- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂർത്തിയായ വീടുകളുടെ പഞ്ചായത്ത് തിരിച്ചുള്ള കണക്ക് ചോദിച്ചപ്പോൾ 'വിവരം ശേഖരിച്ചു വരുന്നു' എന്ന് ഉത്തരം; ലൈഫ് മിഷൻ പദ്ധതിയിൽ രണ്ടര ലക്ഷം വീടുകൾ പൂർത്തിയായെന്ന സർക്കാരിന്റെ അവകാശവാദം കളവോ? കണക്കുകളുമായി ആരോപണം സജീവമാക്കാൻ കോൺഗ്രസ് തീരുമാനം
തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയിൽ രണ്ടര ലക്ഷം വീടുകൾ പൂർത്തിയായെന്ന സർക്കാരിന്റെ അവകാശവാദം കളവോ? ഇത് വെറും തിരഞ്ഞെടുപ്പു പ്രചാരണ സ്റ്റണ്ട് മാത്രമെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തു വരികയാണ്. അവകാശവാദം യാഥാർഥ്യമാകണമെങ്കിൽ ഒരു പഞ്ചായത്തിൽ 250 വീടെങ്കിലും പൂർത്തിയാകണം.
പലയിടത്തും ഇതു നൂറിൽ താഴെയാണെന്നു കോൺഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ.സി.ജോസഫ് എംഎൽഎ പറഞ്ഞു. പൂർത്തിയായ വീടുകളുടെ പഞ്ചായത്ത് തിരിച്ചുള്ള കണക്ക് നിയമസഭയിൽ ചോദിച്ചപ്പോൾ 'വിവരം ശേഖരിച്ചു വരുന്നു' എന്നായിരുന്നു ഉത്തരം. ഇതാണ് സംശങ്ങൾക്ക് ഇട നൽകുന്നത്. സർക്കാരിന്റെ അവകാശ വാദം പൊള്ളയാണെന്നും കോൺഗ്രസ് പറയുന്നു. വടക്കാഞ്ചേരിയിലെ ലൈഫ് നിർമ്മാണം സർക്കാരിന് തീരാ തലവേദനയാണ്.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഇന്ദിര ആവാസ് യോജനയിലെ (ഐഎവൈ) 2,75,038 വീടുകൾ ഉൾപ്പെടെ 4,55,170 വീടുകൾ പൂർത്തിയാക്കിയതായി 2017ൽ സിപിഎം എംഎൽഎയുടെ ചോദ്യത്തിനു സഭയിൽ സർക്കാർ മറുപടി നൽകിയിട്ടുണ്ട്. ഇതിനു പുറമേ പൂർത്തിയാകാതെ കിടന്ന 91,929 വീടുകളും യുഡിഎഫ് സർക്കാർ പൂർത്തിയാക്കി.
കൂടാതെ പട്ടികവർഗ വകുപ്പ് 38,309 വീട്, പട്ടികജാതി വകുപ്പ് 24,141 വീട്, നഗരസഭകൾ സ്വന്തമായി 12,938 വീട്, കോർപറേഷൻ സ്വന്തമായി 12,815 വീട് എന്നിവയെല്ലാം ചേർന്നാണു 4,55,170 വീടുകൾ നിർമ്മിച്ചത്. ഫിഷറീസ് വകുപ്പ് അനുവദിച്ച വീടുകൾ വേറെയാണ്. ഈ സാഹചര്യം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് സിപിഎമ്മിന്റെ അവകാശ വാദത്തെ കോൺഗ്രസ് ചോദ്യം ചെയ്യുന്നത്.
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 2,14,000-ത്തിലധികം വീടുകൾ പണിത് അർഹരായവർക്ക് നൽകിയെന്നാണ് സർക്കാർ അവകാശ വാദം. ഇതുവരെ സംസ്ഥാന സർക്കാർ 6,552.23 കോടി രൂപ ഇതിനായി ചെലവഴിച്ചുവെന്നും പറയുന്നു. വിവിധ ഭവനനിർമ്മാണപദ്ധതികൾ പ്രകാരം സഹായധനം ലഭിച്ചിട്ടും പലകാരണങ്ങളാൽ നിർമ്മാണം പൂർത്തിയാക്കാൻ കഴിയാതിരുന്ന കുടുംബങ്ങൾക്കുള്ള വീടുകൾ യാഥാർഥ്യമാക്കുക എന്നതായിരുന്നു ഒന്നാംഘട്ടത്തിൽ ലക്ഷ്യമിട്ടത്. അതിൽ 54,273 വീടിൽ 52,050 വീട് പൂർത്തീകരിച്ചു. വർഷങ്ങളായി പൂർത്തീകരിക്കാതെ കിടന്ന 96.58 ശതമാനം വീടുകളുടെ പണിതീർത്തു എന്നർഥം. ഇതിനായി സംസ്ഥാനസർക്കാർ 670 കോടി രൂപ ചെലവഴിച്ചു.
രണ്ടാംഘട്ടത്തിൽ ഭൂമിയുള്ള ഭവനരഹിതരുടെ ഭവനനിർമ്മാണമാണ്. ഇതിൽ ലൈഫ് പി.എം.എ.വൈ., ലൈഫ് റൂറൽ അർബൻ ഭവനപദ്ധതികൾ, പട്ടികജാതി-വർഗ വകുപ്പിന്റെയും ഫിഷറീസ് വകുപ്പിന്റെയും ഭവനപദ്ധതികൾ എന്നിവയെല്ലാം ലൈഫ് മിഷനുകീഴെ കൊണ്ടുവന്നു. ഇതെല്ലാംകൂടി ചേർത്ത് 1,61,732 വീടുകൾ രണ്ടാംഘട്ടത്തിൽ പൂർത്തീകരിച്ചു. ഇതിനായി സംസ്ഥാനസർക്കാർ ഇതുവരെ 5,851.23 കോടി രൂപ ചെലവഴിച്ചു-ഇതാണ് സർക്കാർ അവകാശ വാദം. ഇത് കളവാണെന്നാണ് യുഡിഎഫ് പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