തിരുവനന്തപുരം: യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ സ്വപ്ന സുരേഷിന് നൽകിയ ഏഴ് ഐഫോണുകളിൽ ഏറ്റവും വിലകൂടിയ ഫോൺ നൽകിയത് കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥനെന്ന് വിജിലൻസ്. ലൈഫ് മിഷൻ വടക്കാഞ്ചേരി പദ്ധതിയുടെ നിർമ്മാണകരാർ കിട്ടാൻ നൽകിയ ഐഫോണുകളിൽ ആറെണ്ണത്തിന്റെ വിവരങ്ങൾ വിജിലൻസ് ശേഖരിച്ചു. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് സമീപത്തെ കടയിൽ നിന്നും വാങ്ങിയതാണ് ഈ വിലകൂടിയ ഫോൺ. അതേസമയം, ഏഴാമത്തെ ഫോൺ എവിടെയാണെന്ന് കണ്ടെത്താനുള്ള അന്വേഷണം പുരോ​ഗമിക്കുകയാണ്.

എറണാകുളത്തുനിന്ന് സന്തോഷ് ഈപ്പൻ വാങ്ങിയ ആറ് ഫോണുകൾ ഉന്നത ഉദ്യോഗസ്ഥന് ഇഷ്ടപ്പെടാതിരുന്നതിനാൽ തിരുവനന്തപുരത്ത് സ്റ്റാച്യുവിലുള്ള കടയിൽനിന്നാണ് ഈ ഫോൺ വാങ്ങിയത്. 1,13,000രൂപയാണ് വില. ബിൽ ഉണ്ടായിരുന്നില്ല. ഒരു ഫോൺ സ്വപ്ന, ശിവശങ്കറിനു നൽകി. വില 99,000രൂപ. ഒരെണ്ണം സന്തോഷ് ഈപ്പൻ ഉപയോഗത്തിനായി എടുത്തു. പിന്നീടുള്ളവ നറുക്കെടുപ്പിൽ അസി.പ്രോട്ടോകോൾ ഓഫിസറായ രാജീവനും വിമാനക്കമ്പനി ജീവനക്കാരനായ വാസുദേവ ശർമയ്ക്കും കോൺസുലേറ്റിലെ ഡിസൈനറായിരുന്ന പ്രവീണിനും നൽകി. നറുക്കെടുപ്പിൽ നൽകിയത് 49,000 രൂപയുടെ ഫോണാണ്. ഒരെണ്ണം ആരുടെ കയ്യിലാണെന്ന് കണ്ടുപിടിക്കാനുള്ള അന്വേഷണം നടക്കുന്നു.

അതിനിടെ, വിവാ​ദങ്ങളെ തുടർന്ന് സെക്രട്ടേറിയറ്റിലെ അസി. പ്രോട്ടോകോൾ ഓഫിസർ എം പി രാജീവൻ തിരിച്ചേൽപ്പിച്ച ഐഫോൺ എന്തു ചെയ്യണമെന്നറിയാതെ ഉദ്യോ​ഗസ്ഥർ. ഇപ്പോഴും സെക്രട്ടേറിയറ്റിലെ ഹൗസ് കീപ്പിങ് വിഭാഗത്തിൽ സൂക്ഷിച്ചിരിക്കുകയാണ് ഫോൺ. സാങ്കേതികമായി ഈ ഫോൺ ഏറ്റെടുക്കാൻ ഹൗസ് കീപ്പിങ് വിഭാഗത്തിന് കഴിയുകയില്ല. സർക്കാരിന് ഐ ഫോൺ ഏറ്റെടുക്കാൻ നിയമതടസമുണ്ട് എന്നതാണ് കാരണം.

പെരുമാറ്റച്ചട്ടം ലംഘിച്ച് സർക്കാർ ഉദ്യോഗസ്ഥൻ പാരിതോഷികം സ്വീകരിക്കുന്നതിന് വിലക്കുണ്ട്. 1960ലെ സർക്കാർ സർവീസ് റൂൾ പ്രകാരം സർക്കാർ ഉദ്യോഗസ്ഥനോ കുടുംബാംഗങ്ങളോ സർക്കാരിന്റെ അനുമതി കൂടാതെ പാരിതോഷികം സ്വീകരിക്കരുതെന്നാണ്.അതിനാൽ തന്നെ ഫോൺ മടക്കി നൽകിയെങ്കിലും രാജീവനെതിരെ സർക്കാരിന് നടപടി എടുക്കേണ്ടി വന്നേക്കും. ഫോൺ തിരികെ രാജീവന് തന്നെ മടക്കി നൽകാനും സാദ്ധ്യതയുണ്ട്. ലൈഫിൽ സി ബി ഐ പിടിമുറുക്കും എന്ന ഭയവും ഉദ്യോഗസ്ഥർക്കുണ്ട്. ആരെയും മോഹിപ്പിക്കുന്ന ഐ ഫോൺ അനാഥമായ അവസ്ഥയിലാണ് ഇപ്പോഴുള്ളത്.

