ല്ലാവരും പിണറായിക്ക് തുറന്ന കത്ത് എഴുതുമ്പോൾ, ഇതാര എനിക്ക് തുറന്ന കത്ത് എഴുതുന്നത് എന്ന് നോക്കണ്ട.. പാർട്ടിയുടെ കേരളത്തിലെ അവസാന വാക്ക് അങ്ങാണ് എന്ന് വിശ്വസിക്കുന്ന ചുരുക്കം ചില പാർട്ടി അനുഭാവികളിൽ ഒരാളാണ് ഞാൻ. ഈ കത്ത് ഇപ്പോൾ എഴുതിയില്ലേൽ പിന്നീടു എഴുതിയിട്ട് കാര്യമുണ്ടാവില്ല. കാര്യത്തിലേക്ക് വരാം.

കേരളത്തിൽ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന കാര്യം അറിയാമല്ലോ. ഈ തിരഞ്ഞെടുപ്പിൽ സിപിഐ(എം) നയിക്കുന്ന എൽ ഡി എഫ് അധികാരത്തിൽ വരണം എന്നാണ് എന്റെ ആഗ്രഹം. അങ്ങേക്കും അതെ ആഗ്രഹം തന്നെ ആയിരിക്കുമെല്ലൊ? എന്തെങ്കിലും കാരണം കൊണ്ട് നമുക്ക് അധികാരം കിട്ടിയില്ലെങ്കിൽ എന്ത് സംഭവിക്കും എന്ന് അങ്ങ് ചിന്തിച്ചു നോക്കിയിട്ടുണ്ടോ. അങ്ങയെ ഞാൻ ഓർമിപ്പിക്കാം... കേരളം വീണ്ടും ഉമ്മൻ ചാണ്ടി ഭരിക്കും.. ഒന്ന് രണ്ടു സീറ്റുകളിൽ ബിജെപി ജയിക്കും.. പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും.. അങ്ങനെ ആദ്യ മാസം കഴിയും... അങ്ങനെ എല്ലാം ശുഭം...

അങ്ങനെ സമാധാനിക്കാൻ വരട്ടെ. ഇനിയാണ് കുഴപ്പങ്ങൾ വരാൻ പോകുന്നത്.. ഓരോന്നായി പറയാം..

നമ്മുടെ ജയരാജൻ സഖാവ് ഷുക്കൂർ കേസും മനോജ് വധക്കേസും ഒക്കെ ആയി ഇനിയുള്ള കാലം ജയിലിൽ തന്നെ ആയിരിക്കും. ടി പി കേസ് സി ബി ഐ ഏറ്റെടുക്കും മിനിമം ഒരു രണ്ടു ജയരാജനും ചിലപ്പോൾ പിണറായി സഖാവും പ്രതിയാകും. ലാവ്ലിൻ കേസ് വീണ്ടും അന്വേഷണം വരും. അതിന്റെ നിഴൽ വീണ്ടും സഖാവിന്റെ കൂടെ ഉണ്ടാകും. അങ്ങയുടെ മക്കൾ ഉണ്ണുന്നതും ഉറങ്ങുന്നതും നോക്കി ഒരു കൂട്ടർ പുറകെ നടക്കും. സഖാക്കളിൽ ആരുടെയെങ്കിലും കുഞ്ഞമ്മയുടെ അകന്ന ബന്ധു ഏതെങ്കിലും കേസിൽ പെട്ടാൽ അത് പോളിറ്റ് ബ്യൂറോ വരെ ഉൾപെടുന്ന ഗൂഢാലോചന ആണെന്ന് മാദ്ധ്യമ വിചാരക്കാർ വരുത്തി തീർക്കും.

