- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വല്ലഭന് പുല്ലും ആയുധം! ലൈഫ് മിഷൻ പദ്ധതി കരാർ കോൺസുലേറ്റും യൂണിടാകും തമ്മിലാണെന്ന രേഖ വിവാദത്തിൽ മുങ്ങിയ പിണറായി സർക്കാറിന് പിടിവള്ളിയാകും; സ്വപ്നയും കൂട്ടരും നാല് കോടി കമ്മീഷൻ വാങ്ങിയ ഇടപാടിൽ നിന്നും നൈസായി തലയൂരാൻ സർക്കാർ; മാധ്യമങ്ങളെ പഴിച്ച് തങ്ങളുടെ വാദം വിജയിച്ചെന്ന് അവകാശവാദം; സംസ്ഥാന സർക്കാരോ സർക്കാർ ധാരണയിലെത്തിയ റെഡ് ക്രസന്റോ നിർമ്മാണക്കരാറിൽ കക്ഷിയല്ല; ധാരണാപത്രത്തിൽ പറഞ്ഞതുപ്രകാരമല്ല ഉപ കരാറുണ്ടാക്കിയതെന്നും വ്യക്തം
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് വിവാദത്തിൽ മുങ്ങിയ സംസ്ഥാന സർക്കാർ കരാറുമായി ബന്ധപ്പെട്ട് പുറത്തുവന്ന രേഖ പിടിവള്ളിയാക്കുന്നു. പുറത്തുവന്ന വിവരങ്ങൾ അനുസരിച്ച് നിർമ്മാണ കരാർ ഒപ്പിട്ടത് യുഎഇ കോൺസുലേറ്റും യൂണിടാകും തമ്മിലെന്ന് രേഖ. ലൈഫ് മിഷൻ സിഇഒയും റെഡ് ക്രസന്റ് പ്രതിനിധികളും ചേർന്ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഒപ്പിട്ട ധാരണാപത്രത്തിൽ പറഞ്ഞതുപ്രകാരമല്ല ഉപ കരാറുണ്ടാക്കിയതെന്നും ഇതോടെ വ്യക്തമായി.
ഇതോടെ നാല് കോടിയിൽ അധികം കോഴയായി മാറിഞ്ഞ കരാറിൽ നിന്നും പതിയെ തടിയൂരാനാണ് സർക്കാർ ശ്രമം. മാധ്യമങ്ങളാണ് സർക്കാറിനെ വിവാദത്തിൽ ചാടിച്ചതെന്ന വാദം ഉയർത്തിയാണ് വിവാദങ്ങളിൽ നിന്നും രക്ഷപെടാനുള്ള വഴി സർക്കാർ തേടുന്നത്. ധാരണാപത്രത്തിൽ ഒപ്പിട്ട സംസ്ഥാന സർക്കാരോ സർക്കാർ ധാരണയിലെത്തിയ റെഡ് ക്രസന്റോ നിർമ്മാണക്കരാറിൽ കക്ഷിയല്ലെന്നാണ് പുറത്തുവന്ന രേഖയിൽ വ്യക്തമായത്. ലൈഫ് മിഷൻ പദ്ധതിയിലുൾപ്പെടുത്തി വടക്കാഞ്ചേരിയിലെ 2.17 ഏക്കറിൽ 140 ഫ്ളാറ്റ് നിർമ്മിക്കുന്നതിന് സംസ്ഥാന സർക്കാർ ധാരണയിലെത്തിയതു ജൂലൈ 11നായിരുന്നു. യുഎഇയിലെ റെഡ് ക്രസന്റ് എന്ന സ്ഥാപനവുമായാണു സർക്കാർ ധാരണാപത്രം ഒപ്പിട്ടത്. യുഎഇയിൽ നിന്ന് നേരിട്ടു ധനസസഹായം സ്വീകരിക്കുന്നതിനു നിയമതടസ്സങ്ങൾ ഉള്ളതു കൊണ്ടാണു റെഡ് ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടതെന്നായിരുന്നു സർക്കാർ വിശദീകരണം.
