- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈഫ് മിഷനിലെ അഴിമതി പ്രോത്സാഹിപ്പിക്കുന്നതിന് സ്പീക്കർ; നിയമസഭാ സമിതിയെ കരുവാക്കിതിൽ പ്രതിഷേധിച്ച് സ്പീക്കർക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കത്ത്
തിരുവനന്തപുരം: സർക്കാരിന്റെ സ്വാർത്ഥ താല്പര്യം സംരക്ഷിക്കുന്നതിനും അഴിമതി പ്രോത്സാഹിപ്പിക്കുന്നതിനും നിയമസഭാ സമിതിയെ കരുവാക്കിയ സ്പീക്കറുടെ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണന് കത്ത് നൽകി.
ലൈഫ്മിഷൻ അഴിമതിയന്വേഷണവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പദ്ധതിയുടെ രേഖകൾ ആവശ്യപ്പെട്ടത് നിയമസഭയുടെ അവകാശങ്ങളിന്മേലുള്ള കടന്നു കയറ്റമായി ചിത്രീകരിച്ച് ഇ.ഡി ഉദ്യോഗസ്ഥരിൽ നിന്ന് വിശദീകരണം ആരായാൻ സഭയുടെ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റി തീരുമാനിച്ച സംഭവത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിക്കുന്നതാണ് പ്രതിപക്ഷ നേതാവിന്റെ കത്ത്.
രാജ്യത്തെ ഒരു നിയമത്തിന്റെ അടിസ്ഥാനത്തിൽ നിയമാനുസൃതം ഇ.ഡി നടത്തുന്ന അന്വേഷണം നിയമസഭയുടെ അവകാശങ്ങിന്മേലുള്ള കടന്നു കയറ്റമാവുന്നതെങ്ങനെയെന്ന് മനസിലാവുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് സ്പീക്കർക്കുള്ള കത്തിൽ ചൂണ്ടിക്കാട്ടി. നിയമസഭാ സമിതിയുടെ അധികാര പരിധിയിൽ വരാത്തതാണ് ഈ വിഷയം. എന്നിട്ടും ഇക്കാര്യത്തിൽ ജെയിംസ് മാത്യൂവിന്റെ നോട്ടീസ് ലഭിച്ചയുടൻ അതിൽ പ്രഥമ ദൃഷ്ട്യാ അവകാശ ലംഘന പ്രശ്നം ഉൾക്കൊള്ളുന്നുണ്ടോ എന്ന് പോലും പരിശോധിക്കാതെ സ്പീക്കർ സമിതിക്ക് റഫർ ചെയ്തതും കമ്മിറ്റി ഇക്കാര്യത്തിൽ അമിതമായ ആവേശം കാണിച്ചതും നിയമസഭയിലും അതിന്റെ കമ്മിറ്റികളിലുമുള്ള പൊതു ജനവിശ്വാസം നഷ്ടപ്പെടുത്തുവാൻ ഇടയാക്കിയിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല കത്തിൽ തുടർന്നു പറഞ്ഞു.
വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ 4.35 കോടി രൂപയുടെ കോഴ ഇടപാട് നടന്നതായി പ്രതികൾ തന്നെ വെളിപ്പെടുത്തിയതാണ്. അത് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് പ്രഖ്യാപിക്കുകയും ധനകാര്യമന്ത്രിയും നിയമ മന്ത്രിയും ശരിവെയ്ക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് 2002 ലെ പ്രിവൻഷൻ ഓഫ് മണി ലാൻഡറിങ് ആക്ടിന്റെ അടിസ്ഥാനത്തിൽ ഇ.ഡി അധികൃതർ അന്വേഷണം നടത്തുന്നത്. ഈ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ലൈഫ് മിഷൻ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ ആരാഞ്ഞുകൊണ്ട് ചീഫ് സെക്രട്ടറിക്ക് ഇ.ഡി കത്ത് നൽകിയത്. ഇത് എങ്ങനെയാണ് നിയമസഭയുടെ അവകാശങ്ങളിലുള്ള കടന്നുകയറ്റമാകുന്നത്?
നവംബർ 3-ാം തീയതി ജെയിംസ് മാത്യു നൽകിയ നോട്ടീസ് 4-ാം തീയതി തന്നെ സ്പീക്കർ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റിക്ക് അയക്കുകയും 5-ാംതീയതി കമ്മിറ്റി അടിയന്തിരമായി ചേർന്ന് ഇ.ഡി. ഉദ്യോഗസ്ഥരിൽ നിന്നും വിശദീകരണം ആരായുവാൻ തീരുമാനിക്കുകയുമാണ് ചെയ്തത്. നവംബർ 11-ാം തീയതി ചേരുവാൻ നിശ്ചയിച്ചിരുന്ന സമിതി അതിന്റെ യോഗം മുന്നോട്ടാക്കി 5-ാം തീയതി തന്നെ ചേർന്ന് ഈ വിഷയം പരിഗണിച്ചതിൽ നിന്നും, ഈ വിഷയത്തിലുള്ള അമിത താല്പര്യവും ഗൂഢാലോചനയും പകൽ പോലെ വ്യക്തമാണെന്ന് രമേശ് ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടി.
