മൊൺറോവിയ: പടിഞ്ഞാറൻ ആഫ്രിക്കയെ ഭീതിയുടെ നിഴലിൽ നിർത്തുകയും 11,000 ത്തിലധികം പേരുടെ ജീവനെടുക്കുകയും ചെയ്ത എബോള് എന്ന മാരക രോഗം ലൈബിരിയയിൽ നിന്ന് ഒഴിഞ്ഞതായി റിപ്പോർട്ട്. 2013 ഡിസംബറിൽ ഗിനിയയുടെ തെക്കന്മേഖലകളിൽ പൊട്ടിപ്പുറപ്പെട്ട എബോളയെന്ന പകർച്ചവ്യാധി ഹെൽത്ത് സർവീസിനേയും രാജ്യങ്ങളുടെ സമ്പദ് ഘടനയേയും കുറച്ചൊന്നുമല്ല വലച്ചത്.

ഗിനിയ, ലൈബീരിയ, സിയേറ ലിയോൺ എന്നീ രാജ്യങ്ങളിൽ എബോള പടർന്നതിനെ തുടർന്ന് തെരുവുകളിൽ മൃതദേഹങ്ങൾ അടിഞ്ഞുകൂടുകയും ഓരോ ആഴ്ചയും നൂറുകണക്കിന് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയുമായിരുന്നു. മാരകരോഗം പടർന്നതിന്റെ രണ്ടു വർഷത്തിനു ശേഷം ലൈബിരിയ എബോള വിമുക്തമെന്ന് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ സാക്ഷ്യപ്പെടുത്തുന്നു. 42 ദിവസമായി നടത്തി വരുന്നിരുന്ന എബോള പരിശോധനയിൽ എല്ലാം നെഗറ്റീവാണെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ലൈബിരിയ എബോള വിമുക്തമെന്ന് പ്രഖ്യാപിക്കുന്നത്.

മൂന്നു രാജ്യങ്ങളിൽ വച്ച് ലൈബിരിയയായിരുന്നു എബോള ഏറ്റവും കൂടുതൽ ബാധിച്ചത്. 4800 പേരാണ് ഇവിടെ എബോള ബാധയെതുടർന്ന് മരണത്തിന് കീഴടങ്ങിയത്. അവസാനം ഡിസംബർ മൂന്നിന് എബോളയുണ്ടെന്ന് സംശയിച്ചെത്തിയ രണ്ടു കേസുകളും നെഗറ്റീവാണെന്ന് തെളിയുകയായിരുന്നു. അതേസമയം എബോളയ്‌ക്കെതിരേ രാജ്യം ജാഗരൂകരായിരിക്കുമെന്നും രോഗം തടയാനുള്ള നടപടികൾ ഇനിയും തുടരുമെന്നും ലൈബീരിയയുടെ ചീഫ് മെഡിക്കൽ ഓഫീസർ ഫ്രാൻസീസ് കാർത്തെ വ്യക്തമാക്കി.