- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെക്രട്ടറിയേറ്റിലെ ജീവനക്കാർ നോക്കാൻ പോലും ഭയക്കുന്നു; എം പി രാജീവൻ തിരിച്ചേൽപ്പിച്ച ഐഫോൺ എന്തു ചെയ്യണമെന്നറിയാതെ ഉദ്യോഗസ്ഥർ; അനാഥമായ ഐഫോൺ ഏറ്റെടുക്കാൻ സർക്കാരിനും നിയമതടസം
തിരുവനന്തപുരം: ലൈഫ് മിഷൻ വിവാദവുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് സെക്രട്ടേറിയറ്റിലെ അസി. പ്രോട്ടോകോൾ ഓഫിസർ എം പി രാജീവൻ തിരിച്ചേൽപ്പിച്ച ഐഫോൺ എന്തു ചെയ്യണമെന്നറിയാതെ ഉദ്യോഗസ്ഥർ. ഇപ്പോഴും സെക്രട്ടേറിയറ്റിലെ ഹൗസ് കീപ്പിങ് വിഭാഗത്തിൽ സൂക്ഷിച്ചിരിക്കുകയാണ് ഫോൺ. സാങ്കേതികമായി ഈ ഫോൺ ഏറ്റെടുക്കാൻ ഹൗസ് കീപ്പിങ് വിഭാഗത്തിന് കഴിയുകയില്ല. സർക്കാരിന് ഐ ഫോൺ ഏറ്റെടുക്കാൻ നിയമതടസമുണ്ട് എന്നതാണ് കാരണം.
പെരുമാറ്റച്ചട്ടം ലംഘിച്ച് സർക്കാർ ഉദ്യോഗസ്ഥൻ പാരിതോഷികം സ്വീകരിക്കുന്നതിന് വിലക്കുണ്ട്. 1960ലെ സർക്കാർ സർവീസ് റൂൾ പ്രകാരം സർക്കാർ ഉദ്യോഗസ്ഥനോ കുടുംബാംഗങ്ങളോ സർക്കാരിന്റെ അനുമതി കൂടാതെ പാരിതോഷികം സ്വീകരിക്കരുതെന്നാണ്.അതിനാൽ തന്നെ ഫോൺ മടക്കി നൽകിയെങ്കിലും രാജീവനെതിരെ സർക്കാരിന് നടപടി എടുക്കേണ്ടി വന്നേക്കും. ഫോൺ തിരികെ രാജീവന് തന്നെ മടക്കി നൽകാനും സാദ്ധ്യതയുണ്ട്. ലൈഫിൽ സി ബി ഐ പിടിമുറുക്കും എന്ന ഭയവും ഉദ്യോഗസ്ഥർക്കുണ്ട്. ആരെയും മോഹിപ്പിക്കുന്ന ഐ ഫോൺ അനാഥമായ അവസ്ഥയിലാണ് ഇപ്പോഴുള്ളത്.
രണ്ടാഴ്ച മുൻപാണ് രാജീവൻ ഫോൺ കൈമാറിയത്. ഫോൺ ഇപ്പോൾ സെക്രട്ടേറിയറ്റ് ഹൗസ് കീപ്പിങ് വിഭാഗത്തിലാണുള്ളത്. ഇനി ഈ ഫോൺ എന്തുചെയ്യണമെന്ന് ഹൗസ് കീപ്പിങ് വിഭാഗം പൊതുഭരണവകുപ്പു സെക്രട്ടറിയോട് നിർദ്ദേശം തേടിയിട്ടുണ്ട്. യുഎഇ കോൺസുലേറ്റ് യുഎഇ നാഷണൽ ഡേയുടെ ഭാഗമായി നടത്തിയ ചടങ്ങിൽ നറുക്കെടുപ്പിലൂടെയാണ് രാജീവന് ഐ ഫോൺ ലഭിച്ചത്. ഇതേ ചടങ്ങിൽ ജിത്തു, പ്രവീൺ എന്നിവർക്കും ഓരോ ഐ ഫോൺ സമ്മാനമായി കിട്ടിയിരുന്നു. ശിവശങ്കറിന്റെ ഐ ഫോൺ വിവരങ്ങൾ പുറത്തുവന്നതോടെയാണ് രാജിവൻ തന്റെ കയ്യിലുള്ള ഐ ഫോൺ തിരികെ നൽകിയത്.
