ന്യൂഡൽഹി: ഓമിക്രോൺ വ്യാപനത്തിന്റെയും രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നതിന്റെയും പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്കു വീണ്ടും കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്. കോവിഡ് ജാഗ്രതയിൽ ഒരുതരത്തിലുള്ള വീഴ്ചയും പാടില്ലെന്ന് ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും അയച്ച കത്തിൽ പറയുന്നു.

ഉത്സവ കാലത്ത് ആൾക്കൂട്ടം ഒഴിവാക്കുന്നതിന് വേണ്ടിവന്നാൽ പ്രാദേശിക നിയന്ത്രണങ്ങൾ പ്രഖ്യാപിക്കാൻ കത്തിൽ നിർദേശമുണ്ട്. കോവിഡ് ജാഗ്രതയിൽ ഒരുവിധത്തിലുള്ള വീഴ്ചയും പാടില്ല. ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ്, വാക്സിനേഷൻ, കോവിഡ് പ്രോട്ടോകോൾ എന്നിങ്ങനെ അഞ്ചിന തന്ത്രം തുടരേണ്ടതുണ്ട്. ഓമിക്രോൺ ഭീഷണി നിലനിൽക്കുന്നതിനാൽ ഇനിയൊരു വ്യാപനം ഒഴിവാക്കുന്നതിന് കർശന നടപടികൾ സ്വീകരിക്കണമെന്ന് കത്ത് നിർദേശിക്കുന്നു.

രാജ്യത്ത് കോവിഡ് കേസുകളിൽ കുറവുണ്ടായിട്ടുണ്ട്. എന്നാൽ അതീവ വ്യാപന ശേഷിയുള്ള ഓമിക്രോൺ ഉയർത്തുന്ന ഭീഷണി അവഗണിക്കാനാവില്ല. ഡെൽറ്റ വകഭേദത്തേക്കാൾ മൂന്നിരട്ടി വ്യാപന ശേഷിയാണ് ഒമൈക്രോണിൽ കണ്ടെത്തിയിട്ടുള്ളത്. ഇതൊരു പുതിയ വെല്ലുവിളിയാണെന്ന് കത്തിൽ പറയുന്നു.

ഓമിക്രോൺ വ്യാപനം രൂക്ഷമായ രാജ്യങ്ങളിൽ കോവിഡ് കേസുകളുടെ കുത്തനെയുള്ള വർധനവാണ് ഉണ്ടായിട്ടുള്ളത്. ഇന്ത്യയിൽ ഇതുവരെ 578 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ സാഹചര്യത്തിൽ നേരത്തെ ആരോഗ്യ മന്ത്രാലയം നിർദേശിച്ചിട്ടുള്ള കോവിഡ് പ്രതിരോധ നടപടികൾ വീഴ്ചയില്ലാതെ ചെയ്യാൻ എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പ്രവർത്തിക്കണമെന്ന് കത്തിൽ പറയുന്നു.