മെൽബൺ: ടാക്‌സികൾക്കു മേൽ രണ്ടു ഡോളർ ലെവി ചുമത്താനുള്ള വിക്ടോറിയൻ സർക്കാർ നീക്കത്തെ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് യൂബർ രംഗത്തെത്തി. റൈഡ് ബുക്കിംഗിനും കാർ ട്രിപ്പുകൾക്കും മേൽ രണ്ടു ഡോളർ നികുതിയായി ഈടാക്കനുള്ള സർക്കാർ നീക്കത്തിനെതിരേ ആഞ്ഞടിച്ചുകൊണ്ടാണ് യൂബർ കമ്പനി രംഗത്തെത്തിയിരിക്കുന്നത്.

യൂബർ റൈഡ് ബുക്കിങ് മേഖല നിയമാനുസൃതമാക്കാനുള്ള നടപടിയുടെ ഭാഗമായാണ് രണ്ടു ഡോളർ ലെവി ഈടാക്കാൻ സർക്കാർ തീരുമാനിച്ചത്. ടാക്‌സി ഡ്രൈവർമാർക്ക് അവരുടെ ടാക്‌സി ലൈൻസ് നഷ്ടമായതിന്റെ നഷ്ടപരിഹാരമെന്ന നിലയിലുമാണ് രണ്ടു ഡോളർ ലെവി ഈടാക്കാൻ തീരുമാനിച്ചിട്ടുള്ളത്.

രണ്ടു ഡോളർ അധികചാർജ് ചുമത്തുന്നത് യാത്രക്കാർക്കു മേൽ അധികബാധ്യത അടിച്ചേൽപ്പിക്കുന്നതാണെന്നും യാത്രാ ചെലവുകൾ വർധിപ്പിക്കുന്ന നടപടികൾക്കെതിരേ തങ്ങൾ എതിരാണെന്നും യൂബറിന്റെ വിക്ടോറിയൻ ജനറൽ മാനേജർ മാറ്റ് ഡെന്മാൻ വെളിപ്പെടുത്തി. യൂബറിന്റെ ഡിമാൻഡ് ഇടിച്ചുതാഴ്‌ത്താനേ ഇത്തരത്തിൽ ലെവി ചുമത്തുക വഴി ഉപകാരപ്പെടുകയുള്ളൂവെന്നും ഡെന്മാൻ അഭിപ്രായപ്പെടുന്നു.

വിക്ടോറിയയിലുള്ള 14,000 യൂബർ ഡ്രൈവർമാരിൽ പകുതിയിലധികം പേരും ആഴ്ചയിൽ പത്തുമണിക്കൂറിൽ താഴെ മാത്രമേ ഡ്രൈവ് ചെയ്യുന്നുള്ളൂ. മെൽബണിലുള്ള യൂബർ ഡ്രൈവർമാർക്ക് ഒരു മണിക്കൂറിന് ശരാശരി 30 ഡോളറിൽ താഴെ മാത്രമേ വരുമാനം ലഭിക്കുന്നുള്ളൂ. യൂബർ ചാർജിന്റെ സിംഹഭാഗവും ഡ്രൈവർമാർക്കാണ് നൽകുന്നതെന്നും മാറ്റ് ഡെന്മാൻ വെളിപ്പെടുത്തി.