കേന്ദ്രം ഭരിക്കുന്ന മോദിയുടെയും, മൃദു സമീപനം എടുക്കുന്ന ചെന്നിത്തല പൊലീസിന്റെയും സഹായത്തോടു കൂടി ആർഎസ്എസ് സഖാക്കളുടെ മേലെ കേറി മേയാൻ തുടങ്ങും. ഇപ്പോൾ തന്നെ ഹിന്ദു സമൂഹത്തിൽ നല്ല ഒരു വിഭാഗം പാർട്ടി വിട്ടു പോയി. ബാക്കി ഉള്ളവർ കൂടി പേടിച്ചു സ്ഥലം വിടാൻ തുടങ്ങും. അഞ്ചു വർഷം കഴിയുമ്പോൾ ഇവന്മാർ അധികാരത്തിൽ വരുമെല്ലോ എന്ന് പേടിച്ചു അത്യാവശ്യം ബഹുമാനം തന്നിരുന്ന പൊലീസ്‌കാരെല്ലാം താടിക്ക് തട്ടാൻ തുടങ്ങും. ഇവരെ ഇനി പേടിക്കണ്ട എന്ന് പൊലീസ് വിചാരിച്ചാൽ ഒരാളുടെയും കാര്യവും പറഞ്ഞോണ്ട് സ്റ്റേഷനിൽ ചെല്ലാൻ പറ്റില്ല. അവന്മാര് പിടിച്ചു ഉള്ളിലിടും. ഈ സഖാക്കൾ വിചാരിച്ചാൽ ഇനി ഒരു പുല്ലും നടക്കില്ല എന്ന് ജനങ്ങൾ ചിന്തിച്ചു തുടങ്ങിയാൽ പിന്നെ എന്റെ പൊന്നു സഖാവെ പാർട്ടി തീർന്നു.

കേന്ദ്ര ഭരണത്തിന്റെ തണലിൽ ബിജെപി കേറി അങ്ങ് നിരങ്ങും. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ സഖക്കാൾക്കൊന്നും പഴയ ഉശിര് ഇല്ല എന്ന് അങ്ങേക്കറിയാമല്ലോ. ഒരു സമരം ചെയ്യാൻ പോലും കഷ്ടപ്പെടും. ഇനിയെങ്ങാനും സമരത്തിനിടെ ഏതേലും പിള്ളേര് കല്ലെടുത്ത് എറിഞ്ഞാൽ അക്രമ രാഷ്ട്രീയം എന്നും പറഞ്ഞു എല്ലാരും കൂടി തലയിൽ കയറാൻ തുടങ്ങും. അതിനിടെ ലോകസഭ തിരഞ്ഞെടുപ്പ് വരും. ബിജെപി ഒന്നോ രണ്ടോ സീറ്റ് നേടും. അഞ്ചു വർഷം കഴിയുമ്പോൾ നടക്കുന്ന തിരഞ്ഞെടുപ്പിൽ നമ്മൾ മൂന്നാം സ്ഥാനത്ത് എത്തും. അതോടെ എല്ലാം ശുഭം.

അധികാരത്തിൽ നിന്ന് അധികകാലം മാറ്റി നിർത്തപ്പെട്ടാൽ പാർട്ടിയുടെ സ്ഥിതി എന്താകുമെന്നു അറിയാൻ ചുമ്മാ ബംഗാളിലെ സഖാക്കളോട് ചോദിച്ചാൽ മതി. പഴയ പോലെ അല്ല കാര്യങ്ങൾ പണ്ട് അവസ്ഥ കൊണ്ട് കമ്മ്യുണിസ്റ്റ് ആകുന്നവരുടെ കാലമായിരുന്നു. ഇന്ന് ആവേശം കൊണ്ടും ആവശ്യം കൊണ്ടും കമ്മ്യുണിസ്റ്റ് ആകുന്നവരാണ് കൂടുതൽ അവർക്ക് ആഴത്തിലുള്ള വേരുകളില്ല.

ഇതിനുള്ള പരിഹാരം എന്താണെന്നാകും ഇപ്പോൾ ആലോചിക്കുന്നത്. അതൊന്നും പറയാൻ ഞാൻ ആളല്ല. എങ്കിലും ഇപ്പോൾ നടക്കുന്ന കാര്യങ്ങളെ പറ്റി ചില അഭിപ്രായങ്ങൾ പറയാതെ വയ്യ. സ്ഥാനാർത്ഥി ആയി ആരെ വച്ചാലും പാർട്ടിക്കാർ വോട്ടു ചെയ്യും അത് സത്യമാണ്. വ്യക്തി അല്ല പാർട്ടി ആണ് പ്രധാനം അതും സത്യം. പക്ഷെ ഇതു തിരഞ്ഞെടുപ്പാണ് ജീവൻ മരണ പോരാട്ടം ആണ് പാർട്ടിക്കാർ മാത്രം അല്ല ബാക്കി ഉള്ളവർ കൂടി വോട്ടു ചെയ്താലേ ജയിക്കു. അതിന്റെ അർഥം വ്യക്തി നന്നാവണം എന്നാണ്, അപ്പോഴേ വോട്ടു കിട്ടു.. പാർട്ടി വോട്ടിന്റെ കൂടെ വ്യക്തി വോട്ടു കൂടി കിട്ടിയാലെ ജയിക്കു എന്നർത്ഥം. പക്ഷെ അതെ സമയം തന്നെ പാർട്ടി വോട്ടാണ് പ്രധാനം അതാണ് ഭൂരിപക്ഷം.

