ശ്രീ. കെ. എം. ബഷീർ സർ,

താങ്കൾ പറഞ്ഞത് ഒരു പരിധി വരെ ശരിയാണ്. പക്ഷെ ചില അവ്യക്തതകൾ ഇപ്പോഴും നില നിൽക്കുന്നതുകൊണ്ട് മാത്രം ചോദിക്കട്ടെ...

1. താങ്കൾ വീഡിയോ എടുത്ത ഭാഗം വിമാനത്തിന്റെ പിൻവശമാണ്. അതായത് Rear/Aft galley. അവിടെ ആ വനിത വിമാന ജോലിക്കാരി ഇരുന്ന് ഉറങ്ങുന്ന അടുത്തുള്ള വാതിൽ. എമർജൻസി ഡോർ (Emergency Door) എന്ന് താങ്കൾ ഒരു ചാനൽ വീഡിയോയിൽ പറഞ്ഞു കേട്ടു . അത് തെറ്റാണ്! Aft/Rear service door എന്നാണ് അതിന്റെ പേര് .. അതായത് വിമാനത്തിൽ യാത്രക്കാർക്ക് ഭക്ഷണം load ചെയ്യാൻ ഉപയോഗിക്കുന്ന രണ്ട് door - കളിൽ ഒരെണ്ണം.

2. ആ വനിത വിമാന ജോലിക്കാരി ബ്ലാങ്കറ്റ് ഉപയോഗിച്ചു എന്ന് താങ്കൾ പരാമർശിച്ചത്!

വിമാനത്തിൽ യാത്രക്കാർ ഇരിക്കുന്ന സ്ഥലത്ത് എയർകണ്ടീഷനിങ്ങ് പാകപ്പെടുത്തുവാൻ ഉള്ള സംവിധാനം ഗാലറികളിൽ പരിമിതമാണ്. അതിനാൽ ഗാലറി ഭാഗത്തുള്ള തണുപ്പ് ചില അവസരങ്ങളിൽ അസഹനീയമാണ് സർ! കൂടാതെ വിമാനത്തിന്റെ പുറത്തുള്ള തണുപ്പ് മൈനസ് 40-60 ഡിഗ്രിയാണ്. രാത്രിയായതുകൊണ്ട് സുര്യ വെളിച്ചവും അപ്രാപ്യം അതുകൊണ്ട് ആ സ്ത്രീ ബ്ലാങ്കറ്റ് ഉപയോഗിച്ചത് തെറ്റാണോ? അന്നത്തെ വിമാന യാത്രയിൽ ആവശ്യം നേരിട്ട ഏതെങ്കിലും ഒരു യാത്രക്കാരന് ബ്ലാങ്കറ്റ് നിഷേധിക്കപ്പെട്ടിട്ടില്ലെങ്കിൽ, അവർ അവിടെ blanket ഉപയോഗിച്ചത്, ഒരു തെറ്റാകുമോ സർ?

3. വിമാനം 50000 അടി മേലെയാണ് പറന്നതെന്ന് നിങ്ങൾ പറയുകയുണ്ടായി! തെറ്റാണ്

സർ, നിങ്ങൾ സഞ്ചരിക്കുന്ന വിമാനം 35000-40000 അടി മുകളിലേ സഞ്ചരിക്കൂ! അവിടെ വയ്ച്ച് താങ്കൾ പരാമർശിച്ച പോലെ ക്യാബിൻ പ്രഷർ നഷ്ട്ടപ്പെട്ടു കഴിഞ്ഞാൽ 10 മിനുറ്റുകൾക്കകം വിമാനം 6000-8000 അടിയിലേക്ക് കൊണ്ട് വരണമെന്നാണ് ചട്ടം! ആ സമയത്ത് ഈ വിമാന ജോലിക്കാർക്ക് പ്രത്യേകിച്ച് പങ്കൊന്നുമില്ല! നിങ്ങൾ യാത്രക്കാരെ പോലെ ഇരിക്കുന്നിടത്ത് തന്നെ സീറ്റ് ബെൽറ്റ് ധരിച്ച് തലയ്ക്കു മുകളിൽ താഴ്ന്ന് വരുന്ന ഓക്‌സിജൻ മാക്‌സ് ധരിക്കണം! അതാണ് നിയമം! പൈലറ്റ് അനൗൺസ് ചെയ്യുന്നത് വരെ സീറ്റിൽ നിന്നും അനങ്ങാൻ പാടില്ല

