മസ്‌കത്ത് : ഒമാനിൽ ഡ്രൈവിങ് ലൈസൻസ് നിരക്ക് കുറച്ചു. സ്വദേശികൾക്കും വിദേശികൾക്കും ലൈസൻസ് പുതുക്കുന്നതിന് ഇനി പത്ത് റിയാൽ നൽകിയാൽ മതിയാകും. നേരത്തെ ഇത് 20 റിയാലായിരുന്നു.

വിദേശികൾക്ക് സ്ഥിരം ലൈസൻസ് കാലാവധി പത്ത് വർഷത്തിൽ നിന്ന് രണ്ട് വർഷമായി കുറച്ചതിന് പിന്നാലെയാണ് ഇപ്പോൾ ഫീസ് നിരക്കും കുറച്ചത്. സ്വദേശികളുടെ ലൈസൻസ് കാലാവധി പത്ത് വർഷമായി തന്നെ തുടരും.

സ്വദേശികൾക്കും വിദേശികൾക്കും താത്കാലിക ലൈസൻസുകളാണ് ആദ്യത്തെ ഒരു വർഷം ലഭിക്കുക. നിയമലംഘനങ്ങൾക്ക് ഏർപ്പെടുത്തിയ ബ്ലാക്ക് പോയിന്റ് അടിസ്ഥാനപ്പെടുത്തിയാണ് സ്ഥിരം ലൈസൻസ് നൽകുക. പത്തിൽ അധികം ബ്ലാക്ക് പോയിന്റുകൾ താത്കാലിക ലൈസൻസിൽ രേഖപ്പെടുത്തിയാൽ വീണ്ടും ഡ്രൈവിങ് പരിശീലനം നടത്തണം. ഏഴിൽ കൂടുതൽ ബ്ലാക്ക് പോയിന്റുകളുണ്ടെങ്കിൽ ഒരു വർഷത്തേക്കും ആറിൽ താഴെ മാത്രമാണ് ബ്ലാക്ക് പോയിന്റുകളെങ്കിൽ സ്ഥിരം ലൈസൻസും അനുവദിക്കും.