തൃശൂർ: ലൈഫ്മിഷൻ പദ്ധതിയിൽ വാദ പ്രതിവാദം തുടരുന്നു. വിഷയവുമായി ബന്ധപ്പെട്ട് മന്ത്രി എ.സി.മൊയ്തീൻ ഉന്നയിച്ച വാദങ്ങൾ വിചിത്രമാണെന്ന് അനിൽ അക്കര എംഎൽഎ. റെഡ്‌ക്രെസന്റും ലൈഫ്മിഷനുമായിട്ടാണ് ധാരണയെന്ന് കരാർരേഖയിൽ പറഞ്ഞിട്ടുണ്ട്. യൂണിടാക്കിനെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ലൈഫ്മിഷൻ റെഡ്‌ക്രെസന്റിന് കത്ത് നൽകിയിട്ടുമുണ്ട്.

റെഡ്‌ക്രെസന്റ് യൂണിടാക്കിനെ ചുമതലപ്പെടുത്തിയതിന്റെ ഏതെങ്കിലും രേഖകൾ സർക്കാരിന്റെ കൈയിലുണ്ടെങ്കിൽ പുറത്ത് വിടണമെന്നും അനിൽ അക്കര ആവശ്യപ്പെട്ടു. 'സോയിൽ ടെസ്റ്റ് എന്താണെന്നതിനെ സംബന്ധിച്ച് മന്ത്രി വല്ല ധാരണയുമുണ്ടോ. വടക്കാഞ്ചേരിയിൽ സോയിൽ ടെസ്റ്റ് യൂണിടാക് നടത്തിട്ടില്ല. സാധാരണ കെട്ടിടം പണിയുന്നത് പോലെയാണ് അവിടെ കെട്ടിടം പണിഞ്ഞിരിക്കുന്നത്. പണി തീർന്നതിന് ശേഷം സോയിൽ ടെസ്റ്റ് നടത്താമെന്നാണ് മന്ത്രി പറയുന്നത്. ഇക്കാര്യത്തിൽ അദ്ദേഹത്തിന് എത്ര ഉത്തരവാദിത്തം ഉണ്ടെന്നത് നമുക്ക് മനസ്സിലാക്കാം'അനിൽ അക്കര പറഞ്ഞു.

റെഡ്‌ക്രെസന്റ് 500 കോടി നൽകുമെന്ന് പറഞ്ഞത് യുഎഇയിലുള്ള മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ്. അഴിമതി നടത്തണമെന്ന് മുൻകൂട്ടി നടത്തിയ ആസൂത്രണമാണ്. അതുകൊണ്ടാണ് യൂണിടാക്കുമായി കരാറുണ്ടാക്കുന്നത്. യൂണിടാക്കുമായി കരാറുണ്ടാക്കാൻ യുഎഇ കോൺസുലേറ്റിന് അധികാരമില്ലെന്ന് അറിയാത്തവരല്ല ഇവർ. അഴിമതി നടത്താൻ വേണ്ടി മാത്രം ചെയ്തതാണ്.

എല്ലാം അറിയാമെന്ന് പറയുന്ന മന്ത്രി അവിടെ ആശുപത്രി പണിയുന്നത് ആരാണെന്ന് പറയണം. ആശുപത്രി പണിയുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന്റെ പക്കൽ ഒരു രേഖയുമില്ലെന്നതാണ് യാഥാർത്ഥ്യമെന്നും അനിൽ അക്കര പറഞ്ഞു.