- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈഫ് ഓഫ് ജോസൂട്ടി നെറ്റിൽ ലഭിച്ച് തുടങ്ങിയതോടെ വിദേശ തീയേറ്ററുകളിൽ ആളില്ല; തീയേറ്ററുകളിൽ നിന്നും പിൻവലിച്ചതോടെ നഷ്ടം പേറി വിതരണക്കാർ; മൊയ്തീൻ രക്ഷപെട്ടത് കഷ്ടിച്ച്
ലണ്ടൻ: പുത്തൻ ചിത്രങ്ങൾ റീലീസ് ചെയ്താൽ ഉടൻ തന്നെ നെറ്റിൽ വരുന്നത് പുത്തൻ പ്രതിസന്ധിയല്ല. എത്രയൊക്കെ കേസും പൊല്ലാപ്പുമായാലും നെറ്റിൽ ഇട്ടവരും കണ്ടവരും ഒക്കെ ഇപ്പോഴും ഒരു കുലുക്കവുമില്ല. ജിത്തു ജോസഫിന്റെ ലൈഫ് ഓഫ് ജോസൂട്ടിയും ഇപ്പോൾ ഈ പ്രതിസന്ധി നേരിടുകയാണ്. വിദേശത്ത് ലഭ്യമാകുന്ന സൈറ്റുകളിലാണ് ചിത്രമുള്ളത്. ബ്രിട്ടൺ അടക്കമുള്ള ര
ലണ്ടൻ: പുത്തൻ ചിത്രങ്ങൾ റീലീസ് ചെയ്താൽ ഉടൻ തന്നെ നെറ്റിൽ വരുന്നത് പുത്തൻ പ്രതിസന്ധിയല്ല. എത്രയൊക്കെ കേസും പൊല്ലാപ്പുമായാലും നെറ്റിൽ ഇട്ടവരും കണ്ടവരും ഒക്കെ ഇപ്പോഴും ഒരു കുലുക്കവുമില്ല. ജിത്തു ജോസഫിന്റെ ലൈഫ് ഓഫ് ജോസൂട്ടിയും ഇപ്പോൾ ഈ പ്രതിസന്ധി നേരിടുകയാണ്. വിദേശത്ത് ലഭ്യമാകുന്ന സൈറ്റുകളിലാണ് ചിത്രമുള്ളത്. ബ്രിട്ടൺ അടക്കമുള്ള രാജ്യങ്ങളിൽ ഈ സൈറ്റ് ലഭ്യമാണ്. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ ബ്രിട്ടനിലെ വിതരണം ഏറ്റെടുത്ത യുകെ മലയാളികളാണ് ഇപ്പോൾ വെള്ളത്തിലായിരിക്കുന്നത്.
നെറ്റിൽ ജോസൂട്ടി ലഭ്യമായതാണ് പ്രതിസന്ധിക്ക് കാരണം. ജോസൂട്ടിയുടെ നെറ്റ് വേർഷൻ ഇറങ്ങിയിട്ടും പരാതി നൽകാൻ പോലും അണിയറപ്രവർത്തകർ ശ്രമിക്കാതിരുന്നത് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിയതായി യുകെയിലെ വിതരണം ഏറ്റെടുത്ത സ്വാമീസ് മൂവിസ് വക്താക്കൾ പറയുന്നു. നെറ്റിൽ ചിത്രം പ്രത്യക്ഷപ്പെട്ടതോടെ വൻ തുക നൽകി വിദേശ റിലീസിങ് ഏറ്റെടുത്ത ഇവർ വെള്ളത്തിലാകുകയായിരുന്നു. എന്നു നിന്റെ മൊയ്തീൻ എന്ന ചിത്രവും യുകെയിൽ കഷ്ടിയാണ് ഓടിയത്. ഇന്ത്യയിൽ കിട്ടാത്ത സൈറ്റിലാണ് ചിത്രങ്ങൾ അപ് ലോഡ് ചെയ്തിരിക്കുന്നത്.