4. എമിറേറ്റ്‌സ് വിമാന ജീവനക്കാർ ഈ അടുത്ത് നടത്തിയ ഇവോക്കേഷൻ പോലെ ഇങ്ങനെ ഉറങ്ങി കിടക്കുന്ന ജോലിക്കാർക്ക് കഴിയില്ല എന്ന്!

ബഷീർ സർ, വിമാനം ഒന്ന് നിലം തൊട്ടാലേ ഏത് വിമാന ജോലിക്കാരനും എന്തെങ്കിലും ഒന്ന് ചെയ്യാൻ കഴിയൂ ! ഈ ഉറങ്ങി എന്ന് പറയുന്ന ആ സ്ത്രീയൊക്കെ ആ സമയത്ത് ജാഗരൂഖരായിരിക്കും! കാരണം, വിമാനം ലാൻഡ് ചെയ്യുവാൻ വേണ്ടി താഴുന്ന അവസരത്തിൽ ഒരു 10000 അടി എത്തി കഴിയുമ്പോൾ സീറ്റ് ബെൽറ്റ് സൈൻ വരും. ആ സമയത്താണ് വിമാന ജോലിക്കാർ യാത്രക്കാരോട് സീറ്റ് ബെൽറ്റ് ധരിക്കുവാൻ അനൗൺസ്‌മെന്റ് ചെയ്യുന്നതും, നിങ്ങളുടെ അരികിലൂടെ നടന്ന് അത് ചെയ്‌തോ എന്ന് പരിശോധിക്കുന്നതും. അത് കഴിഞ്ഞാൽ അവർ ക്യാബിൻ, വിമാനം ലാൻഡ് ചെയ്യുന്നതിന് ഉതകമാണ് എന്ന് പൈലറ്റിന് സന്ദേശം കൈമാറും. പിന്നീട് അവർ അവരുടെ സീറ്റിൽ ഇരുന്ന് ഒരു എമർജൻസി വന്നാൽ എങ്ങിനെ സിറ്റുവേഷൻ ഹാൻഡിൽ ചെയ്യണം എന്ന് മനസ്സിൽ കണക്ക് കൂട്ടി കൊണ്ടിരിക്കും. അതുകൊണ്ട് സർ അതിൽ പേടിക്കണ്ടതില്ല! നിങ്ങളുടെ ഓരോരുത്തരുടേയും ജീവൻ ഞങ്ങൾക്ക് വിലപ്പെട്ടതാണ്!

5. യാത്രക്കാരുടെ ചലനങ്ങൾ, നീക്ക് -പോക്കുകൾ മുതലായവ വിമാന - ജോലിക്കാർ വീക്ഷിക്കണം എന്ന്...

സർ, ആ വീക്ഷണങ്ങൾ ഒക്കെ നിങ്ങൾ വിമാനത്തിന്റെ ഉള്ളിലേക്ക് കാലെടുത്ത് വയ്ക്കുന്ന മുതൽ, തിരിച്ചിറങ്ങുന്നത് വരെ, മുറ പോലെ നടക്കുന്നുണ്ട്! നിങ്ങളെ അറിയിച്ചു കൊണ്ട് അത് ചെയ്യേണ്ടതില്ലല്ലോ! ഒരോ 30 മിനിറ്റ് കൂടുമ്പോഴും വിമാന ജോലിക്കാർ യാത്രക്കാർക്കിടയിലൂടെ നടക്കാറുമുണ്ട്! അതുകൊണ്ട് സുരക്ഷയുടെ കാര്യത്തിൽ താങ്കൾ പേടിക്കേണ്ടതില്ല! ഇത് ഞങ്ങളുടെ ഉറപ്പാണ്!

