തിരുവനന്തപുരം: വെളുക്കാൻ തേച്ചത് പാണ്ടായ അവസ്ഥയിലാണ് ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീറിന്റെ ഇപ്പോഴത്തെ അവസ്ഥ. മലയാള സിനിമ വ്യവസായം കോടികൾ കൊയ്യുന്ന വിധത്തിലേക്ക് മാറിയതോടെ കൂടുതൽ ലാഭം കൊയ്യാൻ വേണ്ടിയാണ് തീയറ്റർ ഉടമകൾ രംഗത്തെത്തിയത്. ഈ ലക്ഷ്യം മാത്രമായിരുന്നു അവരുടെ സമരത്തിന് പിന്നിൽ. എന്നാൽ, ജനങ്ങൾക്ക് എളുപ്പം കാര്യം മനസിലായതും രാഷ്ട്രീയക്കാർ ആരും പിന്തുണക്കാത്തതും കൂടിയായപ്പോൾ ലിബർട്ടി ബഷീറിന്റെ ലാഭക്കൊതിക്ക് അനിവാര്യമായ പതനമായി.

ദിലീപും ടീമും കയറി ഗോളടിച്ചതോടെ ഗത്യന്തരമില്ലാതെ മുഖ്യമന്ത്രിയുടെ ഒരു ഫേസ്‌ബുക്ക് പോസ്റ്റിനെ വളച്ചൊടിച്ചാണ് സമരം അവസാനിപ്പിച്ചത്. ഇതോടെ സ്വന്തം സംഘടനിയിൽ ലിബർട്ടി ബഷീർ തീർത്തും ഒറ്റപ്പെട്ടവനായി മാറിയെന്നതാണ് അനന്തിരഫലം. മുഖ്യമന്ത്രി ഉറപ്പു നൽകിയതിനെ തുടർന്നാണ് സമരം പിൻവലിക്കുന്നത് എന്നാണ് ബഷീർ പലയിടത്തും പറഞ്ഞത്. എന്നാൽ, വാസ്തവം അതായിരുന്നില്ല, മുഖ്യമന്ത്രിയിൽ നിന്നും യാതൊരു ഉറപ്പും ലഭിക്കാതെയാണ് ലിബർട്ടി ബഷീർ സമരം പിൻവലിച്ചത്. ഈമാസം 26ന് ചേരുന്ന യോഗത്തിൽ തീയറ്ററുകളുടെ പ്രശ്‌നം ചർച്ച ചെയ്യുകയുമില്ല.

ദിലീപിന്റെ നേതൃത്വത്തിൽ ബി ക്ലാസ് തിയറ്റർ ഉടമകളെയും എ ക്ലാസ് തിയറ്റർ ഉടമകളുടെ സംഘടനയിലെ അസംതൃപ്തരെയും ഉൾപ്പെടുത്തി പുതിയ സംഘടന ഉണ്ടാക്കാനുള്ള നീക്കം നടക്കുന്ന സാഹചര്യത്തിലാണ് സമരം പിൻവലിച്ച് തടിയൂരാൻ ലിബർട്ടി ബഷീർ തീരുമാനിച്ചത്. വെറുതേ സമരം പിൻവലിച്ചാൽ കൂടുതൽ നാണക്കേടാകുമെന്ന് ഭയന്നാണ് മുഖ്യമന്ത്രിയെ അവർ കൂട്ടുപിടിച്ചത്. തിയേറ്റർ ഉടമകൾക്കിടയിലെ പ്രധാന സംഘടനയായ ഫെഡറേഷനിൽ പിളർപ്പുണ്ടാക്കുന്നത് ബഷീറിനും അദ്ദേഹത്തിന് ഒപ്പം നിൽക്കുന്നവർക്കും ക്ഷീണമുണ്ടാക്കും.

356 തിയറ്റർ ഉടമകൾ അംഗങ്ങളായുള്ള സംഘടനയിൽ നിന്ന് നൂറോളം തിയേറ്ററുകൾ പിന്മാറിയിരുന്നു. കൂടുതൽ കൊഴിഞ്ഞുപോക്ക് ഒഴിവാക്കുന്നതിനാണ് ഇപ്പോൾ സമരം പിൻവലിച്ച് സിനിമകൾ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയിൽ നിന്ന് ഉറപ്പ് ലഭിച്ചതിനാലും ചർച്ചയ്ക്ക് വിളിച്ചതിനാലുമാണ് സമരം പിൻവലിക്കുന്നതെന്നാണ് ഫെഡറേഷൻ നൽകുന്ന വിശദീകരണമെങ്കിലും മുഖ്യമന്ത്രിയിൽ നിന്ന് സംഘടനയ്ക്ക് യാതൊരു ഉറപ്പും ലഭിച്ചിട്ടില്ല.