രണ്ടാഴ്ച മുൻപാണ് രാജീവൻ ഫോൺ കൈമാറിയത്. ഫോൺ ഇപ്പോൾ സെക്രട്ടേറിയറ്റ് ഹൗസ് കീപ്പിങ് വിഭാഗത്തിലാണുള്ളത്. ഇനി ഈ ഫോൺ എന്തുചെയ്യണമെന്ന് ഹൗസ് കീപ്പിങ് വിഭാഗം പൊതുഭരണവകുപ്പു സെക്രട്ടറിയോട് നിർ​ദ്ദേശം തേടിയിട്ടുണ്ട്. യുഎഇ കോൺസുലേറ്റ് യുഎഇ നാഷണൽ ഡേയുടെ ഭാഗമായി നടത്തിയ ചടങ്ങിൽ നറുക്കെടുപ്പിലൂടെയാണ് രാജീവന് ഐ ഫോൺ ലഭിച്ചത്. ഇതേ ചടങ്ങിൽ ജിത്തു, പ്രവീൺ എന്നിവർക്കും ഓരോ ഐ ഫോൺ സമ്മാനമായി കിട്ടിയിരുന്നു. ശിവശങ്കറിന്റെ ഐ ഫോൺ വിവരങ്ങൾ പുറത്തുവന്നതോടെയാണ് രാജിവൻ തന്റെ കയ്യിലുള്ള ഐ ഫോൺ തിരികെ നൽകിയത്.

ലൈഫ് പദ്ധതിയുടെ നിർമ്മാണ കരാർ ലഭിക്കാൻ 4.48 കോടി രൂപ കമ്മിഷനു പുറമേ 5 ഐഫോണുകളും സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ചോദിച്ചു വാങ്ങിയതായി യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. ഇതിലൊരെണ്ണം ലഭിച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കാണെന്ന ആരോപണം ഭരണപക്ഷം ഉന്നയിച്ചു. എന്നാൽ, കോൺസുലേറ്റിലെ പരിപാടിയിൽ പങ്കെടുത്തെന്നും ഐഫോൺ ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കിയ പ്രതിപക്ഷ നേതാവ് ഫോൺ ലഭിച്ച രാജീവൻ ഉൾപ്പെടെയുള്ളവരുടെ പേര് പുറത്തുവിടുകയായിരുന്നു.

ലൈഫ് മിഷനുമായി ബന്ധപെട്ട് സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് യൂണിടാക് എം ഡി സന്തോഷ് ഈപ്പൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് പ്രതിപക്ഷ നേതാവിന് ഐ ഫോൺ സമ്മാനമായി നൽകി എന്ന് വെളിപ്പെടുത്തിയത്. പണത്തിനുപുറമെ 5 മൊബൈൽ ഫോണുകൾ സ്വപ്ന ആവശ്യപ്പെട്ട പ്രകാരം നൽകിയെന്നും ഇതിലൊന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലക്ക് സമ്മാനിച്ചു എന്നുമാണ് സന്തോഷ്‌ ഈപ്പൻ കോടതിയെ അറിയിച്ചത്. ഫോൺ വാങ്ങിയതിന്റെ ബില്ലും സന്തോഷ്‌ ഈപ്പൻ കോടതിയിൽ നൽകിയിരുന്നു. ഇതേ തുടർന്ന് ഇടതുപക്ഷം പ്രതിപക്ഷ നേതാവിനെതിരെ ശക്തമായി രം​ഗത്തെത്തിയിരുന്നു. ഇതോടെയാണ് ആർക്കൊക്കെയാണ് ഫോൺ ലഭിച്ചത് എന്ന് വ്യക്തമാക്കി രമേശ് ചെന്നിത്തല രം​ഗത്തെത്തിയത്.

2019 ഡിസംബർ രണ്ടാം തീയതി നടന്ന യുഎഇ ദിനാഘോഷവുമായി ബന്ധപ്പെട്ട ചടങ്ങിലാണ് സന്തോഷ് ഈപ്പൻ നൽകിയ അഞ്ച് ഐഫോണുകൾ വിതരണം ചെയ്തത്. ലക്കിഡ്രോയിലെ ആദ്യ അഞ്ച് വിജയികൾക്കായിരുന്നു ഫോണുകൾ സമ്മാനം നൽകിയത്. അതിൽ ഒരെണ്ണം ലഭിച്ചത് അസിസ്റ്റന്റ് പ്രോട്ടോകോൾ ഓഫീസറായ എ.പി. രാജീവനാണെന്ന് തിരിച്ചറിഞ്ഞു. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രി ആയിരിക്കെ ഇയാൾ പേഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്നു.

ശിവശങ്കറിനു കോഴയിടപാട് അറിയാമായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായതിനെത്തുടർന്നാണ് വിജിലൻസ് അഞ്ചാം പ്രതിയാക്കിയത്. ഐ ഫോൺ വാങ്ങുമ്പോൾ അത് സന്തോഷ് ഈപ്പൻ സമ്മാനിച്ചതാണെന്നു ശിവശങ്കറിന് അറിവുണ്ടായിരുന്നു. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതി യൂണിടാക്കിനു ലഭിച്ചത് കമ്മിഷൻ നൽകിയിട്ടാണെന്ന കാര്യവും ശിവശങ്കറിന് അറിയാമായിരുന്നു. ലോക്കർ എടുത്തു നൽകിയത് കമ്മിഷനായി കിട്ടിയ പണം സൂക്ഷിക്കാനാണെന്നും വിജിലൻസിന് തെളിവു ലഭിച്ചു.