പൊതു സമ്മതനായ സ്വതന്ത്രൻ നല്ല കാര്യമാണ് പക്ഷെ ആദ്യം പാർട്ടിക്കാർക്ക് സമ്മതൻ ആകണം. പക്ഷെ ഇപ്പോൾ നടക്കുന്ന കാര്യത്തിൽ സങ്കടം ഉണ്ട് സഖാവെ. പാർട്ടി ഉണ്ടായിട്ടു ഇന്ന് വരെ ഒരു വോട്ടു പോലും ചെയ്യാതെ പാര വച്ച് നടന്ന മെത്രാന്മാരു പറയുന്നവരെ സ്ഥാനാർത്ഥി ആക്കാൻ നടക്കുന്നു എന്ന് കേട്ടു. എന്റെ പൊന്നു സഖാവെ പാർട്ടിക്കാരനായ ഒരു ക്രിസ്ത്യാനി അത് വലതായാലും ഇടതായാലും മെത്രാൻ അല്ല സാക്ഷാൽ പോപ്പ് വന്നു പറഞ്ഞാലും മാറ്റി കുത്തില്ല. വല്ല കാലത്തും മാറ്റി കുത്തിയിട്ടുണ്ടോ? ഉണ്ടെങ്കിൽ അത് കൃഷിയോ ഭൂമിയോ കാശോ ഒക്കെ ആയി ബന്ധപെട്ട വല്ല പ്രശ്‌നത്തിലും ഒരാളും പറയാതെ തന്നെ അവർ എടുക്കുന്ന പൊതു നിലപാടാണു. അതുകൊണ്ട് ഒരു മേത്രാനെക്കാൾ ഒരു ബ്രാഞ്ച് കമ്മറ്റി പറയുന്നത് അങ്ങ് വിശ്വസിക്കണം. മറ്റു പാർട്ടികൾ ഏറ്റവും നല്ല സ്ഥാനാർത്ഥിയെ നിർത്തുമ്പോൾ നമ്മുടെ ചില കാര്യങ്ങൾ കണ്ടാൽ മൂക്കത്ത് വിരൽ വയ്ക്കും. പി രാജീവ് സ്ഥാനാർത്ഥി ആവേണ്ട പോലും. എന്താ കാരണം അങ്ങേർക്കു കുറവൊന്നും ഇല്ല, യോഗ്യൻ, നല്ല ജനപിന്തുണ നിർത്തിയാൽ എന്തായാലും ജയിക്കും. ജീവൻ പോയാലും കാലു വാരില്ല, ഉടനെ വന്നു തീരുമാനം അങ്ങേരെ പാർട്ടിക്ക് വേണം, ജനങ്ങൾക്ക് കൊടുക്കണ്ട. പാർട്ടിക്കാര്യം നോക്കട്ടെ. എന്റെ പൊന്നു സഖാവെ ജനമില്ലേൽ പിന്നെ എന്ത് പാർട്ടി. ഇത് പോലെ തന്നെയാണ് സുരേഷ് കുറുപ്പിന്റെ കാര്യവും അങ്ങേരെ ഒക്കെ നിർത്താൻ എന്തിനാ സഖാവെ രണ്ടു വട്ടം ചർച്ച.

