- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മോഹൻലാലിന് വേണ്ടി വിട്ടുവീഴ്ച്ച ചെയ്യുന്നതിൽ തെറ്റില്ല; കുഞ്ഞാലി മരയ്ക്കാർ തീയറ്ററിൽ വരേണ്ടത് എല്ലാവരുടെയും ആവശ്യം; വിട്ടുവീഴ്ച്ച ചെയ്യാൻ ഫെഡറേഷൻ തയ്യാറാണ്; ഫിയോക്കും തയ്യാറാകണം; മരയ്ക്കാർ തീയറ്ററിൽ വരണമെന്നത് പ്രിയദർശൻ അടക്കമുള്ളവരുടെ സ്വപ്നം: ലിബർട്ടി ബഷീർ മറുനാടനോട്
തിരുവനന്തപുരം: കുഞ്ഞാലിമരയ്ക്കാർ അറബിക്കടലിന്റെ സിംഹം തീയറ്ററിൽ പ്രദർശിപ്പിക്കേണ്ടത് എല്ലാവരുടെയും ആവശ്യമാണെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീർ. അതിന് വേണ്ടി വിട്ടുവീഴ്ച്ചകൾ ചെയ്യേണ്ടി വരും. അതിന് എക്സിബിറ്റേഴ്സ് ഫെഡറേഷന് കീഴിലുള്ള തീയറ്റർ ഉടമകൾ തയ്യാറാണ്. ഫിയോക്കും അതിന് തയ്യാറാവണമെന്നും ലിബർട്ടി ബഷീർ ആവശ്യപ്പെട്ടു.
ആന്റണി പെരുമ്പാവൂരിന്റെ എല്ലാ ഉപാധികളും അംഗീകരിക്കണമെന്ന് ഞാൻ പറയില്ല. എന്നാൽ ഇരുവശങ്ങളിൽ നിന്നും വിട്ടുവീഴ്ച്ചകളുണ്ടാകണം. ബിഗ് ബജറ്റ് സിനിമ എന്നത് കണക്കിലെടുത്ത് സിനിമാ വ്യവസായത്തിന് വേണ്ടി സർക്കാർ ഉത്തരവ് നോക്കാതെ പടം പ്രദർശിപ്പിക്കണമെന്നേ ഞാൻ പറയൂ. ഞായറാഴ്ച്ചകളിൽ ഷോ ഉണ്ടാകണം. അഡ്വാൻസ് അവർ പറയുന്നത് നൽകിയാലും യാതൊരു കുഴപ്പവുമില്ല.
മോഹൻലാലിനെ സംബന്ധിച്ച് പൈസ നൽകുന്നതിന് പേടിക്കാനേ ഇല്ല. അദ്ദേഹത്തിന്റെ പ്രണവം ആർട്സിന് കോടിക്കണക്കിന് രൂപ തീയറ്റർ ബാലൻസ് ഉണ്ടായിരുന്നു. ആ തീയറ്റർ ബാലൻസെല്ലാം കൊടുത്തുതീർത്തിട്ടാണ് അദ്ദേഹം സ്ഥാപനം പ്രവർത്തനമവസാനിപ്പിച്ചത്. അതുകൊണ്ട് അദ്ദേഹത്തിന്റെ കാര്യത്തിൽ ആശങ്കയുടെ ആവശ്യമില്ലെന്നും ലിബർട്ടി ബഷീർ വ്യക്തമാക്കി.
ആന്റണി പെരുമ്പാവൂരും ഫിയോക്കുമായി ഇതുവരെയും ഒരു ചർച്ച നടന്നിട്ടില്ല. ഫിയോക്ക് അധികൃതർ മോഹൻലാലിനേയോ മന്ത്രിയേയോ കണ്ടിട്ട് യാതൊരു കാര്യവുമില്ല. ഈ ചിത്രത്തിന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരാണ്. അദ്ദേഹവുമായി വേണം സംസാരിക്കാൻ. ആന്റണി ഫിയോക്കിന്റെ മുൻപ്രസിഡന്റാണ്, ഇപ്പോഴത്തെ വൈസ് പ്രസിഡന്റാണ്. ആന്റണിയെ കാണില്ലെന്നത് ഫിയോക്കിന്റെ വാശിയാണ്. ആ വാശിയൊക്കെ ഉപേക്ഷിച്ച് വിട്ടുവീഴ്ച്ചയ്ക്ക് ഫിയോക്ക് തയ്യാറാകണമെന്നും ലിബർട്ടി ബഷീർ ആവശ്യപ്പെട്ടു.
സംവിധായകനായ പ്രിയദർശനും അതിൽ അഭിനയിച്ചിരിക്കുന്ന അഭിനേതാക്കൾക്കും പല അണിയറ പ്രവർത്തകൾക്കും ചിത്രം തീയറ്ററിൽ റിലീസ് ചെയ്ത് കാണണമെന്നാണ് ആഗ്രഹം. എന്നാൽ തീരുമാനമെടുക്കേണ്ടത് നിർമ്മാതാവായ ആന്റണി പെരുമ്പാവൂരാണ്. അദ്ദേഹത്തിനോടാണ് ഫിയോക്ക് സംസാരിക്കേണ്ടതെന്നും എന്ത് വിട്ടുവീഴ്ച്ചയ്ക്കും ഫെഡറേഷൻ തയ്യാറാണെന്നും ലിബർട്ടി ബഷീർ മറുനാടനോട് പറഞ്ഞു.
മരക്കാർ റിലീസുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാനായി മന്ത്രി സജി ചെറിയാൻ വിളിച്ച യോഗം മാറ്റിവച്ചിരുന്നു. സംഘടനാ പ്രതിനിധികളുടെ അസൗകര്യം കണക്കിലെടുത്താണ് ചർച്ച മാറ്റിയത് എന്നായിരുന്നു അറിയിച്ചിരുന്നത്.മരക്കാറിന് അഡ്വാൻസ് തുകയായി 40 കോടി രൂപ തിയേറ്ററുടമകൾ നൽകണമെന്നാണ് ആന്റണി പെരുമ്പാവൂർ ആവശ്യപ്പെട്ടിരുന്നത്. ഈ ആവശ്യം തള്ളിയതിനു പിന്നാലെ പരമാവധി 10 കോടി എന്നായിരുന്നു ഫിയോക്കിന്റെ മറുപടി. ചേംബർ ഇടപെടലിൽ നിർമ്മാതാവ് മുൻകൂർ തുക 25 കോടിയാക്കി.
പരമാവധി സ്ക്രീനുകൾ എന്ന നിർമ്മാതാവിന്റെ ആവശ്യം ഫിയോക് അംഗീകരിച്ചിരുന്നു. റിലീസ് സമയം 500 കേന്ദ്രങ്ങളിൽ മൂന്നാഴ്ച മരക്കാർ മാത്രം പ്രദർശിപ്പിക്കാമെന്നായിരുന്നു നൽകിയിരുന്ന ഉറപ്പ്.ഒടിടിയിൽ ആമസോൺ അടക്കമുള്ള പ്ളാറ്റ് ഫോമുകൾ മരക്കാറിന് വച്ചിരിക്കുന്നത് ഇന്ത്യയിലെ ഏറ്റവും ഉയർന്ന തുകയാണ്. എല്ലാ ഭാഷകളിലും ക്രിസ്തുമസ് കാലത്ത് വമ്പൻ റിലീസാണ് ഒടിടി പ്ലാറ്റ്ഫോമുകളുടെ ലക്ഷ്യം.