ലൈഫ് പദ്ധതിയുടെ നിർമ്മാണ കരാർ ലഭിക്കാൻ 4.48 കോടി രൂപ കമ്മിഷനു പുറമേ 5 ഐഫോണുകളും സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ചോദിച്ചു വാങ്ങിയതായി യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. ഇതിലൊരെണ്ണം ലഭിച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കാണെന്ന ആരോപണം ഭരണപക്ഷം ഉന്നയിച്ചു. എന്നാൽ, കോൺസുലേറ്റിലെ പരിപാടിയിൽ പങ്കെടുത്തെന്നും ഐഫോൺ ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കിയ പ്രതിപക്ഷ നേതാവ് ഫോൺ ലഭിച്ച രാജീവൻ ഉൾപ്പെടെയുള്ളവരുടെ പേര് പുറത്തുവിടുകയായിരുന്നു.
ലൈഫ് മിഷനുമായി ബന്ധപെട്ട് സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് യൂണിടാക് എം ഡി സന്തോഷ് ഈപ്പൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് പ്രതിപക്ഷ നേതാവിന് ഐ ഫോൺ സമ്മാനമായി നൽകി എന്ന് വെളിപ്പെടുത്തിയത്. പണത്തിനുപുറമെ 5 മൊബൈൽ ഫോണുകൾ സ്വപ്ന ആവശ്യപ്പെട്ട പ്രകാരം നൽകിയെന്നും ഇതിലൊന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് സമ്മാനിച്ചു എന്നുമാണ് സന്തോഷ് ഈപ്പൻ കോടതിയെ അറിയിച്ചത്. ഫോൺ വാങ്ങിയതിന്റെ ബില്ലും സന്തോഷ് ഈപ്പൻ കോടതിയിൽ നൽകിയിരുന്നു. ഇതേ തുടർന്ന് ഇടതുപക്ഷം പ്രതിപക്ഷ നേതാവിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് ആർക്കൊക്കെയാണ് ഫോൺ ലഭിച്ചത് എന്ന് വ്യക്തമാക്കി രമേശ് ചെന്നിത്തലം രംഗത്തെത്തിയത്.
2019 ഡിസംബർ രണ്ടാം തീയതി നടന്ന യുഎഇ ദിനാഘോഷവുമായി ബന്ധപ്പെട്ട ചടങ്ങിലാണ് സന്തോഷ് ഈപ്പൻ നൽകിയ അഞ്ച് ഐഫോണുകൾ വിതരണം ചെയ്തത്. ലക്കിഡ്രോയിലെ ആദ്യ അഞ്ച് വിജയികൾക്കായിരുന്നു ഫോണുകൾ സമ്മാനം നൽകിയത്. അതിൽ ഒരെണ്ണം ലഭിച്ചത് അസിസ്റ്റന്റ് പ്രോട്ടോകോൾ ഓഫീസറായ എ.പി. രാജീവനാണെന്ന് തിരിച്ചറിഞ്ഞു. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രി ആയിരിക്കെ ഇയാൾ പേഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്നു.
സ്വപ്നയ്ക്ക് സമ്മാനമായി ലഭിച്ച ഫോണുകളിൽ ഒന്നൊഴികെ ബാക്കി എല്ലാ ഫോണുകളുടെ വിവരങ്ങളും കണ്ടെത്തിയിട്ടുണ്ട്. കൂട്ടത്തിൽ വിലപിടിപ്പുള്ള വി ഐ പി ഫോൺ ആരാണ് ഉപയോഗിക്കുന്നത് എന്ന് മാത്രമേ ഇനി കണ്ടെത്തേണ്ടതുള്ളു. 99,900 രൂപ വിലയുള്ള ഒരു ഫോൺ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറുടെ കൈയിലാണെന്ന് തെളിഞ്ഞതോടെയാണ് അഞ്ചാമത്തെ ഫോൺ ആരുടെ പക്കലാകും എന്ന ആകാംക്ഷ. ഈ ഫോണിന്റെ വില 1.12 ലക്ഷമാണ്. അന്വേഷണ ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം ഇത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല എന്ന് വിലയിരുത്തപ്പെടുന്നു.
മറുനാടന് ഡെസ്ക്