റെഡ് ക്രസന്റുമായുള്ള ധാരണാപത്രം കേന്ദ്ര അനുമതി തേടാതെയായിരുന്നു. ഇതിനു പുറമേയാണു നിർമ്മാണം കോൺസൽ ജനറൽ നേരിട്ട് ഒപ്പിട്ടെന്ന രേഖകൾ പുറത്തുവരുന്നത്. മറ്റൊരു രാജ്യത്തിന്റെ പ്രതിനിധി നേരിട്ടു നിർമ്മാണക്കരാറിൽ ഏർപ്പെടുന്നതു വിദേശ സഹായ നിയന്ത്രണ നിയമപ്രകാരം (എഫ്സിആർഎ) ഗുരുതരമായ ചട്ട ലംഘനമാണ്. റെഡ് ക്രസന്റാകും പദ്ധതി ചെലവു വഹിക്കുക എന്ന പരാമർശം മാത്രമാണു നിർമ്മാണക്കരാറിലുള്ളത്.ധാരണാപത്രത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണു നിർമ്മാണക്കരാർ.
ധാരണാപത്രത്തിലെ ഉപവകുപ്പ് പ്രകാരം നിർമ്മാണ കരാറുകാരനെ തിരഞ്ഞെടുക്കേണ്ടത് സംസ്ഥാന സർക്കാർ കൂടി ചേർന്നാണ്. പക്ഷേ, ധാരണാപത്രവും ചട്ടവും അട്ടിമറിച്ച് നിർമ്മാണക്കരാർ നൽകുകയായിരുന്നു. ഈ കരാറിനും ശേഷം ഓഗസ്റ്റിൽ യൂണിടാകിന്റെ പദ്ധതി രേഖ മികച്ചതാണെന്നും അതുമായി മുന്നോട്ട് പോകാമെന്നും കാണിച്ച് ലൈഫ് മിഷൻ സിഇഒ റെഡ് ക്രസന്റിന് കത്ത് അയയ്ക്കുകയും ചെയ്തു.
കരാർ ലംഘനം വ്യക്തമായതോടെയാണു ലൈഫ് മിഷൻ പദ്ധതിയിലെ യുഎഇ സഹായത്തിനു കേന്ദ്ര അനുമതി ലഭിച്ചിട്ടുണ്ടോ എന്നത് ഉൾപ്പെടെയുള്ള രേഖകൾ കൈമാറാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടത്. റെഡ് ക്രസന്റിനു പകരം യുഎഇ കോൺസുലേറ്റ് എങ്ങനെ കരാറിലേർപ്പെട്ടു എന്നതിനും സംസ്ഥാനം വ്യക്തത വരുത്തേണ്ടിവരും. മാത്രമല്ല, നിയമവകുപ്പിലേക്കു വിട്ട ഫയലിൽ നിയമവകുപ്പിലെ ഉദ്യോഗസ്ഥർ ധാരണാപത്രത്തിൽ 3 മാറ്റങ്ങൾ വരുത്തണമെന്നു നിർദ്ദേശിച്ചിരുന്നുവെന്നാണു വിവരം. ഇതും മറികടന്നായിരുന്നു എം.ശിവശങ്കർ തിടുക്കപ്പെട്ടു ഫയൽ തിരിച്ചുവിളിച്ചു ധാരണാപത്രം തയാറാക്കിയത്. ഇഡിയുടെ അന്വേഷണപരിധിയിൽ ഈ ഫയലുകളും വരുമെന്നായതോടെ നിയമവകുപ്പിലെ ഉദ്യോഗസ്ഥർ ഇക്കാര്യം വിശദീകരിക്കേണ്ടിവരും.
യൂണിടാക്ക് എംഡി സന്തോഷ് ഈപ്പനും കോൺസുൽ ജനറലും തമ്മിലാണ് 2019 ജൂലൈ 31 ന് കരാർ ഒപ്പിട്ടത്. അതായത് മറ്റൊരു രാജ്യത്തിന്റെ ഭാഗമായ കോൺസുലേറ്റ് നേരിട്ടാണ് ഒരു കരാറുകാരന് കരാർ നൽകിയിരിക്കുന്നതെന്നാണ് വിവരം. ഇത് ഗുരുതരമായ നയതന്ത്ര വീഴ്ചയാണ്. കേന്ദ്ര സർക്കാർ അറിയാതെ എങ്ങനെ ഇത് സംഭവിച്ചുവെന്നതാണ് ഉയരുന്ന ചോദ്യം. ഇക്കാര്യത്തിൽ യുഎഇയെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അതൃപ്തി അറിയിക്കും. കോൺസുലർ ജനറലിനെ ഈ വിഷയത്തിൽ ചോദ്യം ചെയ്യേണ്ടതിന്റെ അനിവാര്യതയും അറിയിക്കും. കോൺസുലർ ജനറലിനെതിരെ ഒട്ടേറെ വെളിപ്പെടുത്തൽ സ്വപ്ന നൽകിയിട്ടുണ്ട്.
