ലണ്ടൻ: അതിസമ്പന്നരും കോടീശ്വരന്മാരും തങ്ങളുടെ ജീവിതത്തിലെ ഏത് ആഘോഷവും തങ്ങളുടേതായ സ്റ്റാറ്റസ് കാത്ത് സൂക്ഷിച്ച് കൊണ്ടായിരിക്കും ആഘോഷിക്കുന്നത്. ഇപ്പോഴിതാ ലോകത്തിലെ വിവിധ സമ്പന്നർ തങ്ങളുടെ ക്രിസ്മസ് ആഘോഷിക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നു. ഇതിലൊരാൾ രണ്ട് വയസുകാരിക്ക് ഒരു ലക്ഷം പൗണ്ടിന്റെ വജ്രപതക്കമാണ് ക്രിസ്മസ് സമ്മാനമായി നൽകുന്നത്. മറ്റൊരാൾ 40,000 പൗണ്ടിന്റെ വജ്ര-സ്വർണമോതിരമാണ് നൽകിയിരിക്കുന്നത്. വേറൊരു കുടുംബം ക്രിസ്മസ് ആഘോഷിക്കുന്നത് 60,000 പൗണ്ട് മുടക്കി പുൽക്കൂട് നിർമ്മിച്ച് കൊണ്ടാണ്. ചാനൽ 5ൽ ക്രിസ്മസ് ഈവിന് പ്രക്ഷേപണം ചെയ്യുന്ന ' ഇൻ ബില്യണയർ ബേബീസ് അറ്റ് ക്രിസ്മസ് ' എന്ന പരിപാടിയിലാണ് ഇത്തരം വെളിപ്പെടുത്തലുകളുമായി അതിസമ്പന്നർ സംഗമിച്ചിരിക്കുന്നത്.

രണ്ടു വയസുകാരിയായ മകൾ വാലന്റീനയ്ക്കാണ് അമ്മ ലൗറ അപൂർവമായ നീല വജ്രം അടങ്ങിയ ഒരു ലക്ഷം പൗണ്ട് വിലയുള്ള പതക്കം സമ്മാനമായി നൽകുന്നത്. ഇതിന് പുറമെ വണ്ടർലാൻഡ് തീംഡ് പാർട്ടി മകൾക്കായി നടത്താൻ പ്രമുഖ പാർട്ടി പ്ലാനറായ റിയ എലിയട്ട് -ജോൺസിന് 15,000 പൗണ്ടും ഈ അമമ നൽകാനൊരുങ്ങുകയാണ്. തികച്ചും പരിസ്ഥിതി സൗഹൃദം പുലർത്തുന്ന ഈ പാർട്ടിയിൽ എഗ് ഫ്രീ കേയ്ക്കുകളായിരിക്കും വിളമ്പുന്നത്. തന്റെ മകൾക്ക് ഏറ്റവും വിലകൂടിയ സമ്മാനങ്ങളാണ് നൽകുന്നതെന്ന് അമ്മ ലൗറ അഭിമാനത്തോടെ വെളിപ്പെടുത്തുന്നു.

ലണ്ടനിലെ മെയ്‌ഫെയറിലുള്ള ഹിഗിറയാണ് തന്റെ മൂന്ന് വയസുള്ള മകളായ ഹലായ്ക്ക് വേണ്ടി ക്രിസ്മസ് സമ്മാനമായി 40,000 പൗണ്ട് വിലയുള്ള വിശിഷ്ട മോതിരം നൽകുന്നത്. 18 കാരറ്റ് റോസ് ഗോൾഡ്, ഇതിനെ വലയം ചെയ്ത് അഞ്ച് ഡയമണ്ടുകൾ എന്നിവയുള്ള മോതിരമാണിത്. ഹലായ് ഏറ്റവും മികച്ചതിന് അർഹതയുള്ളവളാണെന്നാണ് അമ്മ ഹിഗിറ പ്രതികരിച്ചിരിക്കുന്നത്. വർഷങ്ങൾ കഴിഞ്ഞാലും അവളുടെ ഓർമയിൽ തങ്ങി നിൽക്കുന്ന മൂല്യവത്തായ എന്തെങ്കിലും സമ്മാനമായി നൽകണമെന്ന തന്റെ ആഗ്രഹത്തിൽ നിന്നാണ് ഈ ക്രിസ്മസ് സമ്മാനം യാഥാർത്ഥ്യമായിരിക്കുന്നതെന്നും ഈ അമ്മ വിശദീകരിക്കുന്നു.

ഇതിന് വേണ്ടി വരുന്ന ചെലവ് തന്നെ ഒരിക്കലും ആശങ്കപ്പെടുത്തുന്നില്ലെന്നും ഹിഗിറ പറയുന്നു. മകളുടെ മുഖത്ത് ചിരി നിലനിർത്തുന്നതിനാണ് താൻ മറ്റൈന്തിനേക്കാളും പ്രാധാന്യം നൽകുന്നതെന്നും ഹിഗിറ പറയുന്നു. അവരുടെ ലക്ഷ്വറി ലൈഫ്സ്‌റ്റൈൽ മാനേജരായ പൗളയാണ് ഈ വിശിഷ്ട സമ്മാനം തെരഞ്ഞെടുക്കാൻ ഹിഗിറയെ സഹായിച്ചിരിക്കുന്നത്. ഈ സമ്മാനം കിട്ടിയപ്പോൾ ഹലായ്ക്ക് വളരെ സന്തോഷമായിട്ടുണ്ട്.

അഞ്ച് വയസുകാരൻ ഹ്യൂഗോ, നാല് വയസുള്ള ഇരട്ടകളായ ആൽബെർട്ട്, റുപെർട്ട് എന്നീ തന്റെ മൂന്ന് ആൺമക്കളുടെ ക്രിസ്മസ് സന്തോഷപ്രദമാക്കാനായി ക്രിസ്മസിന് പുൽക്കൂടൊരുക്കുന്നതിനായി 60,000 പൗണ്ട് പൊടിച്ചിരിക്കുന്നത് മാൻസ്ഫീൽഡ് ടൗണിലെ ബോസ് കരോലിൻ റാഡ്ഫോർഡാണ്. തങ്ങളുടെ 10 മുറികളുള്ള മാൻഷൻ അലങ്കരിക്കുന്നതിനായി റാഡ്ഫോർഡ് ക്രിസ്മസ് ഇൻക് എന്ന സ്പെഷ്യലിസ്റ്റ് ഫേമിനെ തന്നെ ഏൽപ്പിക്കുകയും പ്രസ്തുത തുക നൽകുകയുമായിരുന്നു. 25 മീറ്റർ ഗാർലാൻഡ്, 240 മീറ്റർ റിബൺ, 1000 ബബിളുകൾ എന്നിവ ഉപയോഗിച്ചാണ് ഇവിടെ ക്രിസ്മസ് ട്രീ ഒരുക്കിയിരിക്കുന്നത്.