ഹ്യൂസ്റ്റൻ: ഹ്യൂസ്റ്റൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയിറ്റർ ഹ്യൂസ്റ്റൻ, കേരളാ റൈറ്റേഴ്‌സ് ഫോറം എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ലൈബ്രറി ആരംഭിച്ചു. ഹ്യൂസ്റ്റനിലെ സ്റ്റാഫോർഡിലുള്ള മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയിറ്റർ ഹ്യൂസ്റ്റന്റെ ആസ്ഥാനമന്ദിരമായ കേരളാ ഹൗസിലായിരിക്കും ലൈബ്രറി പ്രവർത്തിക്കുക.

ലൈബ്രറിയുടെ ഉൽഘാടനം മലയാളി അസ്സോസിയേഷൻ പ്രസിഡന്റ് തോമസ് ചെറുകരയും കേരളാ റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് മാത്യു നെല്ലിക്കുന്നും നാടമുറിച്ചു കൊണ്ട് ഉൽഘാടനം ചെയ്തു. മലയാളി അസ്സോസിയേഷനിലും, കേരളാ റൈറ്റേഴ്‌സ് ഫോറത്തിലും ഭാരവാഹിയായ മാത്യു മത്തായി വെള്ളാമറ്റമാണ് ലൈബ്രേറിയൻ.

മലയാളത്തിലേയും ഇംഗ്ലീഷിലേയും ഒരു നല്ല പുസ്തക ശേഖരം ലൈബ്രറിയിലുണ്ടാകുമെന്ന് ഭാരവാഹികൾ പറഞ്ഞു. അമേരിക്കയിലെ എഴുത്തുകാർക്കും പ്രസാധകർക്കും അവരുടെ കൃതികളൊ മറ്റ് കൃതികളൊ ഈ ലൈബ്രറി പുസ്തക ശേഖരത്തിലേക്ക് സംഭാവനയായി അയക്കാവുന്നതാണെന്ന് സംഘാടകർ സൂചിപ്പിച്ചു. തോമസ് ചെറുകര, മാത്യു നെല്ലിക്കുന്ന്, ജോൺ മാത്യു, ശശിധരൻ നായർ, എ.സി. ജോർജ്, മോട്ടി മാത്യു തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചു. മലയാളി അസ്സോസിയേഷൻ സെക്രട്ടറി സുരേഷ് രാമകൃഷ്ണൻ നന്ദിപ്രസംഗം നടത്തി. അസ്സോസിയേഷൻ പ്രവർത്തകരും സാംസ്‌കാരിക നായകന്മാരും വായനക്കാരുമടക്കം അനേകം പേർ ഉൽഘാടന യോഗത്തിൽ പങ്കെടുത്തു.