റിയാദ്: അടൂർ സ്വദേശിയായ യുവതി വിഷ ഉറുമ്പ് കടിച്ച് മരിച്ചത് ഞെട്ടലോടെയാണ് സൗദി മലയാളികൾ വായിച്ചറിഞ്ഞത്. വീട്ടിലേക്ക് കയറി വന്ന വിഷ ഉറുമ്പിന്റെ കടിയേറ്റ യുവതി ദിവസങ്ങൾക്കകം മരണപ്പെട്ടു. തക്ക സമയത്ത് ചികിത്സ ലഭ്യമാക്കിയിട്ടും ഈ യുവതിയുടെ മരണം ചില്ലറ ആശങ്കയല്ല മലയാളികൾക്ക് ഇടയിൽ ഉണ്ടാക്കിയിരിക്കുന്നത്. വിഷ ഉറുമ്പുകൾ മാത്രമല്ല സൗദിയിൽ ആളെ കൊല്ലികളായ നിരവധി ജന്തുക്കൾ ഓരോ ഇടങ്ങളിലും ഒളിഞ്ഞിരിപ്പുണ്ട്.

കടിച്ചാൽ മിനിറ്റുകൾക്കകം മരിച്ചു വീഴുന്ന നിരവധി തേളുകളും സൗദിയിൽ അപകടകാരികളായി ഒളിഞ്ഞിരിപ്പുണ്ട്. ആൻഡ്രോക്ടോണസ് എന്ന സ്‌കോർപിയോൺ കടിച്ചാൽ മിനിറ്റുകൾക്കകം മരിക്കും. നാല് ഇഞ്ച് മാത്രം വലിപ്പമുള്ള ഈ തേളുകൾ പെട്ടെന്ന് കണ്ണിൽ പെടില്ല എന്നതും അപകടത്തിനുള്ള വഴിവെയ്ക്കും. പാറകളിലും മറ്റും ആണ് ഈ തേളുകൾ പൊതുവേ കാണപ്പെടുക. നിർഭാഗ്യകരമെന്ന് പറയട്ടെ ഇവയുടെ വാസസ്ഥലങ്ങൾ പൊതുവേ മനുഷ്യർ വസിക്കുന്നതിന് അടുത്ത് തന്നെയായിരിക്കും.

ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികളായ തേളുകളിൽ ഒന്നായ ഡെത്ത് സ്റ്റാക്കർ ബ്ലാക് സ്‌കോർപിയോണും സൗദിയിൽ കാണപ്പെടുന്നു. ലോകത്തിലെ ഏറ്റവും മാരകവും ഏറ്റവും വേദനാജനകവുമായ വിഷങ്ങളിൽ ഒന്ന് ഈ ഇനം തേളിന്റേതാണ്. ഈ തേളിന്റെ വിഷമേറ്റാലും കുട്ടികളും വലിയവരും എല്ലാം മിനറ്റുകൾക്കം മരിക്കും.

കാലാവ്യസ്ഥാ വ്യതിനായനം ഉണ്ടാകുമ്പോഴാണ് വിഷ ഉറുമ്പുകളായ സാംസം ഉറുമ്പുകൾ നമ്മുടെ വീടുകളിലേക്ക് കടന്നു വരുന്നത്. സൗദിയുടെ കിഴക്കൻ പ്രവിശ്യകളിലാണ് ഇത് പൊതുവേ കാണപ്പെടുന്നത്. കടിയേറ്റാൽ രക്ഷപെടാനുള്ള തക്ക സമയത്ത് ചികിത്സ കിട്ടിയാൽ പോലും രക്ഷപ്പെടുമെന്ന് ഉറപ്പില്ല. സാംസം ഉറുമ്പിന്റെ വിഷം ശ്വാസകോശത്തെയും അതിനു ചുറ്റുമുള്ള കലകളേയുമാണ് ബാധിക്കുന്നത്.

അതിനാൽ തന്നെ ഈ ഉറുമ്പിന്റെ കടിയേറ്റാൽ നിമിഷങ്ങൾക്കകം അലർജിക്കുള്ള മരുന്ന് നൽകുകയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വേണം. ഇല്ലെങ്കിൽ ഇത് അപകടം വരുത്തി വയ്ക്കും. അതേസമയം ഇവിടുത്തെ സ്വദേശികളാവട്ടെ ഇത്തരം വിഷങ്ങൾക്ക് നാട്ടു ചികിത്സയാണ് പൊതുവേ ഉപയോഗിക്കാറ്. കാരണം. അലോപ്പതി മരുന്നുകളേക്കാളും ഫലപ്രദം നാട്ടു ചികിത്സയാണെന്നുമാണ് പ്രദേശവാസികൾ പറയുന്നത്.

സൗദിഅറേബ്യയുടെ മരുഭൂമിയിലും പാറക്കല്ലുകൾക്കിടയിലും വിഷംനിറഞ്ഞ നിരവധി പാമ്പുകളും ഒളിഞ്ഞിരിപ്പുണ്ട്. എല്ലാ പാമ്പുകളും മനുഷ്യർക്ക് അപകടകാരികൾ അല്ലെങ്കിലും നിരവധി പാമ്പുകൾ നമ്മുടെ ജീവൻ എടുക്കാൻ പോന്നതാണ്. അണലി ഇനത്തിൽപ്പെട്ടവയാണ് സൗദിയിലെ ഏറ്റവും അപകടകാരികളായ പാമ്പുകൾ. ത്രികോണാകൃതിയിലുള്ള തലയിൽ നിന്നും നമുക്ക് ഇവയെ പെട്ടന്ന് തിരിച്ചറിയാം. അണലി ആക്രമിക്കാൻ വന്നാൽ അനങ്ങാതെ ഒരിടത്തു നിൽക്കണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. അതേസമയം സൗദിയിൽ പാമ്പുകടിക്കുന്നത് വളരെ അപൂർവ്വമായ സംഭവമാണ്. കഴിഞ്ഞ 20 വർഷത്തിനുള്ളിൽ അഞ്ച് കേസുകൾ മാത്രമാണ് പാമ്പുകടിയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ജീവന് തന്നെ അപകടകാരികളായ ഈ വിഷ ജന്തുക്കൾ ഉള്ളതിനാൽ നമ്മൾ ഇവയെ കുറിച്ച് അറിഞ്ഞ് വയ്ക്കുന്നത് നല്ലതാണ്. പാമ്പുകടിച്ചാലോ വിഷ ഉറുമ്പ് കടിച്ചാലോ ഉടൻ തന്നെ എന്ത് ചികിത്സയാണ് ലഭ്യമാക്കേണ്ടതെന്നും ഇവയെ അകറ്റി നിർ്തതാൻ എന്തെല്ലാം മാർഗങ്ങൾ സ്വീകരിക്കണമെന്നും നമ്മൾ അറിഞ്ഞിരിക്കുകയും എപ്പോഴും കരുതി ഇരിക്കുകയും വേണം.