തിരുവനന്തപുരം: അമ്മയുടെ ഓർമയ്ക്കായി റിട്ട. കോളേജ് പ്രൊഫസറായ മകളും സഹോദരനും കുടുംബം വക 65 സെന്റ് സ്ഥലം ലൈഫ് പദ്ധതിക്കു സൗജന്യമായി നൽകി.

വൈക്കം വെള്ളൂർ രാധാകൃഷ്ണനിലയത്തിൽ ഡോ. ആർ.ബി.രാജലക്ഷ്മി, സഹോദരൻ ആർ.ബി.ബാബു എന്നിവരാണ് ഭൂമി നൽകിയത്. കൈമനം നീറമൺകര ആനന്ദനഗർ സുരഭിയിൽ ഡോ. ആർ.ബി.രാജലക്ഷ്മി, എം.ജി. കോളേജിൽനിന്നു വിരമിച്ച മലയാളം അദ്ധ്യാപികയാണ്. സംസ്ഥാന സഹകരണ ബാങ്കിൽനിന്നും ഡി.ജി.എമ്മായി വിരമിച്ച ആർ.സുധാകരന്റെ ഭാര്യയാണ്.

കാലിഫോർണിയയിൽ എൻജിനീയറായ ദീപു സുധാകരൻ, തിരുച്ചിറപ്പള്ളി ബെല്ലിൽ എൻജിനീയറായ ബാലു സുധാകരൻ എന്നിവർ മക്കളാണ്. വെള്ളൂർ ന്യൂസ് പ്രിന്റിൽനിന്നും വിരമിച്ച ജീവനക്കാരനാണ് സഹോദരൻ ബാബു.

വൈക്കം താലൂക്കിൽ വെള്ളൂർ പഞ്ചായത്തിൽപ്പെട്ട കുടുംബസ്ഥലമാണ് ഇവർ ലൈഫ് പദ്ധതിയിൽ കെട്ടിടനിർമ്മാണത്തിനായി നൽകിയത്. ഭൂമി അമ്മ സരസ്വതി അമ്മയിൽനിന്ന് കുടുംബസ്വത്തായി ലഭിച്ചതാണ്. ഭൂമിയുടെ മൂല്യം നിർണയിച്ചിട്ടില്ല. അമ്മയുടെ ഓർമ നിലനിർത്താൻ കൂടിയാണ് പദ്ധതിക്ക് ഭൂമി നൽകാൻ രണ്ടു മക്കളും തീരുമാനിച്ചത്.

ഇതുസംബന്ധിച്ച സമ്മതപത്രം കഴിഞ്ഞ ദിവസം ഡോ. രാജലക്ഷ്മിയുടെ സഹോദരന്റെ ഭാര്യ ആരോഗ്യവകുപ്പിലെ റിട്ട. ഹെഡ് നഴ്സ് ശോഭന മുഖ്യമന്ത്രി പിണറായി വിജയനു കൈമാറിയിരുന്നു. ഇനി വൈക്കത്തെത്തി ഭൂമിയുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാനുണ്ടെന്നും അവർ അറിയിച്ചു.