ബ്രിട്ടണിൽ പടത്തിന്റെ വിതരണ അവകാശം ഏറ്റെടുത്ത സ്വാമി മൂവി ലിമിറ്റഡ് കനത്ത നഷ്ടം നേരിടേണ്ടി വരും എന്നതിനാൽ അടുത്ത രണ്ടാഴ്ച കളിക്കാൻ ഇരുന്ന തിയ്യേറ്ററുകളിൽ നിന്നും പടം പിൻ വലിച്ചു. ഒരാഴ്ചയോളമായി മലയാള പടങ്ങളുടെ തിയ്യേറ്റർ പ്രിന്റ് പ്രദർശിപ്പിക്കുന്ന കുപ്രസിദ്ധ വെബ് സൈറ്റിൽ പടം എത്തിയതിനെ തുടർന്ന് പണം മുടക്കി തിയ്യേറ്ററിൽ എത്താൻ കാണികൾ തയ്യാറാകില്ല എന്ന കാരണത്താലാണ് ചിത്രം പിൻ വലിക്കുന്നതെന്ന് വിതരണക്കാർ അറിയിച്ചു. അതേ സമയം കേരളത്തിൽ ഇപ്പോഴും ഓടുന്ന ചിത്രം വെബ് സൈറ്റുകളിൽ എത്തിയ കാര്യം പോലും അറിയാതെ വിദേശ കുത്തക വിതരണക്കാരായ ഇറോസ് ഇന്റർനാഷണൽ ആന്റി പൈറസി പൊലീസ് വിഭാഗത്തിൽ പരാതി കൊടുക്കാനും തയ്യാറായിട്ടില്ല എന്നതും കൗതുകകരമായി. തിരുവനന്തപുരത്തെ ആന്റി പൈറസി സെല്ലുമായി മറുനാടൻ മലയാളി ബന്ധപ്പെട്ടപ്പോൾ ഇതുവരെ ഇത്തരം പരാതി ലഭിച്ചിട്ടില്ല എന്നാണ് മറുപടി ലഭിച്ചത്.
അന്താരാഷ്ട്ര സിനിമ നിർമ്മാണ വിതരണ സ്ഥാപനമായ ഇറോസ് ഇന്റർണഷണലാണ് ലൈഫ് ഓഫ് ജോസൂട്ടി വിതരണത്തിന് എടുത്തിരിക്കുന്നത്. സിനിമയുടെ വിദേശ വിതരണ ചുമതല നോക്കുന്നവരിൽ പ്രധാനിയായ ഇറോസിന്റെ സുഹൈൽ എന്ന വ്യക്തിയെ ഇത് സംബന്ധിച്ച് ബന്ധപ്പെട്ടപ്പോഴും ഇക്കാര്യം അറിഞ്ഞില്ലെന്ന മട്ടിലാണ് പ്രതികരിച്ചത്. പടം ഏകദേശം തിയ്യേറ്ററുകളിൽ നിന്ന് പിൻവലിഞ്ഞു കഴിഞ്ഞതിനാൽ ഇനി പൊലീസ് കേസിന്റെ പിന്നാലെ നടക്കാൻ താൽപ്പര്യം ഇല്ലെന്നും ഇദ്ദേഹം സൂചിപ്പിച്ചു. ബ്രിട്ടണിൽ നാല് ആഴ്ചയിൽ കൂടുതൽ ഓടിക്കാൻ സാധ്യത ഇല്ലാത്തതിനാൽ ഇനി ഏതാനും തിയ്യേറ്ററുകൾക്ക് വേണ്ടി പൊലീസിൽ പരാതിയുമായി പോകുക എന്നത് സമയ നഷ്ടം മാത്രമേ ഉണ്ടാക്കൂ എന്നും ഗുണനിലവാരം ഇല്ലാത്ത പ്രിന്റ് ഓൺ ലൈനിൽ എത്തിയാലും സാധാരണ ആളുകൾ ഒഴിവാക്കുമെന്നും സുഹൈൽ വ്യക്തമാക്കി. എന്നാൽ ചിത്രത്തിന്റെ ഇന്റർനെറ്റ് അവകാശം തങ്ങൾ ഇതുവരെ ആർക്കും നൽകിയിട്ടില്ലെന്നും ഇത്തരം സൈറ്റുകൾ സിനിമയെ സ്‌നേഹിക്കുന്നവർ ഒഴിവാക്കണമെന്നാണ് അഭ്യർത്ഥിക്കാൻ ഉള്ളതെന്നും ഇപ്പോൾ ദുബൈയിൽ ഉള്ള സുഹൈൽ വ്യക്തമാക്കി.