മുഖ്യമന്ത്രിയെ സിനിമാ സമരം ചർച്ച ചെയ്യാനായി ചെന്നപ്പോൾ സമരം പിൻവലിച്ചിട്ട് വരു, ചർച്ച നടത്താം എന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ഈ സാഹചര്യത്തിലാണ് ഇന്ന് രാവിലെ മാദ്ധ്യമങ്ങളുടെ ഓഫീസുകളിൽ ഫോൺ വിളിച്ച് സമരം അവസാനിപ്പിക്കുകയാണെന്നും 26ന് സർക്കാരുമായി ചർച്ച നിശ്ചയിച്ചിട്ടുണ്ടെന്നുമുള്ള കാര്യം ലിബർട്ടി ബഷീർ അറിയിച്ചത്.

മൾട്ടിപ്ലെക്‌സ് തിയേറ്ററുകൾക്ക് നൽകുന്നത് പോലെ 50:50 അനുപാതത്തിൽ കളക്ഷൻ വിഹിതം ആവശ്യപ്പെട്ടുകൊണ്ടാണ് തിയേറ്റർ ഉടമകൾ സമരം ആരംഭിച്ചത്. എന്നാൽ, തുടക്കത്തിൽ ആവശ്യപ്പെട്ട കാര്യങ്ങളൊന്നും നേടിയെടുക്കാതെയാണ് സമരം ഇപ്പോൾ അവസാനിപ്പിക്കുന്നത്. ക്രിസ്മസ്, ന്യൂഇയർ കളക്ഷനുകൾ മുടങ്ങിയതുവഴി ഏതാണ്ട് നൂറു കോടി രൂപയോളം മലയാള സിനിമാ മേഖലയ്ക്ക് നഷ്ടമുണ്ടായി എന്നാണ് കണക്ക്. ജനുവരി 19ന് ജോമോന്റെ സുവിശേഷങ്ങൾ, 20ന് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്നീ സിനിമകൾ റിലീസ് ചെയ്യുമ്പോൾ ഉത്സവ സീസണിൽ ലഭിക്കാമായിരുന്ന കളക്ഷൻ ലഭിക്കാൻ സാധ്യതയില്ല. ഇതാണ് ലിബർട്ടി ബഷീറിനോട് സിനിമാക്കാർക്ക് ദേഷ്യം വർദ്ധിക്കാൻ പ്രധാന കാരണം.

ക്രിസ്മസ് കളക്ഷൻ ആഗ്രഹിക്കുന്ന നിർമ്മാതാക്കൾ വഴങ്ങുമെന്ന് കരുതിയാണ് ലിബർട്ടി സമരം പ്രഖ്യാപനം നടത്തിയത്. നോട്ട് നിരോധനത്തിൽ ഉഴലുന്ന സർക്കാർ ഖജനാവിലേക്കുള്ള ഉൽസവകാലത്തെ നികുതി വേണ്ടെന്ന് വയ്ക്കില്ലെന്നും കരുതി. അതുകൊണ്ട് തന്നെ അമ്പത് ശതമാനം കിട്ടിയില്ലെങ്കിലും 45 എങ്കിലും കിട്ടുമെന്ന് ലിബർട്ടി ബഷീർ കരുതി. ഇവിടെയാണ് അടി തെറ്റിയത്. കിട്ടുന്നത് കിട്ടട്ടേയെന്ന ആലോചനയിൽ പ്രഖ്യാപിച്ച സമരം അക്ഷരാർത്ഥത്തിൽ ലിബർട്ടി ബഷീറിനെ ആരുമല്ലാതെയാക്കി. ഇനി ലിബർട്ടി ബഷീറിന് മലയാള സിനിമയിൽ പഴയ പ്രതാപവുമില്ല. സർക്കാരും സിനിമാ മേഖലയും ചേർന്ന് കരുത്ത് വെട്ടിയെടുത്തിരിക്കുന്നു. പത്തുകൊല്ലം മുമ്പാണ് ലിബർട്ടി ബഷീർ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ തലപ്പത്ത് എത്തിയത്. അതിന് രണ്ട് കൊല്ല മുമ്പ് ചെറിയ പദവയിലൂടെ സംഘടനയിലെത്തി. പ്രസിഡന്റായതോടെ സംഘടനയെ മൊത്തത്തിൽ വിഴുങ്ങുകയായിരുന്നു ഈ തലശ്ശേരിക്കാരൻ.

