഭിച്ചത്. നിങ്ങൾ അവതരിപ്പിക്കുന്ന പരിപാടി വളരെ നിലവാരം കുറഞ്ഞതും ആളുകളെ പരിഹസിക്കുന്നതുമാണെന്ന് കത്തിൽ വ്യക്തമാണ്. നിങ്ങൾക്ക് മറ്റുള്ളവരെ വിമർശിക്കാം. പക്ഷേ തേജോവധം ചെയ്യരുത്. അതുകൊണ്ട് മാന്യത നിലനിർത്തി കൊണ്ട് പറയട്ടെ ചിത്രം വിചിത്രം പരിപാടി അവസാനിപ്പിച്ച് നല്ല മാദ്ധ്യമപ്രവർത്തകനാകാൻ ശ്രമിക്കുക
യെന്നു കത്തിൽ പറയുന്നു. കത്തിലെ മറ്റു ഭാഗം കത്തിലെ കവറു കൊണ്ട് തന്നെ ലല്ലു മറച്ചിട്ടുണ്ട്. ഈ ഭാഗത്ത് മുട്ടൻ തെറിയാണെന്നാണ് അദ്ദേഹം തന്നെ കമന്റിലൂടെ വെളിപ്പെടുത്തുന്നത്.

എന്തായാലും ആക്ഷേപ ഹാസ്യ പരിപാടിക്കെതിരെ കത്തെഴുതി വിമർശിച്ച പ്രേക്ഷകന് ചേട്ടനിനീം എഴുതിക്കോ.. കൈയക്ഷരം നന്നാവട്ടെ.. എന്ന് ആക്ഷേപഹാസ്യത്തിലൂടെ തന്നെയുള്ള മറുപടിയാണ് അവതാരകൻ നൽകിയത്.