ദുബായ്: കിന്റർഗാർട്ടൻ, സ്വിമ്മിങ് പൂൾ, ട്രെയിനിങ് സെന്ററുകളിൽ ജോലിക്കെത്തുന്നവർക്ക് സ്‌പെഷ്യൽ ലൈസൻസ് നിർബന്ധമാക്കിക്കൊണ്ട് നിയമം പരിഷ്‌ക്കരിക്കുന്നു. കുട്ടികൾക്കെതിരെയുള്ള ലൈംഗിക ചൂഷണം തടയുന്നത് ലക്ഷ്യമിട്ടുകൊണ്ട് നടപ്പാക്കുന്ന പദ്ധതി മിനിസ്ട്രി ഓഫ് സോഷ്യൽ അഫേഴ്‌സ് ഡിപ്പാർട്ട്‌മെന്റാണ്‌ നിർദേശിച്ചു നടപ്പാക്കുന്നത്. യുഎഈ കാബിനറ്റിന്റെ അനുമതി ലഭിച്ചു കഴിഞ്ഞാലുടൻ ഇനു പ്രാബല്യത്തിലാകും.

യുഎഇയിലെ കെജി, ട്രെയിനിങ് സെന്ററുകളിൽ ജോലിക്കെത്തുന്ന സ്റ്റാഫുകൾ ഒരു സൈക്കളോജിക്കൽ ടെസ്റ്റ് പാസാകുകയും ഇവർക്ക് മുൻ ക്രിമിനൽ പശ്ചാത്തലമില്ലെന്ന് ഉറപ്പുവരുത്തുന്ന സ്വഭാവ സർട്ടിഫിക്കറ്റുകൾ ഹാജരാകുകയും വേണമെന്നാണ് പറയുന്നത്. കുട്ടികൾക്കെതിരേയുള്ള ലൈംഗിക ചൂഷണം തടയുന്നതിനും കുട്ടികളുമായി ബന്ധപ്പെട്ട് തൊഴിൽ ചെയ്യുന്നവർക്കെല്ലാം ഇത്തരത്തിൽ ലൈസൻസുകൾ നിർബന്ധമാക്കണമെന്നുമാണ് മിനിസ്ട്രി ഓഫ് സോഷ്യൽ അഫേഴ്‌സ് ചൈൽഡ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മോസ സലാം അൽ ഷൂമി വ്യക്തമാക്കുന്നത്.

രണ്ടു ഘട്ടങ്ങളായാണ് പുതിയ നിയമം നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. നിലവിൽ ഡോക്ടർമാർ, നഴ്‌സുമാർ, അഭിഭാഷകർ എന്നിവർ സമർപ്പിക്കുന്ന ലൈസൻസ് പോലെയാണിത്. അടുത്ത വർഷം മധ്യത്തോടെ ആദ്യഘട്ടം നടപ്പാക്കുമെന്നാണ് പ്രതീക്ഷ. കിന്റർഗാർട്ടണുമായി ബന്ധപ്പെട്ടായിരിക്കും ആദ്യഘട്ടം. രണ്ടാം ഘട്ടം 2017 തുടക്കം മുതൽ നടപ്പാക്കും. കുട്ടികൾക്കുള്ള എല്ലാ ട്രെയിനിങ് സെന്ററുകളിലെ പരിശീലകർക്കായിരിക്കും രണ്ടാം ഘട്ടത്തിൽ ലൈസൻസ് നിർബന്ധമാക്കുക.