ന്യൂഡൽഹി: ഡൽഹിയിൽ ചീഫ് സെക്രട്ടറി നിയമനവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ലഫ്റ്റനന്റ് ഗവർണറുടെ തീരുമാനത്തിന് അനുകൂലമായി കേന്ദ്രത്തിന്റെ സർക്കുലർ. ഉദ്യോഗസ്ഥ നിയമനങ്ങളിൽ മുഖ്യമന്ത്രിയുടേയും ഗവർണറുടേയും അധികാരങ്ങൾ വ്യക്തമാക്കിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനമിറക്കിയത്.

ഡൽഹി സംസ്ഥാന സർക്കാരിന്റെ അധികാരങ്ങൾ കേന്ദ്രം നിയന്ത്രിക്കും വിധമാണ് വിജ്ഞാപനം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ലഫ്. ഗവർണർ നജീബ് ജങ്ങും തമ്മിൽ കുറച്ചു ദിവസങ്ങളിലായി തുടരുന്ന ഭരണഘടനാപരമായ തർക്കത്തിന് പരിഹാരമെന്ന നിലയിലാണ് കേന്ദ്രം വിജ്ഞാപനമിറക്കിയത്.

കേന്ദ്രഭരണ പ്രദേശങ്ങളിലെ ഐഎഎസ്, ഐപിഎസ് നിയമനങ്ങളുടെ പൂർണ ചുമതല ഇനി ലഫ്. ഗവർണർക്കായിരിക്കുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇറക്കിയ വിജ്ഞാപനം പറയുന്നു. ആവശ്യമെങ്കിൽ മാത്രം മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയാൽ മതിയെന്നും വിജ്ഞാപനത്തിൽ പറയുന്നു. നിയമനം, സ്ഥലംമാറ്റം തുടങ്ങിയ കാര്യങ്ങളിലാണു ഗവർണർക്കു തീരുമാനമെടുക്കാൻ കഴിയുക.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടാണ് മന്ത്രാലയം വിജ്ഞാപനം ഇറക്കിയത്. കേന്ദ്ര സർവീസിലേക്കുള്ള ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലമാറ്റവും സംബന്ധിച്ചാണ് മുഖ്യമന്ത്രിയും ലെഫ്. ഗവർണറും തർക്കമുണ്ടായിരുന്നത്. ലഫ്. ഗവണറിലൂടെ ഡൽഹിയുടെ ഭരണം നടത്താൻ കേന്ദ്രസർക്കാർ നീക്കം നടത്തുകയാണെന്ന് കുറ്റപ്പെടുത്തി അരവിന്ദ് കേജ് രിവാൾ നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു.

കഴിഞ്ഞ ദിവസം ലഫ്. ഗവർണർ നിയമിച്ച താത്കാലിക ചീഫ് സെക്രട്ടറിയെ അംഗീകരിക്കാൻ കേജരിവാൾ തയാറായിരുന്നില്ല. ഇതേത്തുടർന്നു വലിയ വിവാദങ്ങളാണ് ഉണ്ടായത്. വിഷയത്തിൽ ലഫ്. ഗവർണർ നജീബ് ജംഗിനു പിന്തുണ നൽകുന്നതാണു കേന്ദ്രത്തിന്റെ നടപടി. ഭരണഘടനയുടെ 239-ാമത്തെ വകുപ്പനുസരിച്ചാണു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി.

അതേ സമയം പുതിയ നടപടിയിലൂടെ ബിജെപി വീണ്ടും തോറ്റെന്നു മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥ നിയമനങ്ങൾക്കുള്ള അധികാരം ഗവർണർക്കു നൽകിക്കൊണ്ടുള്ള കേന്ദ്ര സർക്കാർ വിജ്ഞാപനത്തോടു ട്വിറ്ററിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആദ്യം ബിജെപി തെരഞ്ഞെടുപ്പിൽ തോറ്റു. ഇപ്പോൾ പരിഭ്രാന്തി മൂലം സംസ്ഥാന സർക്കാരിന്റെ അധികാരങ്ങൾ എടുത്തുമാറ്റി വീണ്ടും തോറ്റിരിക്കുകയാണെന്നും കേജരിവാൾ ട്വിറ്ററിൽ കുറിച്ചു.

സർക്കാരുമായി കൂടിയാലോചിക്കാതെ നിയമനങ്ങളും സ്ഥലംമാറ്റങ്ങളും ലഫ്. ഗവർണർ സ്വയം ഏറ്റെടുത്ത് നടത്തുകയാണെന്നും ഇത് ഭരണഘടനാ വിരുദ്ധവുമാണെന്നും പറഞ്ഞ കേജ്‌രിവാൾ ഡൽഹി സർക്കാരിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കണമെന്നു പ്രധാനമന്ത്രിയോടു കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഉദ്യോഗതലത്തിൽ സർക്കാരിന്റെ വിശ്വസ്ഥരെ മാറ്റി പകരം കേന്ദ്രത്തിലെ ബിജെപി സർക്കാരിന് വേണ്ടപ്പെട്ടവരെയാണ് ലഫ്. ഗവർണർ ഉന്നതതലങ്ങളിൽ നിയമിക്കുന്നതെന്നും കെജ്രിവാൾ ആരോപിച്ചിരുന്നു.