6. ഇനി പ്രധാന വിഷയം - ' ഡ്യൂട്ടിക്കിടയിൽ വിമാന ജോലിക്കാരി ഉറങ്ങി '

സർ, ഇവിടെ ഒരു മനുഷിക പരിഗണ കൊടുക്കണം എന്ന് ഞാൻ വിനീതമായി അഭ്യർത്ഥിക്കുന്നു! രാത്രി 2 മുതൽ 5 മണി വരെയുള്ള സമയം മനുഷ്യന്റെ തലച്ചോറ്, ശരീര ഭാഗങ്ങൾ വളരെ അധികം ശോഷിക്കുന്ന ഒരു സമയം ആണ്. ഇത് വൈദ്യ-ശാസ്ത്രം അംഗീകരിക്കുന്ന ഒരു സത്യമാണ്. കൃത്യമായ വിശ്രമം ഇല്ലെങ്കിൽ അവരുടെ റെസ്‌പോൺസ് ക്വാളിറ്റി കുറയും. മിക്ക വിമാന കമ്പനികളും രാത്രിയിൽ വിമാന സർവ്വീസ് നടത്തുന്നത് യാത്രക്കാരന്റെ ഒരു ദിവസം പോകാതിരിക്കാനാണ്. അതുകൊണ്ട് വിമാന സർവീസ് രാത്രി കാലങ്ങളിൽ നിറുത്തി വയ്ക്കാൻ പറ്റില്ല! അതുകൊണ്ട് മറ്റു ജോലികൾ ഒക്കെ കഴിഞ്ഞാൽ വിമാന ജോലിക്കാർ ഒരു 20 മിനുറ്റ് മാറി - മാറി ( ഒരാൾ വിശ്രമിക്കുമ്പോൾ മറ്റെയാൾ ഉണർന്നിരിക്കും) വിശ്രമിക്കാറുണ്ട്!

എനിക്ക് തോന്നുന്നത് സർ, അവിടെ വന്നപ്പോൾ അവർ ഈ ഒരു പ്രക്രിയയിൽ ആയിരുന്നിരിക്കണം. അതിൽ രണ്ടാമത്തെ ആൾ പാസഞ്ചർ ക്യാബിനിലോ, ടോയ്‌ലെറ്റിലോ മറ്റ് ആവശ്യങ്ങൾക്കായി ഫോർവേഡ് ഗ്യാലറിയിലേക്കോ (വിമാനത്തിന്റെ മുൻ വശത്ത് ) പോയി കാണും. ഇത് കണ്ട സർ സന്ദർഭം വല്ലാതെ തെറ്റിധരിച്ചു എന്നാണ് എന്റെ അഭിപ്രായം.

7. എയർ- ഇന്ത്യ വിമാന ജോലിക്കാർ പബ്ലിക് സെർവന്റ് ആണ് എന്ന് താങ്കൾ പറഞ്ഞത്!

സർ ആ വാക്കുകൾ പറയുമ്പോഴുള്ള ഘനഗാംഭീര്യം ഞാൻ ശ്രദ്ധിച്ചിരുന്നു. ഈ പബ്ലിക് സെർവന്റ് - എന്നാൽ ' പൊതു ജന വേലക്കാരൻ/വേലക്കാരി' എന്ന് പാടെ മലയാളികരിച്ച അർത്ഥം മനസ്സിലേറ്റി നടക്കരുതെന്ന് ഒരപേക്ഷ! അങ്ങിനെ ചിന്തിച്ചാൽ ഞങ്ങളുടെ തൊഴിലാളി വർഗ്ഗ സമൂഹത്തെ താങ്കൾ താങ്കളുടെ വെറും അടിമകളായേ കാണുന്നുള്ളൂ എന്ന് ഞാൻ കരുതേണ്ടതായി വരും! അതുകൊണ്ട് അരുത്.. അഭിമാനമുള്ള മനുഷ്യ വർഗ്ഗങ്ങളാണ് ഞങ്ങളും! അങ്ങിനെ പരിഗണിക്കണമെന്ന് എല്ലാ യാത്ര - സമൂഹത്തോടും ഒരപേക്ഷ!

