ബെയ്ജിങ്: ചൈനീസ് പ്രധാനമന്ത്രിയായി വീണ്ടും ലി കെചിയാംഗിനെ തെരഞ്ഞെടുത്തു. ശനിയാഴ്ച ഷി ചിൻപിംഗിനെ ചൈനയുടെ പ്രസിഡന്റായി ചൈനീസ് പാർലമെന്റ് തെരഞ്ഞെടുത്തിരുന്നു. ഷീയുടെ തന്നെ വിശ്വസ്തൻ വാങ് ചിഷാൻ വൈസ് പ്രസിഡന്റ് ആയി.

ചൈനീസ് പാർലമെന്റിലെ 2,966 പേരിൽ 2,964 പേരും കെചിയാംഗിനു വോട്ട് രേഖപ്പെടുത്തി. 2013ലാണ് കെചിയാംഗ് ആദ്യമായി ചൈനീസ് പ്രധാനമന്ത്രിയായത്. ഇത് രണ്ടാം തവണയാണ് ലി കെചിയാംഗ് പ്രധാനമന്ത്രിയാകുന്നത്. ഷി ചിൻപിംഗിന്റെ അനിഷേധ്യ നേതൃത്വം അംഗീകരിച്ചുകൊണ്ട് അഞ്ചു വർഷം നീളുന്ന രണ്ടാമത്തെ കാലാവധിയിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഒരാഴ്ച മുന്പു പാസാക്കിയ ഭരണഘടനാ ഭേദഗതി വഴി പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും രണ്ടുടേം എന്ന വ്യവസ്ഥ നീക്കിയിരുന്നു. അതനുസരിച്ചു ഷിക്ക് ആജീവനാന്തം പ്രസിഡന്റായി തുടരാനുള്ള സാഹചര്യം സൃഷ്ടക്കുകയും ചെയ്തു. പാർലമെന്റിലെ 2970 പേരും ഷിക്ക് വോട്ട് ചെയ്തു.

ഷിയുടെ വിശ്വസ്തൻ വാംഗ് ചിഷാനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തതും ഏകപക്ഷീയമായിരുന്നു. 2012 മുതൽ പാർട്ടി പോളിറ്റ് ബ്യൂറോ സ്റ്റാൻഡിങ് കമ്മിറ്റിയിൽ അംഗമായിരുന്നു വാംഗ്. ഒക്ടോബറിൽ അതിൽനിന്നു മാറിയിരുന്നു. ഒന്നിനെതിരേ 2969 വോട്ടിനാണ് വാംഗ് തിരഞ്ഞെടുക്കപ്പെട്ടത്.