ഇടത് സർക്കാർ അധികാരത്തിലെത്തിയാൽ താൻ കൂടതൽ കരുത്തനാകുമെന്നായിരുന്നു ലിബർട്ടി ബഷീറിന്റെ കണക്ക് കൂട്ടൽ. തലശ്ശേരി കേന്ദ്രീകരിച്ചായിരുന്നു ലിബർട്ടി ബഷീറിന്റെ ആസ്ഥാനം. ഇവിടെയാണ് തിയേറ്ററുകളും ഉള്ളത്. എ ക്ലാസ് തിയേറ്ററുകൾക്ക് വേണ്ടി ബി ക്ലാസ് തിയേറ്ററുകളെ തകർത്തു. വൈഡ് റിലീസിംഗിന് പാരവച്ചു തോൽപ്പിച്ചു. ഗണേശ് കുമാർ കൊണ്ടു വന്ന ആധുനിക വൽക്കരണവും അട്ടിമറിച്ചു. ഇതെല്ലാം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനം ഉപയോഗിച്ചായിരുന്നു ലിബർട്ടി ബഷീർ സമർത്ഥമായി തകർത്തത്. ഇതെല്ലാം തിയേറ്റർ ഉടമകൾക്ക് കൈനഷ്ടം ഉണ്ടാക്കുന്ന തീരുമാനമായിരുന്നു. അതുകൊണ്ട് തന്നെ ഈ വിഷയങ്ങളിൽ എ ക്ലാസ് തിയേറ്ററുകൾ ലിബർട്ടി ബഷീറിനെ അനുകൂലിച്ചു. അതുകൊണ്ട് തന്നെ ഒറ്റ പ്രസ്താവനയിലൂടെ സിനിമാ മേഖലയെ നിശ്ചലമാക്കാൻ ഈ തലശ്ശേരിക്കാരന് കഴിഞ്ഞു. നാക്കിന്റെ കരുത്ത് തന്നെയായിരുന്നു പ്രധാന ആയുധം.

അതുകൊണ്ട് തന്നെ ലിബർട്ടി ബഷീർ നിർമ്മാതാക്കൾക്കും വിതരണക്കാർക്കും വില്ലനായി. പലപ്പോഴും ലിബർട്ടി ബഷീറിന്റെ കരുത്ത് കുറയ്ക്കാനുള്ള നീക്കം പലരും നടത്തി. എന്നാൽ ഒന്നും സംഭവിച്ചില്ല. യുഡിഎഫ് ഭരണകാലത്ത് സിനിമാ മന്ത്രിയായിരുന്ന കെബി ഗണേശ് കുമാർ ചില നിയന്ത്രണങ്ങൾ കൊണ്ടു വന്നത് ലിബർട്ടി ബഷീറിനെ ലക്ഷ്യമിട്ടായിരുന്നു. എന്നാൽ വിവാദങ്ങളിൽ കുടുങ്ങി ഗണേശ് മന്ത്രിസ്ഥാനം രാജിവച്ചതോടെ വീണ്ടും സിനിമയുടെ നിയന്ത്രണം ലിബർട്ടി ബഷീറിന്റെ കൈയിലെത്തി. വലിയ പ്രതിസന്ധികളെയാണ് സിനിമാ മേഖല കുറച്ചു കാലമായി നേരിട്ടത്. എന്നാൽ പുലിമുരുകന് എത്തിയത് പുതുപ്രതീക്ഷയായി. ഇതിന്റെ ആശ്വാസത്തിൽ ക്രിസ്മസ് റിലീസിന് മലയാള സിനിമ മുന്നോട്ട് പോയപ്പോഴായിരുന്നു ലിബർട്ടി ബഷീറിന്റെ സമര പ്രഖ്യാപനം. എന്തിനായിരുന്നു സമരമെന്ന് ആർക്കും മനസ്സിലായില്ല. ന്യായവും ഏവരും തള്ളി. ഈ സമരക്കളിയുടെ ക്ലൈമാക്‌സിലാണ് ദിലീപ് സ്റ്റാറായതും ലിബർട്ടി സീറോ ആയതും.