ലിസ്റ്റിൽ ഇനിയിയുമുണ്ട് അച്ചടകത്തിന്റെ വാൾ കാണിച്ചു മണ്ണിലിട്ട് ചവിട്ടിയരച്ചിട്ടും പാർട്ടിക്കുവേണ്ടി രാപകൽ ഇല്ലാതെ കഷ്ടപെടുന്ന ഒരു ടി ശശിധരൻ ഉണ്ട് അങ്ങ് തൃശൂര് ഒന്ന് തലയാട്ടിയാൽ ബിജെപി ക്കാർ കൊത്തി കൊണ്ട് പോകും. പക്ഷെ ഇപ്പോഴും പാർട്ടിയുടെ അടിയുറച്ച സഖാവാണ്. പക്ഷെ പാർട്ടിക്കു ബോധ്യം വന്നിട്ടില്ല. ഒന്ന് ആഞ്ഞു പിടിച്ചാൽ ജയക്കാവുന്ന പല മണ്ഡലങ്ങളും സ്ഥനാർത്ഥിയുടെ പേര് കൊണ്ട് മാത്രം പാർട്ടി തോക്കും.. നല്ല ആളുകൾ ഇല്ലഞ്ഞിട്ടല്ലല്ലോ ഈ വക ആളുകളെ ഒക്കെ നിരത്തുന്നത്. ഇന്നലെ വന്ന മെത്രന്മാരെക്കാളും, മറുകണ്ടം ചാടിയ കേരള കോൺഗ്രസ്സുകരെക്കാളും ഒക്കെ നമ്മുടെ സഖാക്കളെ വിശ്വസിക്കണം. സന്ദേശം സിനിമയിൽ ശങ്കരാടിയോടു നമ്മൾ എന്തുകൊണ്ട് തോറ്റു എന്ന് നിഷ്‌കളങ്കമായി ചോദിക്കുന്ന ബോബി കൊട്ടാരക്കരയെ ഓർമ്മയുണ്ടോ. അങ്ങേര് പാർട്ടി വിരുദ്ധൻ ഒന്നുമല്ല സത്യസന്ധനായ സഖാവ് ആണ്. അങ്ങേർക്കു തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹം ഉണ്ടെന്നു ശത്രുക്കൾ പോലും പറയില്ല, പാർട്ടി തോറ്റ വിഷമം മാത്രമേ ഉള്ളു. അങ്ങനെ ഉള്ള പാർട്ടിക്കാരോട് ശങ്കരാടി പറയുന്ന പോലെ മറുപടി പറയരുത്.

അവസാനമായി ഒറ്റക്കാര്യം. ഞാൻ വിദേശത്ത് ജോലി ചെയ്യുന്ന ആൾ ആണ്, മെയ് 16 നു വരുന്നുണ്ട് വോട്ടു ചെയ്യാൻ. ഒരിക്കൽ മാത്രമേ വോട്ടു ചെയ്ത സഖാവ് ജയിച്ചിട്ടുള്ളൂ എങ്കിലും വീണ്ടും വരും വോട്ടു ചെയ്യും, പാർട്ടി ആരെ നിർത്തിയാലും. ജയിച്ചാലും തോറ്റാലും അടുത്ത തവണയും അങ്ങനെ തന്നെ ചെയ്യും. ജയിച്ചാലും തോറ്റാലും പി രാജീവും, ശശിധരനും, സുരേഷ് കുറുപ്പും, സ്വരാജും ഒക്കെ പാർട്ടിയുടെ കൂടെ ഉണ്ടാകും. എന്നാൽ ബാക്കി ഉള്ളവരോ? കേരള കോൺഗ്രസ്സുകാർ ജയിച്ചാലും തോറ്റാലും കുറച്ചു കഴിയുമ്പോൾ പിന്നേം മാണി സാറിന്റെ തറവാട്ടിലേക്ക് തിരിച്ചു പോകും. ജയിച്ചില്ലേൽ മുകേഷും ഗണേശ് കുമാറും ഒക്കെ പിന്നേം സിനിമയിൽ പോകും.

മലപ്പുറത്തും കോഴിക്കോടും ഉള്ള ലീഗ് വിമതർ ചിലപ്പോൾ ജയിക്കും.. രണ്ടു തവണ ജയിച്ചു കഴിയുമ്പോൾ പാർട്ടി കീഴ്‌വഴക്കം അനുസരിച്ചു മാറാൻ പറഞ്ഞാൽ.. പാർട്ടി മക്കത്തു പോകാൻ സമ്മതിച്ചില്ല എന്ന് പറഞ്ഞു ലീഗോ കോൺഗ്രസ്സോ ആയി വീണ്ടും മൽസരിച്ചു ജയിക്കും. നികേഷ് കുമാറും വീണാ ജോർജും രാത്രി വാർത്തയിൽ സി പി എമ്മിന്റെ അക്രമ രാഷ്ട്രീയത്തെകുറിച്ച് ചർച്ചകൾ നയിക്കും.. അന്നൊക്കെ മറുപടി പറയാനും നെഞ്ച് വിരിച്ചു നില്ക്കാനും നിഷകളങ്കന്മാരായ കുറെ ബോബി കൊട്ടാരക്കര മാത്രമെ ഉണ്ടാകു.

സ്‌നേഹത്തോടെ നിർത്തട്ടെ

ഒരു പാർട്ടി അനുഭാവി