തിരുവനന്തപുരം: കിറ്റിനൊപ്പം തന്നെ സംസ്ഥാന സർക്കാറിന്റെ തുടർ ഭരണത്തിൽ ഏറെ സഹായിച്ച പദ്ധതിയാണ് ലൈഫ്. തെരഞ്ഞെടുപ്പിലെ പ്രധാന പ്രചരണ ആയുധവും ലൈഫായിരുന്നു.എന്നാൽ ഇപ്പോൾ ലൈഫിന്റെ ലൈഫ് നഷ്ടപ്പെട്ട സ്ഥിതിയാണ്. പുതിയ സർക്കാർ അധികാരത്തിലേറിയിട്ടും കഴിഞ്ഞ സർക്കാറിന്റെ കാലത്ത് സ്വീകരിച്ച അപേക്ഷകളിൽ തുടർനടപടികളായില്ല.8,94,906 അപേക്ഷകരാണ് സർക്കാറിന്റെ മറുപടിക്കായി കാത്ത് നിൽക്കുന്നത്.

2020 സെപ്റ്റംബർ 30 വരെയാണു ഭവനപദ്ധതിക്കായി അപേക്ഷ സ്വീകരിച്ചത്. കോവിഡ് പ്രതിസന്ധിയുടെ കാലത്ത് ഏറെ കഷ്ടപ്പെട്ടാണ് അക്ഷയകേന്ദ്രങ്ങളിൽ ചെന്ന് അപേക്ഷകൾ നൽകിയത്. 2021 ഫെബ്രുവരി 11നു പ്രാഥമിക പട്ടിക പ്രസിദ്ധീകരിച്ച ശേഷം രേഖകളുടെ പരിശോധന, ഫീൽഡ് പരിശോധന, അപ്പീൽ നടപടികൾ എന്നിവ പൂർത്തീകരിച്ചു മെയ്‌ 31ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്ന രീതിയിൽ സമയക്രമവും പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ സമയക്രമം തെറ്റിയെങ്കിലും വീണ്ടും അധികാരത്തിലെത്തിയ ശേഷവും തുടർനടപടിയില്ല.

വീടില്ലാത്തവർ, വീടും സ്ഥലവും ഇല്ലാത്തവർ എന്നിങ്ങനെ തരംതിരിച്ചു ലഭിച്ച അപേക്ഷകളിൽ തുടർനടപടി എങ്ങനെ വേണമെന്നു പോലും തീരുമാനിച്ചിട്ടില്ല.സാമ്പത്തിക പ്രതിസന്ധിയാണു സർക്കാരിനു മുന്നിലുള്ള പ്രധാന വെല്ലുവിളി. ഒരു വീടിനു 4 ലക്ഷം രൂപയാണു സർക്കാർ അനുവദിക്കുന്നത്. ഒരു വർഷം ഒരു ലക്ഷം വീടുകൾ അനുവദിക്കണമെങ്കിൽ പോലും 4,000 കോടി രൂപയെങ്കിലും കണ്ടെത്തേണ്ടി വരും.നിലവിലെ പ്രതിസന്ധിയിൽ സർക്കാർ എങ്ങിനെ ഈ വിഷയം കൈകാര്യം ചെയ്യുമെന്ന് കണ്ടറിയേണ്ടി വരും.ലൈഫിനായി കാത്തിരിക്കുന്നവരുടെ പ്രതീക്ഷകളും അസ്ഥാനത്താവുകയാണ്.

ഓരോ ജില്ലയിലും ലഭിച്ച അപേക്ഷകൾ

ജില്ല  ഭവനരഹിതർ  ഭൂരഹിത ഭവനരഹിതർ

തിരുവനന്തപുരം 73,286 - 40,472

കൊല്ലം  52,065-  28,397

പത്തനംതിട്ട  19,169 - 7,720

ആലപ്പുഴ  47,403 -14,770

കോട്ടയം  29,097 - 14,818

ഇടുക്കി  44,551 - 13,880

എറണാകുളം  34,187 - 21,001

തൃശൂർ  45,498 - 29,935

പാലക്കാട്  97,613 - 35,555

മലപ്പുറം  58,767 - 21,131

കോഴിക്കോട്  41,000 - 12,712

വയനാട്  29,957 - 7817

കണ്ണൂർ  27,023 - 10,126

കാസർകോട്  25,043 - 11,913

ആകെ 6,24,659  2,70,247