ആലപ്പുഴ: പെൺകുഞ്ഞായതിന്റെ പേരിൽ ആറു മാസം പ്രായമുള്ള കുഞ്ഞിനെ കൊന്നു കടലിൽ തള്ളിയ മാതാപിതാക്കൾക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. മൂന്നാം പ്രതിയെ മൂന്ന് വർഷം കഠിന തടവിനും കോടതി ശിക്ഷിച്ചു. ഉത്തർപ്രദേശിൽനിന്നുള്ള തൊഴിലാളി ദമ്പതികൾക്കാണ് ആലപ്പുഴ ജില്ലാ അഡീഷനൽ സെഷൻസ് ആൻഡ് പോക്‌സോ കോടതി ജഡ്ജി എസ്.എച്ച്.പഞ്ചാപകേശൻ ജീവപര്യന്തം ശിക്ഷി വിധിച്ചത്. ഉത്തർപ്രദേശിലെ ദേവേറിയ സ്വദേശികളായ ബാഷ്‌ദേവ് (48), ഭാര്യ പ്രതിഭ (38), സുഹൃത്ത് ബിഹാർ സ്വദേശി ഘനോജ് പ്രസാദ് (33) എന്നിവരുടെ ശിക്ഷയാണ് കോടതി നടപ്പാക്കിയത്.

2015 നവംബർ 11ന് ആണ് കേസിനാസ്പദമായ സംഭവം. കായംകുളം മത്സ്യമാർക്കറ്റിന് പടിഞ്ഞാറ് കണിയാംപറമ്പ് വീടിന്റെ ചായ്പിൽ താമസിക്കവേയാണ് ബാഷ്‌ദേവും പ്രതിഭയും ചേർന്ന് ആറുമാസം പ്രായമുള്ള മകൾ ശിവാനിയെ മർദ്ദിച്ചും കട്ടിലിൽ എടുത്തടിച്ചും കൊന്നത്. കൊലപാതകത്തിന് ശേഷം സുഹൃത്ത് സനോജിന്റെ സഹായത്തോടെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തുക ആയിരുന്നു. മൂന്നാമത്തെ കുട്ടിയും പെൺകുട്ടിയായതിനാൽ വളർത്തുന്നതിനുള്ള ബുദ്ധിമുട്ട് മൂലം കൊലപ്പെടുത്തിയതാണെന്ന് പ്രതികൾ സമ്മതിച്ചു. സാഹചര്യ തെളിവിന്റെ അടിസ്ഥാനത്തിൽ പ്രതികൾ കുറ്റക്കാരാണെന്നുള്ള പബ്‌ളിക് പ്രോസിക്യൂട്ടർ അഡ്വ. സി.വിധുവിന്റെ വാദം കോടതി അംഗീകരിച്ചു.

കുഞ്ഞിന്റെ ജഡം അഴീക്കൽ കടൽതീരത്ത് പുലിമുട്ടിൽ ഉപേക്ഷിക്കുക ആയിരുന്നു. ചൂണ്ടയിടാൻ എത്തിയവരാണു ജഡത്തെക്കുറിച്ചു പൊലീസിൽ അറിയിച്ചത്. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ സാഹചര്യത്തെളിവുകൾ തുണച്ചു.അജ്ഞാത ജഡം കണ്ടെത്തിയെന്ന് ഓച്ചിറ പൊലീസ് വാർത്തയെ തുടർന്നു രണ്ടുപേർ നിർണായകമായ മൊഴി നൽകി. പ്രതിഭ ഓട്ടോറിക്ഷയിൽ എന്തോ കൊണ്ടുപോയി അഴീക്കലിൽ കളഞ്ഞതായും ഇവരുടെ കുട്ടിയെ കാണാനില്ലെന്നുമുള്ള രഹസ്യ മൊഴിയനുസരിച്ചാണ് കായംകുളം സിഐ കെ.എസ്.ഉദയഭാനു പ്രതികളെ പിടികൂടിയത്. തെളിവ് നശിപ്പിക്കലിന് മൂന്ന് വർഷത്തെ കഠിന തടവും ഇവർക്ക് വിധിച്ചു.