കൊച്ചി: സുരേഷ് ഗോപി ഭരത് ചന്ദ്രനായി വീണ്ടും എത്തുന്നു. ലിബർട്ടി ബഷീർ നിർമ്മിക്കുന്ന ചിത്രം രഞ്ജി പണിക്കർ അല്ലങ്കിൽ ഷാജി കൈലാസ് സംവിധാനം ചെയ്യും. സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിലെ സൂപ്പർ ഹിറ്റ് ചിത്രമായ കമ്മീഷറിലെ നായക കഥാപാത്രമാണ് ഭരത് ചന്ദ്രൻ. ലിബർട്ടി ബഷീർ വീണ്ടും ചലച്ചിത്ര നിർമ്മാണ രംഗത്തേയ്ക്ക് എത്തുന്നുവെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ടാകും.

2005ൽ രൺജി പണിക്കർ സംവിധാനം ചെയ്ത കമ്മീഷണിന്റെ രണ്ടാം ഭാഗമായ ഭരത്ചന്ദ്രൻ ഐപിഎസിലും സുരേഷ് ഗോപി നായകനായി എത്തിയിരുന്നു.2012ൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ദി കിങ് ആൻഡ് ദ് കമ്മീഷണറിലും ഭരത് ചന്ദ്രനായി സുരേഷ് ഗോപി എത്തിയിരുന്നു. അതിനു ശേഷമാണ് വീണ്ടും മലയാളികളുടെ പ്രിയ കഥാപത്രമായ ഭരത് ചന്ദ്രൻ വീണ്ടും എത്തുന്നത്.

ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ പിളർപ്പിനെ തുടർന്ന് സ്വന്തം ഉടമസ്ഥതിലുള്ള തലശ്ശേരിയിലെ തിയറ്റർ സമുച്ചയം പൊളിച്ച് കോംപ്ലക്സ് നിർമ്മിക്കുന്നുവെന്ന ലിബർട്ടി ബഷീറിന്റെ പ്രഖ്യാപനം വാർത്തകളിൽ നിറഞ്ഞിരുന്നു. ഇതിനു പിന്നാലെ സിനിമാ രംഗം വിടുകയാണെന്നും ലിബർട്ടി ബഷീർ ദിവസങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സുരേഷ് ഗോപിയെ നായകനാക്കി ഭരത്ചന്ദ്രൻ ഐപിഎസ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി ലിബർട്ടി ബഷീറിന്റെ മടങ്ങി വരവ്.

കഴിഞ്ഞ ദിവസം കണ്ണൂരിലെത്തിയ നടൻ സുരേഷ് ഗോപിയുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് നിർമ്മാണ രംഗത്തേയ്ക്ക് തിരിച്ചെത്താൻ ബഷീർ തീരുമാനിച്ചത്. മുൻപ് നായർസാബ്, അപാരത, വർത്തമാനകാലം എന്നീ ചിത്രങ്ങളിൽ സുരേഷ്ഗോപിയും ലിബർട്ടി ബഷീറും ഒന്നിച്ചിട്ടുണ്ട്. ആനുകാലിക രാഷ്ട്രീയ പ്രമേയമാക്കി എത്തുന്ന പുതിയ ചിത്രത്തിലൂടെ ലിബർട്ടി ബഷീറിനൊപ്പം സുരേഷ് ഗോപിക്കും സിനിമയിലേയ്ക്ക് രണ്ടാം വരവിനുള്ള വഴിതെളിയുമെന്നാണ് പ്രതീക്ഷ