കൊച്ചി: സിനിമാ തർക്കം പരിഹാരമില്ലാതെ തുടരുന്ന സാഹചര്യത്തിലും വാക്‌പോരിന് യാതൊരു കുറവുമില്ല. ചാലക്കുടി എംപിയും അമ്മ പ്രസിഡന്റുമായ ഇന്നസെന്റിന്റെ പ്രസ്ഥാവനയ്ക്ക് മറുപടിയുമായി ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീർ രംഗത്തെത്തിയതോടെ പ്രതിസന്ധി യാതൊരു പരിഹാരവുമില്ലാതെ തുടരുകയാണ്. തിയറ്റർ ഉടമകളെ ഇന്നസെന്റ് ഭയപ്പെടുത്താൻ നോക്കേണ്ടെന്നാണ് ലിബർട്ടി ബഷീറിന്റെ പുതിയ പ്രസ്താവന.

25 വർഷം മുൻപ് സിനിമയിൽ അഭിനയിക്കുമ്പോൾ ഇന്നസെന്റ് 50,000 രൂപയാണ് വാങ്ങിയിരുന്നതെങ്കിൽ ഇന്ന് 35-50 ലക്ഷത്തിൽ എത്തിയിരിക്കുകയാണ് പ്രതിഫലം. വിതരണ വിഹിതം 60:40 എന്നത് 25 വർഷം മുമ്പ് തീരുമാനിച്ചതാണ്. അതിൽ കാലോചിത മാറ്റമാണ് തങ്ങൾ ആവശ്യപ്പെടുന്നത്- ബഷീർ പറഞ്ഞു.

മലയാള സിനിമകൾക്കുപകരം അന്യഭാഷ ചിത്രങ്ങൾ പ്രദർശിപ്പിക്കുമെന്ന തിയറ്റർ ഉടമകളുടെ വാശി തമിഴ്‌നാട്ടിലോ കർണാടകയിലോ ആയിരുന്നുവെങ്കിൽ വിവരമറിയുമായിരുന്നുവെന്നും സംസ്‌കാരമുള്ളതുകൊണ്ടാണ് മിണ്ടാതിരിക്കുന്നതെന്നും താരസംഘടനയായ 'അമ്മ' പ്രസിഡന്റ് ഇന്നസെന്റ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് മറുപടിയായി നൽകിയ പ്രസ്താവനയിലാണ് ലിബർട്ടി ബഷീർ ഇക്കാര്യം വ്യക്തമാക്കിയത്.

വിതരണവിഹിതത്തിൽ മാറ്റം വരുത്തണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്. ഇതിൽ തീരുമാനമൊന്നും ആകാതിരുന്നതിനത്തെുടർന്നാണ് ഡിസംബർ 16 മുതൽ പുതിയ വിതരണ വിഹിത അടിസ്ഥാനത്തിലേ സിനിമകൾ പ്രദർശനത്തിനെടുക്കേണ്ടതുള്ളൂ എന്ന് നവംബർ ഒന്നിന് തീരുമാനിച്ചത്. മലയാള ചിത്രങ്ങൾ പ്രദർശിപ്പിക്കില്ലെന്ന് പറഞ്ഞിട്ടില്ല. പടങ്ങൾ പിൻവലിക്കുമെന്ന് പറഞ്ഞ സാഹചര്യത്തിൽ പാവപ്പെട്ട തൊഴിലാളികളുടെ ജോലി നഷ്ടപ്പെടുമെന്ന് കണ്ടതിനാലാണ് അന്യഭാഷ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ നിർബന്ധിതരായത്. പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങൾ പിൻവലിച്ചാൽ മറ്റ് സംസ്ഥാനങ്ങളിൽ നിർമ്മാതാക്കൾക്കും വിതരണക്കാർക്കും കനത്ത നഷ്ടമുണ്ടാകുമെന്ന കാര്യവും പ്രസ്താവനയിൽ ഓർമിപ്പിച്ചു.