കണ്ണൂർ: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ഒരാഴ്ചക്കകം എന്തെങ്കിലും സംഭവിക്കുമെന്ന് എക്സിബിറ്റേഴ്സ് ഫെഡറേഷൻ മുൻ പ്രസിഡണ്ട് ലിബർട്ടി ബഷീർ. നാദിർഷ ആരേയും ദ്രോഹിക്കുന്ന ആളല്ല. എനിക്കെതിരെ പ്രവർത്തിച്ച ആളെങ്കിലും ദിലീപും അത്തരക്കാരനല്ലെന്നാണ് വിശ്വാസം.

ആര് കുറ്റം ചെയ്തുവെന്നത് ദൈവത്തിന് മാത്രമേ അറിയൂ. എങ്കിലും ഒരാഴ്ച കൊണ്ട് എന്തെങ്കിലും സംഭവിക്കുകതന്നെ ചെയ്യുമെന്ന് ലിബർട്ടി ബഷീർ മറുനാടൻ മലയാളിയോട് പറഞ്ഞു. എന്നാൽ പൾസർ സുനിക്ക് വേണ്ടി ഭീഷണിപ്പെടുത്തിയ ആൾ പറഞ്ഞ പേര് വെളിപ്പെടുത്തിയാൽ മലയാള സിനിമയുടെ ഷൂട്ടിഗ് പോലും നിലക്കുമെന്ന നാദിർഷയുടെ അഭിപ്രായത്തെ ലിബർട്ടി ബഷീർ പരിഹസിച്ചു.

സർക്കാർ സജീവമായി ഇടപെട്ടാൽ യഥാർത്ഥ പ്രതികളെ ഉടൻ കണ്ടു പിടിക്കാം. ഇതിലും എത്ര വലിയ കേസുകൾ കേരളാ പൊലീസ് അന്വേഷിച്ച് കണ്ടെത്തുന്നുണ്ട്. മുഖം നോക്കാതെ നടപടിയെടുക്കാൻ തീരുമാനിച്ചാൽ പ്രതികൾ ഈ ആഴ്ച തന്നെ അകത്താകും. തട്ടിക്കൊണ്ടു പോയ പെൺകുട്ടി അപ്പോൾ ഋതുമതിയായതുകൊണ്ടു മാത്രമാണ് രക്ഷപ്പെട്ടത്.

അല്ലെങ്കിൽ ഡൽഹിയിലും മറ്റ് സംസ്ഥാനങ്ങളിലും നടക്കുന്നതു പോലെ അവളും ബലാത്സംഗം ചെയ്യപ്പെടുമായിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് പെൺകുട്ടിയും ചലച്ചിത്ര സമൂഹവും അതിൽ നിന്നും രക്ഷപ്പെട്ടത്. ക്രൂരമായ അനുഭവമാണ് പെൺകുട്ടിക്ക് ഉണ്ടായത്. ഇത്തരം പ്രവൃത്തികൾ സിനിമക്ക് അകത്തായാലും പുറത്തായാലും സംഭവിക്കരുത്. അതിനുള്ള നടപടികളാണ് സർക്കാർ ഭാഗത്തു നിന്നും ഉണ്ടാകേണ്ടതെന്ന് ലിബർട്ടി ബഷീർ പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരി 17 ന് രാത്രിയാണ് നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പ്രതികൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തിരുന്നു. ഭീഷണിപ്പെടുത്തി പണം തട്ടാനായി ഉപദ്രവിച്ച കാര്യങ്ങൾ പകർത്തിയെന്നായിരുന്നു കേസ്. പിന്നീട് പീഡന കുറ്റമടക്കം ചുമത്തിയായിരുന്നു പൊലീസ് കോടതിയിൽ കുറ്റ പത്രം സമർപ്പിച്ചത്. കേസിൽ ഏഴ് പ്രതികൾക്കെതിരായിരുന്നു കുറ്റ പത്രം. 375 പേജുള്ള കുറ്റപത്രം അങ്കമാലി മജിസ്ട്രേട്ട് കോടതിയിലാണ് സമർപ്പിച്ചത്. 165 സാക്ഷികളാണ് ഈ കേസിലുള്ളത്.

നിർമ്മാതാവും തീയേറ്റർ ഉടമകളുടെ സംഘടനയുടെ മുൻപ്രസിഡന്റുമായ ലിബർട്ടി ബഷീറിനെ ഒതുക്കിയത് ദിലീപിന്റെ നേതൃത്വത്തിലായിരുന്നു. അതിന് ശേഷം ലിബർട്ടി ബഷീറിന്റെ തിയേറ്ററുകൾ പോലും അനുവദിച്ചിരുന്നില്ല. പിന്നീട് ദിലീപുമായി ഒത്തു തീർപ്പുണ്ടാക്കുകയും വീണ്ടും സിനിമാ രംഗത്ത് സജീവമാവുകയുമായിരുന്നു.