കണ്ണൂർ: സംയുക്താവർമ്മയും ഗീതുമോഹൻദാസും ചലച്ചിത്ര രംഗത്ത് ഇപ്പോഴും ഉണ്ടായിരുന്നെങ്കിൽ ദിലീപിന്റെ ക്വട്ടേഷൻ സംഘം അവരെ അപായപ്പെടുത്തിയേനെ എന്ന ആരോപണവുമായി ലിബർട്ടി ബഷീർ.

പൾസർ സുനി ഒന്നുമല്ല. അതിലും വലിയ ക്വട്ടേഷൻ ടീം നായകൻ ദിലീപിനുണ്ടെന്നും ബഷീർ പറയുന്നു. അന്വേഷണം ഇനിയും മുന്നോട്ട് പോയാൽ അക്കാര്യങ്ങളൊക്കെ വ്യക്തമാവുമെന്ന് ബഷീർ പറയുന്നു. ചലച്ചിത്ര മേഖലയിൽ ക്വട്ടേഷൻ ടീമിനെ നയിക്കുന്ന നടനാണ് ദിലീപ്. കൊടും ക്രൂരനാണ് അയാൾ. കൊച്ചിയിൽ നടി അപമാനിക്കപ്പെട്ട സംഭവം വിജയിച്ചിരുന്നുവെങ്കിൽ ചലച്ചിത്ര രംഗത്തെ ദിലീപ് അമ്മാനമാടുമായിരുന്നു.

ദിലീപിന്റെ അടുത്ത ലക്ഷ്യം സംവിധായകൻ ശ്രീകുമാർ മേനോനായിരുന്നു. മുബൈയിൽ വച്ചും ഗുജറാത്തിൽ വച്ചും അതിനുള്ള ഗൂഢാലോചന നടന്നിരുന്നു. മഞ്ജുവാര്യർക്ക് പുനർജ്ജന്മം നൽകി തിരിച്ചു കൊണ്ടുവന്നതിലായിരുന്നു ശ്രീകുമാറിനോടുള്ള പക. കോടതി ഇപ്പോൾ ദിലീപിന് ജാമ്യം നിഷേധിച്ചതു തന്നെ അയാളുടെ ക്രൂരത വെളിവാക്കുന്നു.

കേസ് ഡയറി ലഭിച്ചാൽ ദിലീപിന്റെ ക്രൂരത മുഴുവൻ വ്യക്തമാകും-ബഷീർ പറയുന്നു. ഇപ്പോൾ നടിയെ ആക്രമിച്ച ക്വട്ടേഷൻ സംഭവം പുറത്ത് വന്നില്ലായിരുന്നുവെങ്കിൽ ശ്രീകുമാറിന്റെ ജീവനു പോലും ഭീഷണിയാകുമായിരുന്നുവെന്നാണ് ബഷീറിന്റെ വെളിപ്പെടുത്തൽ.

മഞ്ജുവാര്യരെക്കുറിച്ച് ദിലീപ് ഒട്ടേറെ അപഖ്യാതികൾ പടച്ചു വിട്ടിരുന്നു. എന്നാൽ അവർ അതിനൊന്നും മറുപടി പറഞ്ഞിരുന്നില്ല. അത് മാന്യതയുടെ ലക്ഷണമാണ്. ശ്രീകുമാർ മഞ്ജുവിനെ തിരിച്ച് കൊണ്ടു വന്നപ്പോൾ മഞ്ജുവിനെ അയാൾ കാഴ്ചവെക്കുകയാണെന്ന് ദിലീപ് ആക്ഷേപിച്ചു. അപ്പോഴും മഞ്ജു പ്രതികരിച്ചില്ല. മഞ്ജുവിന് ലഭിച്ചിരുന്ന ചില പരസ്യ ചിത്രങ്ങളും തടസ്സപ്പെടുത്താൻ ദിലീപ് ശ്രമിച്ചിരുന്നുവെന്നും ബഷീർ ആരോപിക്കുന്നു.

അല്പകാലത്തെ സംഭവ ബഹുലമായ അന്തരീക്ഷത്തിൽ നിന്നും ചലച്ചിത്ര മേഖല പുനർജനിയിലേക്ക് കുതിക്കുകയാണ്. കേരളത്തിലെ 200 ഓളം തീയ്യറ്റർ ഉടമകൾ എറണാകുളത്ത് യോഗം ചേർന്ന് ചില തീരുമാനങ്ങൾ എടുത്തു കഴിഞ്ഞു. വിവിധ ചലച്ചിത്ര സംഘടനകളിൽ നിന്നും തന്നെ വിളിക്കുന്നുണ്ട്. താനും ചലച്ചിത്ര മേഖലയുമായുള്ള ഏറെക്കാലമായുള്ള ബന്ധം തുടരുക തന്നെ ചെയ്യുമെന്നും ബഷീർ വ്യക്തമാക്കി.