റെഡ്ക്രസന്റ് ഉദ്യോഗസ്ഥരുടെ കേരളത്തിലേക്കുള്ള യാത്ര ഉൾപ്പടെ കേന്ദ്രം പരിശോധിക്കുന്നു എന്നാണ് സൂചന. ലൈഫ് മിഷൻ പദ്ധതിക്ക് 20 കോടി രൂപ റെഡ്ക്രസന്റിൽ നിന്ന് വാങ്ങാൻ അനുമതി തേടിയിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇടപാടിലെ കമ്മീഷനെക്കുറിച്ചുള്ള വിവരം പുറത്തുവന്നതോടെയാണ് വിദേശകാര്യമന്ത്രാലയം ഇക്കാര്യം പരിശോധിച്ചത്. വിദേശസർക്കാരുകളിൽ നിന്നോ സംഘടനകളിൽ നിന്നോ ധനസഹായം സർക്കാർ സ്വീകരിക്കുമ്പോൾ കേന്ദ്ര അനുമതി അനിവാര്യമാണ്. ഇത് കേരളവും ചെയ്തില്ല. മൂഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സന്നദ്ധ സംഘടനകളുടെ സഹായം സ്വീകരിക്കാം. എന്നാൽ മറ്റു പദ്ധതികളുമായി സഹകരിക്കുമ്പോൾ കേന്ദ്രം അറിഞ്ഞിരിക്കണം.
ലൈഫ് മിഷനെ ദുരിതാശ്വാസ സഹായമായി കണക്കാക്കാൻ കഴയില്ല. റെഡ്ക്രസന്റിന് ഇന്ത്യയിലെ പ്രവർത്തനത്തിന് അനുമതി ഇല്ല എന്നാണ് പ്രാഥമിക വിലയിരുത്തൽ. ഒപ്പം കരാർ ഒപ്പിടാൻ വന്ന ഉദ്യോഗസ്ഥരുടെ യാത്രാ രേഖകളും വിലയിരുത്തും. സർക്കാരുമായി ഔദ്യോഗിക ഇടപാടുണ്ടാവും എന്നത് വിസ അപേക്ഷയിൽ പറഞ്ഞിരുന്നോ എന്ന് പരിശോധിക്കും. എല്ലാം പരിശോധിച്ചാകും യുഎഇയെ ഇക്കാര്യത്തിലെ നിലപാട് വിദേശകാര്യമന്ത്രാലയം അറിയിക്കുക.
വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുടെ നിർമ്മാണകരാർ ലഭിക്കാൻ 4.25 കോടി രൂപ കമ്മിഷൻ നൽകേണ്ടിവന്നതായി കരാർ ഏറ്റെടുത്ത കമ്പനിയായ യൂണിടാക് പ്രതിനിധികൾ അന്വേഷണ ഏജൻസികൾക്കു മൊഴി നൽകിയിരുന്നു. ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) എൻഫോഴ്സമെന്റ് ഡയറക്ടറേറ്റും (ഇഡി) നടത്തിയ ചോദ്യം ചെയ്യലിലാണു ഭവനരഹിതർക്കു വീടുനിർമ്മിക്കാൻ ലഭിച്ച 20 കോടി രൂപയിൽ ഇത്രയും തുക കമ്മിഷൻ നൽകേണ്ടിവന്നതായുള്ള വെളിപ്പെടുത്തലുണ്ടായത്.
ലൈഫ് മിഷനു വേണ്ടി യുഎഇ റെഡ് ക്രസന്റ് നടപ്പിലാക്കുന്ന പദ്ധതിയുടെ കമ്മിഷൻ തുകയിൽ നിന്നും യുഎഇ കോൺസൽ ജനറലാണ് ഒരു കോടി രൂപ തനിക്കു സമ്മാനമായി നൽകിയതെന്നാണു സ്വപ്ന സുരേഷിന്റെ മൊഴി. ഇതേ കമ്മിഷൻ ഇടപാടിൽ സ്വർണക്കടത്തു കേസിലെ മറ്റൊരു പ്രതിയായ സന്ദീപ് നായർക്ക് 75 ലക്ഷം രൂപ ലഭിച്ചതായി അന്വേഷണ ഏജൻസികൾ കോടതി മുൻപാകെ വെളിപ്പെടുത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