കൊച്ചി: ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ നേതാവ് ലിബർട്ടി ബഷീർ ക്രിസ്തുമസ് ചിത്രങ്ങളുടെ അന്ധകനാണെന്ന് ആരോപണം കടുപ്പിച്ച് സോഷ്യൽ മീഡിയ. സാധാരണ തീയ്യറ്ററുകൾക്കും 50:50 എന്ന നിലയിൽ തീയ്യറ്റർ വിഹിതം നൽകണമെന്ന ബഷീറിന്റെ കടുംപിടുത്തമാണ് നിലവിലെ സിനിമ പ്രതിസന്ധിക്ക് കാരണമെന്നാണ് സോഷ്യൽ മീഡിയ വിമർശകരും നിർമ്മാതാക്കളുടെ സംഘടനയും ആരോപിക്കുന്നത്. എന്നാൽ സമരം അവസാനിപ്പിക്കാൻ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ എന്ത് അഡ്ജസ്റ്റ്‌മെന്റിനും തയ്യാറാണെന്ന് ലിബർട്ടി ബഷീർ മറുനാടൻ മലയാളിയോട് പറഞ്ഞു.

സിനിമകൾ ഇല്ലാത്ത ആളുകളാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തലപ്പത്ത് ഇരിക്കുന്നത്. അതിനാൽ അവർക്ക് ഇവിടെ സിനിമ സമരം നടന്നാൽ പ്രശ്‌നമില്ല. മലയാള സിനിമ സമരത്തെ മുതലെടുത്ത് അന്ന്യ ഭാഷ ചിത്രങ്ങൾ കേരളത്തിൽ നിന്ന് കോടികൾ വാരില്ലേയെന്ന ചോദ്യത്തോട്, സംഘടനയെ സംബന്ധിച്ചടത്തോളം എല്ലാം ഭാഷയും ഒരു പോലെയാണെന്നായിരുന്നു ബഷീറിന്റെ മറുപടി. നമ്മളെല്ലാം ഇന്ത്യക്കാരാണെന്നും, അതിനാൽ മലയാളം, ഹിന്ദി, തമിഴ്, തെലുങ്കു ചിത്രങ്ങളെ ഒന്നുപോലെ നോക്കിക്കാണം. അടുത്ത വിഷുവരെ പ്രദർശിപ്പിക്കാനുള്ള അന്യഭാഷ ചിത്രങ്ങൾ ഇപ്പോൾ തന്നെ ഉണ്ടെന്നും ബഷീർ കൂട്ടിച്ചേർത്തു.

തിയേറ്റർ ഉടമകളും, നിർമ്മാതാക്കളും തമ്മിലുള്ള തർക്കത്തോടെ ആരംഭിച്ച സിനിമാ സമരം, ഈ മേഖലയിൽ കനത്ത സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ജോമോന്റെ സുവിശേഷങ്ങൾ, എസ്രാ,ഫുക്രി എന്നീ ചിത്രങ്ങളായിരുന്നു ക്രിസ്തുമസ് പ്രദർശനത്തിന് എത്തേണ്ടിയിരുന്നത്. ക്രിസ്തുമസ് റിലീസുകൾ പ്രതീക്ഷിച്ചിരുന്ന സിനിമ ആസ്വാദകർ ഇതോടെ തീയ്യറ്ററുകളെ കൂട്ടത്തോടെ കയ്യൊഴിയുകയാണ്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലെ റിപ്പോർട്ട് അനുസരിച്ച് മലയാളം ചിത്രങ്ങൾക്ക് തീയ്യറ്ററുകളിൽ തിരക്ക് വളരെ കുറവാണ്.

