മുംബൈ: നിലവിലെ വൈഫൈയ്ക്ക് വേഗത പോരായെന്ന സങ്കടം മാറ്റാൻ വൈഫൈയുടെ സ്ഥാനത്ത് ലൈഫൈ വരുന്നു. ഇതിന്റെ പരീക്ഷണ ഉപയോഗം ഇന്ത്യയിൽ ആരംഭിച്ചു. കേന്ദ്രസർക്കാരിന് കീഴിലുള്ള ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയാണ് പുതിയ ലൈഫൈ പരീക്ഷണം നടത്തിയത്.

നിലവിലുള്ള വൈഫൈ സാങ്കേതിക വിദ്യയുടെ ഭാവിയാണ് ലൈഫൈ. നിലവിലെ വൈഫൈയിൽ ലഭിക്കുന്ന വേഗതയുടെ നൂറിരട്ടി ലൈ-ഫൈ പ്രദാനം ചെയ്യുമെന്നാണ് ടെക് വിദഗ്ദ്ധർ പറയുന്നത്. അതായത് ഏകദേശം 1.5 ജിബിയുടെ 20 സിനിമകൾ കേവലം സെക്കന്റുകൾക്കുള്ളിൽ ഡൗൺലോഡ് ചെയ്യാമെന്നാണ് ഇതിന്റെ പ്രത്യേകത.

വരും വർഷങ്ങളിലെ ഡേറ്റാ വിപ്ലവം കൈകാര്യം ചെയ്യാൻ രാജ്യത്ത് അതിവേഗ നെറ്റ്‌വർക്കുകൾ വേണ്ടി വരുമ്പോൾ ഡിജിറ്റൽ ഇന്ത്യയ്ക്ക് കീഴിൽ നിരവധി പദ്ധതികളാണ് കേന്ദ്ര സർക്കാർ ആസൂത്രണം ചെയ്യുന്നത്. ഇതെല്ലാം മുൻകൂടി കണ്ടാണ് കേന്ദ്രസർക്കാരും ലൈഫൈ പരീക്ഷിക്കാൻ തീരുമാനിച്ചത്.

ഫിലിപ്സ് ലൈറ്റ്‌നിങ് കമ്പനി, ഐഐടി മദ്രാസ് എന്നിവരുമായി ചേർന്ന് ഇആർഎൻഇടി ആണ് ലൈഫൈയുടെ പ്രാഥമിക പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്. ഇന്ത്യയിൽ നടന്ന പരീക്ഷണത്തിൽ സെക്കൻഡിൽ 10 ജിബി ഡേറ്റയാണ് കൈമാറാൻ കഴിഞ്ഞത്.

400 മുതൽ 800 ടെറാഹെർട്‌സിലുള്ള വെളിച്ചം ഉപയോഗിച്ചാണ് ബൈനറി കോഡിലുള്ള ഡേറ്റാ വിനിമയം നടത്തുന്നത്. ദൃശ്യമായ വെളിച്ചം ഉപയോഗിക്കുന്നതുകൊണ്ട് കൂടുതൽ സുരക്ഷിതമാണെന്ന് അവകാശപ്പെടുന്നു. വെളിച്ചത്തിന് ഭിത്തികൾ കടക്കാൻ കഴിവില്ലാത്തതുകൊണ്ടു നെറ്റ്‌വർക്ക് കൂടുതൽ സുരക്ഷിതമാകുകയും മറ്റു സാങ്കേതിക തടസങ്ങൾ ഉണ്ടാകാതിരിക്കുകയും ചെയ്യും.