വിദേശികൾക്ക് ഏർപ്പെടുത്തിയ ലെവിയിൽ ഇളവ് വരുത്താൻ സൗദി അറേബ്യ ആലോചിക്കുന്നു. ഇത് സംബന്ധിച്ച് അധികം വൈകാതെ സന്തോഷവാർത്ത പ്രതീക്ഷിക്കാമെന്ന് തൊഴിൽ, സാമൂഹിക വികസനകാര്യ മന്ത്രി എൻജിനീയർ അഹമ്മദ് സുലൈമാൻ അൽറാജ്ഹിയാണ് വെളിപ്പെടുത്തിയതോടെ പ്രതീക്ഷയിലാണ് മലയാളികൾ അടക്കമുള്ള പ്രവാസികൾ.

ഈ വർഷം ജനുവരി മുതലുള്ള വിദേശ തൊഴിലാളികളുടെ കുടിശ്ശിക ലെവി, മൂന്നാം ഘട്ട മൂല്യവർധിത നികുതി, വിദേശികളുടെ ആശ്രിതർക്കുള്ള ലെവി എന്നിവയിൽ സന്തോഷ വാർത്ത ഉടൻ ഉണ്ടാകുമെന്നാണ് അറിയിച്ചത്.
മന്ത്രിയുടെ വാക്കുകൾ.

ആശ്രിത ലെവി (കുടുംബത്തിനുള്ള ലെവി)യിൽ ആദ്യഘട്ടത്തിലുണ്ടായിരുന്ന ചാർജ് മാത്രം നിലനിർത്താനോ അല്ലെങ്കിൽ വർഷം ഒന്നിച്ച് അടക്കുന്നതിന് പകരം പ്രതിമാസം സംഖ്യ അടക്കുന്ന രീതി നടപ്പിലാക്കാനോ ഉള്ള ആവശ്യം മന്ത്രി രാജാവിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

വിദേശ തൊഴിലാളികൾക്ക് തൊഴിലുടമ മാസം 200 റിയാലാണ് ലെവി അടച്ചിരുന്നത്. ഈ വർഷം അത് 400 റിയാലായി ഉയർന്നു. അടുത്തവർഷം 600-ഉം 2020-ൽ 800-ഉം റിയാലായി ഉയർത്തുമെന്നാണ് ധനകാര്യ മന്ത്രാലയം അറിയിച്ചിരുന്നത്. ലെവി പൂർണമായും ഒഴിവാക്കാതെ ഇളവു വരുത്തുകയോ വർധന ഒഴിവാക്കുകയോ ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.