ബുക്ക് മൈ ഷോ അടക്കമുള്ള ഓൺലൈൻ ബുക്കിങ് സംവിധാനത്തിൽ സീറ്റുകൾ ഒഴിഞ്ഞികിടക്കുകയാണ്. തിയേറ്ററുകളിൽ പ്രതീക്ഷിക്കപ്പെടുന്ന ചിത്രങ്ങളെത്തിയില്ലെങ്കിൽ തിയേറ്ററുകൾ നിശ്ചലമാകുന്ന അവസ്ഥയും വിദൂരമല്ല. എന്നാൽ അന്ന്യഭാഷ ചിത്രങ്ങൾ ഈ അവസരത്തെ നന്നായി മുതലെടുക്കുന്നതായാണ് നമ്മുടെ വിവിധ ബ്യൂറോകൾ റിപ്പോർട്ട് ചെയ്യുന്ന വിവരം. 23 ന് റിലീസ് ചെയ്ത അമീർഖാന്റെ ദൻഗൽ മിക്ക തീയ്യറ്ററുകളിലും ഹൗസ് ഫുള്ളാണ്. ഡിസംബർ രണ്ടാം വാരം പുറത്തിറങ്ങിയ ചെന്നൈ 600026 സെക്കന്റും മികച്ച പ്രേക്ഷക സ്വീകര്യതയാണ് നേടുന്നത്. ഇതിന് പുറമേ അടുത്ത ദിവസങ്ങളിൽ ഏതാനം തെലുങ്ക് ചിത്രങ്ങളും കേരളത്തിലെത്തും.

സമരകാലത്തിന് മുൻപ് തിയേറ്ററുകളിലെത്തിയ ചിത്രങ്ങളാണ് ഇപ്പോഴും പ്രദർശനം തുടരുന്നത്. മലയാള സിനിമയിലെ സകല കളക്ഷൻ റെക്കോഡുകളും സ്വന്തം പേരിലാക്കി പുലിമുരുകൻ പ്രദർശനം തുടരുന്നു. എഴുപത്തി എട്ട് ദിവസത്തിലേക്ക് കടന്ന ചിത്രം 150 കോടിയോളം കളക്ഷൻ നേടിക്കഴിഞ്ഞു. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് ഈ ചരിത്രവിജയത്തിന്റെ നിർമ്മാതാവ്. കേരളത്തിലാകെ 125 തിയേറ്ററുകളിലായി പ്രദർശിപ്പിക്കുന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പായ മന്യം പുലിയും ഹിറ്റാണ്.

ചിത്രത്തിനിപ്പോഴും നാൽപ്പത് ശതമാനം പ്രേക്ഷകരെ ലഭിക്കുന്നുവെന്നാണ് വിവരം. നവാഗതനായ സജിത് ജഗത്‌നന്ദൻ സംവിധാനം ചെയ്ത ഒരേ മുഖം അഞ്ചാം വാരത്തിലേക്കും നവാഗതനായ ജീവൻ ദാസ് സംവിധാനം ചെയ്ത കാംപസ് ഡയറി നാലാം വാരത്തിലേക്കും കടന്നു. കാംപസ് പശ്ചാത്തലത്തിൽ അവതരിപ്പിച്ച ചിത്രങ്ങളാണ് ഇവ. നാദിർഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക്ക് റോഷൻ ആറാമത്തെ ആഴ്ച പിന്നിട്ട് പ്രദർശനം തുടരുകയാണ്.

റിലീസുകളില്ലാത്തതു കാരണം സൂപ്പർ ഹിറ്റായ കട്ടപ്പനയിലെ ഋത്വിക് റോഷന് ഇപ്പോഴും ചിലയിടങ്ങളിൽ തിരക്കനുഭവപ്പെടുന്നുണ്ട്. കലവൂർ രവികുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്ത കുട്ടികളുണ്ട് സൂക്ഷിക്കുക നാലാം വാരത്തിലേക്കും, ഡോൺ മാക്‌സ് സംവിധാനം ചെയ്ത പത്ത് കൽപ്പനകൾ അഞ്ചാം വാരത്തിലേക്കും കടന്നു.