ലൈഫ് രേഖകൾ ഇ.ഡി ആവശ്യപ്പെട്ടതു കാരണം പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ ഉറപ്പ് പാലിക്കാൻ കഴിയാതെ വരുമെന്നും ഇത് സഭയുടെ അവകാശത്തിന്റെ ലംഘനമാണെന്നുമുള്ള വാദം തെറ്റാണെന്ന് നിയമസഭാ പ്രവർത്തനങ്ങൾ സംബന്ധിച്ച ആധികാരിക ഗ്രന്ഥമായ കൗൾ ആൻഡ് ഷക്തർ ഉദ്ധരിച്ച് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഒരു മന്ത്രി സഭയിൽ നൽകുന്ന ഉറപ്പ് പാലിക്കപ്പെടാതെ പോകുന്നത് അവകാശ ലംഘനമോ സഭയോടുള്ള അവഹേളനമോ അല്ലെന്നാണ് കൗൾ ആൻഡ് ഷക്തർ പേജ് 307 ൽ പറയുന്നത്. ( 'Non Implementation of an assurance given by a Minister on the floor of the House is neither a breach of privilege nor a contempt of the house, for the process of implementation of a policy matter is conditional on a number of factors contributing to such policy' [Koul and Shakdher, sixth Edition - page 307] )
ലൈഫ് രേഖകൾ ആവശ്യപ്പെട്ട ഇ.ഡി. അസിസ്റ്റന്റ് ഡയറക്ടറുടെ നടപടി ലൈഫ് മിഷൻ പദ്ധതി നടപ്പിലാക്കുന്നതിന് ഒരു കാരണവശാലും വിഘാതമാകുന്ന ഒന്നല്ല. എന്നിരുന്നാലും, ലൈഫ് മിഷൻ സംബന്ധിച്ച് മുഖ്യമന്ത്രി സഭക്ക് നൽകിയ ഉറപ്പ് നടപ്പിലാക്കുന്നതിന് എന്തെങ്കിലും തടസ്സമുണ്ടായാൽ പോലും, അതിൽ അവകാശ ലംഘന പ്രശ്നം ഇല്ലെന്ന് ഇതിൽ നിന്നും വ്യക്തമാണ്.
സഭാ നാഥനായ മുഖ്യമന്ത്രി തന്നെ പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി. നിലവിൽ അന്വേഷണം നടത്തുന്നത്. അപ്രകാരം അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്ന രീതിയിലുള്ള ഇടപെടൽ നിയമസഭാ കമ്മിറ്റിയുടെയും, സ്പീക്കറുടെയും പക്കൽ നിന്നും ഉണ്ടായത് തികച്ചും ദുഃഖകരമാണ്.
ഒരു നിയമസഭാ സമിതി അതിന്റെ അധികാര പരിധി വിട്ട് ഒരു അഴിമതി അന്വേഷണത്തിൽ ഇടപെടുന്നത് എപ്രകാരമുള്ള സന്ദേശമാണ് സമൂഹത്തിന് നൽകുന്നത് എന്ന് രമേശ് ചെന്നിത്തല തുടർന്നു ചോദിച്ചു. നിയസഭയെയും സഭാ സമിതിയെയും ഇത്തരമൊരു വിഷയത്തിലേക്ക് വലിച്ചിഴച്ചത് പൊതുജനമദ്ധ്യത്തിൽ അവയെ അവഹേളന പാത്രമാക്കുന്നതിനും, ജനങ്ങൾക്ക് ഈ സ്ഥാപനത്തോടുള്ള വിശ്വാസത്തിന് മങ്ങലേല്പിക്കുവാനും മാത്രമേ ഉപകരിക്കുകയുള്ളു.
നിയമസഭാ അദ്ധ്യക്ഷനെന്ന നിലയിൽ അഴിമതി അന്വേഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടായിരുന്നു സ്പീക്കറുടെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടിയിരുന്നത്. അതിന് വിരുദ്ധമായ നടപടികൾ കൈക്കൊണ്ട്, സർക്കാരിന്റെ സ്വാർത്ഥ താല്പര്യം സംരക്ഷിക്കുന്നതിനും, അഴിമതിയെ പ്രോത്സാഹിപ്പിക്കുന്നതിനും നിയമസഭാ കമ്മിറ്റിയെ തന്നെ കരുവാക്കുകയും ചെയ്യുന്ന നടപടിയിൽ കടുത്ത അതൃപ്തിയും പ്രതിഷേധവും രേഖപ്പെടുത്തുകയാണെന്ന് രമേശ് ചെന്നിത്തല കത്തിൽ വ്യക്തമാക്കി.