ദുബായ്: എമിറേറ്റ്‌സിൽ ജോലി ചെയ്യുന്ന എല്ലാ ടീച്ചർമാരും ഇനി ലൈസൻസ് ടെസ്റ്റ് പാസാകേണ്ടി വരും. 2010-ഓടെ എല്ലാ ടീച്ചർമാർക്കും ലൈസൻസ് നിർബന്ധമാക്കാനുള്ള നടപടികളുമായി മിനിസ്ട്രി ഓഫ് എഡ്യൂക്കേഷൻ മുന്നോട്ടു പോകുകയാണ്. തുടക്കമെന്ന നിലയിൽ 750 ടീച്ചർമാർക്ക് ഇതു സംബന്ധിച്ച് ട്രെയിനിങ് നൽകും. ആറു മാസത്തെ പദ്ധതിയായി നടപ്പാക്കുന്ന ട്രെയിനിംഗിൽ ഇതു പൂർത്തിയാക്കിയ ശേഷം ടെസ്റ്റ് നടത്തും. പിന്നീട് ഫെഡറൽ ലൈസൻസ് ലഭിക്കുന്നവർക്കു മാത്രമേ ഇനി പഠിപ്പിക്കാൻ യോഗ്യതയുള്ളൂ.

അടുത്ത വർഷം മുതലാണ് ലൈസൻസ് പദ്ധതി നടപ്പിൽ വരുത്തുക. 2010-ഓടെ അദ്ധ്യാപകർക്ക് ലൈസൻസ് നിർബന്ധമാക്കുകയും ചെയ്യും. നിലവിൽ ഡോക്ടർമാർക്ക് ലൈസൻസ് ലഭ്യമാക്കുന്നതു പോലെ യുഎഇയിൽ ജോലി ചെയ്യുന്ന 60,000-ത്തിൽ പരം ടീച്ചർമാർക്കും ഇത്തരത്തിൽ ലൈസൻസ് സംവിധാനം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഘട്ടം ഘട്ടമായിട്ടായിരിക്കും ലൈസൻസ് നടപ്പിൽ വരുത്തുക. അഞ്ചു വർഷം കൊണ്ട് ഇതു പൂർണതോതിൽ നടപ്പിൽ വരുത്തും. വിവിധ സർക്കാർ സ്‌കൂളുകൾ, സ്വകാര്യ സ്‌കൂളുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന അദ്ധ്യാപകർ, വൈസ് പ്രിൻസിപ്പൽമാർ, പ്രിൻസിപ്പൽമാർ, ക്ലസ്റ്റർ മാനേജർമാർ എന്നിവർക്കെല്ലാം തന്നെ ലൈസൻസ് നിർബന്ധമാക്കും.


ലൈസൻസ് സംവിധാനം കൊണ്ടുവരുന്നതോടെ യുഎഇയിലെ വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്താനും മികച്ച യോഗ്യതയുള്ള അദ്ധ്യാപകരെ നിയമിക്കാനും സാധിക്കുമെന്ന് എഡ്യൂക്കേഷൻ മിനിസ്ട്രി വ്യക്തമാക്കി. മറ്റു മേഖലയിൽ നിന്നു തള്ളപ്പെട്ടവരോ അടിസ്ഥാന യോഗ്യതയില്ലാത്തവരോ അദ്ധ്യാപനരംഗത്ത് വരുന്നത് തടയാനും ലൈസൻസ് സമ്പ്രദായം സഹായിക്കുമെന്നും വിലയിരുത്തുന്നു. വിവിധ സ്‌കൂളുകളിൽ നിലനിൽക്കുന്ന വേതന വ്യവസ്ഥകളിലുള്ള അന്തരം ഇല്ലാതാക്കാനും ഇതു സഹായിക്കും.