വടക്കാഞ്ചേരി: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട വിവാദത്തിനൊപ്പം തന്നെ കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയതായിരുന്നു ലൈഫ് മിഷനിലെ ഫ്‌ളാറ്റിനെച്ചൊല്ലിയുള്ള ആരോപണങ്ങളും.യു.എ.ഇ.യിലെ റെഡ് ക്രസന്റാണ് ഫ്‌ളാറ്റ് നിർമ്മാണത്തിനാവശ്യമായ കോടികൾ നൽകിയത്. വിവാദ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സ്വപ്നയ്ക്ക് കമ്പനി കമ്മിഷൻ നൽകിയതായ ആരോപണമാണ് ഫ്‌ളാറ്റ് നിർമ്മാണം വിവാദത്തിലാക്കിയത്.തെരഞ്ഞെടുപ്പും വിവാദവുമൊക്കെ അവസാനിച്ചതോടെ ആളൊഴിഞ്ഞ പൂരമ്പറമ്പ് പോലെയായി പദ്ധതി പ്രദേശം.ആർക്കും ഉപയോഗമില്ലാതെ കാടുകയറുകയാണ് കോടികൾ വിലമതിക്കുന്ന പദ്ധതി.

പദ്ധതി പ്രദേശം കാട് കയറുന്നതിനൊപ്പം തന്നെ 150 ഓളം വരുന്ന ജനങ്ങളുടെ പ്രതീക്ഷകളുമാണ് കാട് കയറുന്നത്.തിരഞ്ഞെടുപ്പുകളുടെ കാലത്ത് സജീവമായിരുന്ന ഫ്‌ളാറ്റ് വിഷയം വോട്ടെണ്ണിക്കഴിഞ്ഞതോടെ എല്ലാം മായുകയായിരുന്നു.പ്രതിഭാഗത്തിനും വാദി ഭാഗത്തിനും ഇപ്പോൾ പദ്ധതിയെ വേണ്ടാതായ മട്ടാണ്.പദ്ധതിയുടെ അന്വേഷണത്തിനും സമാന അവസ്ഥയാണ്. സിബിഐ.യുടെയും വിജിലൻസിന്റെയും അന്വേഷണം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. സിബിഐ.യുടെ അന്വേഷണം സെക്രട്ടറിയുടെ മൊഴി എടുക്കലിൽ മാത്രമായി ഒതുങ്ങി. ബലപരിശോധനയുടെ ഫലം പോലും പുറത്തുവന്നില്ല.

വടക്കാഞ്ചേരിയിലെ പദ്ധതി പ്രദേശം ചുറ്റുപാടും കാടുകയറി അസ്ഥികൂട സമാനമായൊരു കോൺക്രീറ്റ് കെട്ടിടം മാത്രമായിരിക്കുന്നു. 15 മാസമായി ഫ്‌ളാറ്റ് നിർമ്മാണം നിലച്ചിട്ട്.കരാർ കമ്പനിയായ യൂണിടാക്കിന്റെ ജോലിക്കാർ ഒരുവർഷമായി തിരിഞ്ഞുനോക്കുന്നില്ല.
കട്ടപിടിച്ച സിമന്റ് ചാക്കുകളും ജനലുകളും വാതിലുകളും കൂട്ടിയിട്ടിരിക്കുന്നു. വടക്കാഞ്ചേരിക്കടുത്ത് ചരൽപ്പറമ്പിലെ ലൈഫ് മിഷൻ ഫ്‌ളാറ്റ് സമുച്ചയമാണിത്. 140 കുടുംബങ്ങളുടെ വീട് എന്ന സ്വപ്നം ഇവിടെ തകർന്നുകിടക്കുന്നു.

പ്രദേശത്ത് മോഷണവും പതിവായിട്ടുണ്ട്.കമ്പിയും സിമന്റും കുറെയേറെ മോഷണം പോയി. പൂർത്തിയാക്കിയ ആശുപത്രിക്കെട്ടിടത്തിന്റെ ജനൽച്ചില്ലുകൾ സാമൂഹിക ദ്രോഹികൾ തകർത്തു.പദ്ധതി അനാഥമാകുമ്പോൾ നശിക്കുന്നത് നിരവധി ജീവിതങ്ങളുടെ സ്വപ്‌നങ്ങൾ കൂടിയാണ്. വീടിനായി അപേക്ഷ നൽകി കാത്തിരിക്കുന്നത് വടക്കാഞ്ചേരി നഗരസഭയിലെ 138 പേരാണ്. റവന്യൂ വകുപ്പ് ഭൂരഹിതർക്കായി വില നൽകി വാങ്ങിയതാണ് ചരൽപ്പറമ്പിലെ 1.35 ഹെക്ടർ ഭൂമി. ഭൂമിയുടെ ഉടമസ്ഥാവകാശവും നിയന്ത്രണ അധികാരവും റവന്യൂവകുപ്പിൽ നിലനിർത്തിയാണ് വടക്കാഞ്ചേരി നഗരസഭയ്ക്കു കൈമാറിയത്.

20,000 ചതുരശ്രയടി വീതമുള്ള നാല് ഫ്‌ളാറ്റ് കെട്ടിട സമുച്ചയങ്ങളാണ് ചരൽപ്പറമ്പിൽ ഉയർന്നിരുന്നത്. ശൗചാലയത്തോടു കൂടിയ കിടപ്പുമുറി, ഹാൾ, അടുക്കള, ബാൽക്കണി എന്നിവയടങ്ങുന്നതാണ് ഓരോ ഫ്‌ളാറ്റും. ഒരു തുണ്ട് ഭൂമി പോലുമില്ലാത്തവർക്ക് എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം. പൊതു കളിസ്ഥലം, പാർക്ക് എന്നിവ നിശ്ചയിച്ച ഇവിടെ 4225 ചതുരശ്ര അടിയിൽ ആശുപത്രിക്കെട്ടിടവും പൂർത്തിയായി. പത്ത് കോടിയിലധികം രൂപയുടെ പദ്ധതിയാണ് ആർക്കും പ്രയോജനപ്പെടാതെ നശിക്കുന്നത്.