കൊച്ചി: നിർമ്മാതാക്കളും വിതരണക്കാരുമായി ഒത്തുതീർപ്പിനില്ലെന്ന് എ ക്ലാസ് തീയറ്റർ ഉടമകളും പ്രഖ്യാപിച്ചു. ഇതോടെ മലയാള സിനിമ മേഖല പൂർണമായും സ്തംഭനത്തിലാകുകയാണ്. നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും ഭീഷണിക്ക് വഴങ്ങേണ്ടെന്ന് കൊച്ചിയിൽ ചേർന്ന എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ യോഗമാണു തീരുമാനിച്ചത്. ബദൽ മാർഗങ്ങൾ സ്വീകരിച്ച് തീയറ്ററുകൾ പ്രവർത്തിപ്പിച്ച് മുന്നോട്ടുപോകാനാണ് എ ക്ലാസ് തീയറ്റർ ഉടമകളുടെ തീരുമാനം.

നിർമ്മാതാക്കളുടെ സംഘടനയുടെ പ്രസിഡന്റ് സുരേഷ്‌കുമാറിന്റെ സ്ഥാപിത താത്പര്യങ്ങളാണ് സിനിമ സമരത്തിന് കാരണമെന്ന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീർ ആരോപിച്ചു. ഉടൻ പുറത്തിറങ്ങാൻ പോകുന്ന വിജയ് ചിത്രം ഭൈരവയിൽ സുരേഷ്‌കുമാറിന്റെ മകൾ കീർത്തി സുരേഷാണ് നായിക. സിനിമ സമരം തീർന്നാൽ ഈ ചിത്രത്തിന് 75 തീയറ്ററുകൾ മാത്രമേ റിലീസിന് ലഭിക്കൂ. സമരം മുന്നോട്ടുകൊണ്ടുപോയാൽ ഭൈരവ 225 തീയറ്ററുകളിൽ റിലീസ് ചെയ്യാൻ കഴിയുമെന്നും അതിന്റെ ഗുണം മകൾക്ക് ലഭിക്കുമെന്ന് മനസിലാക്കിയാണ് സുരേഷ്‌കുമാർ പ്രവർത്തിക്കുന്നതെന്നും ലിബർട്ടി ബഷീർ ആരോപിച്ചു.

സ്വന്തം താത്പര്യത്തിന് വേണ്ടി സുരേഷ്‌കുമാർ സംഘടനയെ വഞ്ചിക്കുകയാണ്. നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനയിൽ പെട്ട പലരും ചിത്രം റിലീസ് ചെയ്യാൻ തയാറായി നിൽക്കുകയാണ്. തങ്ങളുമായി സഹകരിക്കുന്നവരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുമെന്നും ലിബർട്ടി ബഷീർ പറഞ്ഞു.