8. ക്യാബിൻ ക്രൂ ലക്ഷങ്ങളുടെ ശമ്പളം മേടിക്കുന്നു, അതുകൊണ്ട് വിമാനത്തിൽ ഉറങ്ങാൻ പാടില്ല!

സർ, ഒരു തെറ്റായ ധാരണയാണത് ! ഞങ്ങൾ ലക്ഷങ്ങളൊന്നും മേടിക്കുന്നില്ല! അത് പരസ്യത്തിന് വേണ്ടി ഇവിടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകുന്ന കേവലം ഒരു കള്ളം മാത്രമാണ്! ലക്ഷങ്ങൾ കൊടുക്കുന്ന കമ്പനികൾ ഉണ്ട്, പക്ഷെ അത് ഇന്ത്യക്ക് പുറത്താണെന്ന് മാത്രം! മറ്റു ഇന്ത്യൻ കമ്പനികളേക്കാൾ മാന്യമായ ശമ്പളം ഞങ്ങൾ കൈ പറ്റുന്നു എന്ന് മാത്രം. അതിനുള്ള ലൈറ് റിസ്‌ക്കും ഞങ്ങൾ എടുക്കുന്നില്ലേ സർ? നിങ്ങളെ സുരക്ഷിതമായി അങ്ങോട്ടും ഇങ്ങോട്ടും കടൽ കടത്താൻ? ഞങ്ങളും പച്ചയായ മനുഷ്യന്മാർ ആണ് സർ.. നിങ്ങളെ പോലെ തന്നെ! അല്ലാതെ യന്ത്ര മനുഷ്യന്മാരല്ല

എങ്കിലും സർ, ആദ്യം എടുത്ത നടപടി സ്വഗാതാർഹമായിരുന്നു. ശ്രീ. അശ്വനി ലൊഹാനി -ജിക്കു പരാതി നൽകിയത്.

പക്ഷെ വീഡിയോ എടുത്തത് മോശമായി പോയി. വ്യക്തമായി എഴുതിയാലും കമ്പനിക്ക് സാഹചര്യം മനസ്സിലാകുമായിരുന്നു. ഒരു സ്ത്രീയുടെ വീഡിയോ അവരുടെ അനുവാദം കൂടാതെ എടുക്കൽ മോശമല്ലെ സർ. അവർ ഉറങ്ങുകയോ മറ്റെന്തെങ്കിലും ചെയ്യുകയോ എന്തുമാകട്ടെ! നിങ്ങളുടെ അമ്മയേയോ, ഭാര്യയേയോ, സഹോദരിയേയോ, മകളേയോ, ആരെങ്കിലും ഈ ഒരു സാഹചര്യത്തിൽ വീഡിയോ എടുത്താൽ നിങ്ങൾ സഹിക്കുമോ സർ?

അത്തരം ഒരു സന്ദർഭത്തിൽ നിങ്ങൾക്ക് മറ്റൊരു വിമാന ജീവനക്കാരനെ വിളിച്ച് നിങ്ങൾ കണ്ട രംഗം കാണിക്കുകയായിരുന്നെങ്കിൽ , അല്ലെങ്കിൽ ആ വിമാനത്തിന്റെ പരമാധികാരം ഉള്ള പൈലറ്റിനോട് പരാതി പെടുകയായിരുന്നെങ്കിൽ എത്രയോ മാന്യതയുണ്ടായാനേ!

ഇതൊന്നും പോരാതെ ഫേസ്‌ബുക്കിലും ഇട്ടു!

സർ, വളരെയധികം വിഷമത്തോടെ ഞാൻ എന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നു.

എന്ന്,

ഫെബിൻ, വിമാന-ജോലി, എയർ- ഇന്ത്യ എക്സ്‌പ്രസ്സ് .