എന്നാൽ വിവരം അറിഞ്ഞ ഉടനെ ഇറോസിനെ പരാതി നൽകാൻ പ്രേരിപ്പിച്ചിരുന്നതായി സ്വാമി മൂവിസ് ലിമിറ്റഡ് വക്താവ് തങ്കസ്വമി ഭഗവതിയപ്പൻ പറയുന്നു. ചിത്രത്തിന്റെ വിതരണ അവകാശം കൈമാറിയ ശേഷം ഇറോസ് ഉത്തരവാദിത്വം ഇല്ലാത്ത നിലപാട് ആണ് ഇറോസ് സ്വീകരിച്ചതെന്നും തങ്ക സ്വാമി വിശദീകരിക്കുന്നു. ചിത്രത്തിന്റെ കോപ്പി റൈറ്റ് ഉടമക്ക് മാത്രമേ ഇക്കാര്യത്തിൽ പൊലീസിൽ ബന്ധപ്പെടാൻ കഴിയൂ എന്നതിനാൽ ഇറോസ് പരാതി നൽകാതെ ചിത്രം വെബ് സൈറ്റുകളിൽ നിന്ന് നീക്കം ചെയ്യാൻ കഴിയില്ല എന്ന് വ്യക്തമായതോടെയാണ് അടുത്ത രണ്ടു ആഴ്ച കൂടി ലിസ്റ്റ് ചെയ്തിരുന്നു തീയ്യേറ്റുകളിൽ നിന്നും പടം പിൻ വലിക്കുന്നതെന്ന് തങ്ക സ്വാമി വ്യക്തമാക്കുന്നു. തുടക്കത്തിൽ കുറഞ്ഞ കാണികളെ ആകർഷിച്ച ചിത്രം കഴിഞ്ഞ 2 ആഴ്ചകളിലായി കൂടുതൽ കാണികളെ സ്വീകരിച്ചു തുടങ്ങിയതോടെ അടുത്ത 2 ആഴ്ചത്തേക്ക് തിയ്യേറ്ററുകളിൽ സ്‌പെഷ്യൽ പ്രദർശനം നടത്താൻ ബുക്കിങ് ആരംഭിക്കവെയാണ് ചിത്രം ഓൺ ലൈനുകളിൽ ലഭ്യമാണെന്ന വാർത്ത ലഭിച്ചതെന്നും തങ്ക സ്വമി പറയുന്നു. പൊതുവെ മലയാളം ചിത്രങ്ങൾക്ക് ഇത്തരം ഭീക്ഷണി കുറവായതിനാലാണ് ബ്രിട്ടണിലും അയർലന്റിലും ഈ ചിത്രം ഏറ്റെടുക്കാൻ താൻ തയ്യാറായത് എന്നും അദ്ദേഹം വ്യക്തമാക്കി.
വിദേശ മലയാളികൾക്കിടയിൽ പുത്തൻ സിനിമ കാണാൻ ആഗ്രഹിക്കുന്നവർ ആദ്യം തിരയുന്ന വെബ്‌സൈറ്റുകളിൽ ഒന്നിലാണ് തിയ്യേറ്റർ പ്രിന്റ് എന്ന് കരുതപ്പെടുന്ന ലൈഫ് ഓഫ് ജോസൂട്ടി ഒരാഴ്ചയോളമായി പ്രദർശിപ്പിക്കുന്നത്. ഇതോടെ യുകെ അടക്കം ഉള്ള വിദേശ രാജ്യങ്ങളിലെ ചിത്രത്തിന്റെ നിലനിൽപ്പ് പരുങ്ങലിലായി. വൻകിട നിർമ്മാണ കമ്പനിയായ ഇറോസ് ഇന്റർണഷണൽ പടത്തിൽ നിന്നും ലാഭം വാരാൻ കഴിയില്ലെന്ന് ബോധ്യമായതോടെ ചിത്രത്തെ കൈവിട്ട നിലയിലാണ്. ഇടുക്കിയിലും ന്യൂസിലാന്റിലും ആയി ചിത്രീകരിച്ച ജോസൂട്ടിക്ക് ഏകദേശം 8 കോടി രൂപ മുടക്കി നിർമ്മിച്ച ചിത്രം ബോക്‌സ് ഓഫീസ് വിജയം കണ്ടെത്തില്ല എന്ന് ഉറപ്പായി കഴിഞ്ഞു. ബ്രിട്ടണിൽ മാത്രം ചിത്രം എത്തിയത് 10 ലക്ഷം രൂപയോളം മുടക്കിയാണ്. തിയ്യേറ്റർ വാടകയും മറ്റു അനുബന്ധ ചിലവുകളും വേറെ. ഈ തുകയുടെ പാതി പോലും കളക്റ്റ് ചെയ്യാൻ ജോസൂട്ടിക്ക് കഴിഞ്ഞിട്ടില്ല. നിരവധി ഹോളിവുഡ് ചിത്രങ്ങൾ തിയ്യേറ്ററിൽ എത്തുന്ന സമയം ആയതിനാൽ ജോസൂട്ടിക്കായി തിയ്യേറ്ററുകൾ ലഭിക്കാതെ പോയതും ചിത്രത്തിന്റെ യുകെയിലെ പ്രദർശന നഷ്ടം കൂട്ടാൻ കാരണമായി എന്ന് വിലയിരുത്തപ്പെടുന്നു.
അതേ സമയം ചിത്രം പ്രദർശനത്തിന് എത്തിയ ഇടങ്ങളിൽ ഒക്കെ യുകെ മലയാളികൾ ഇരുകയ്യും നീട്ടിയാണ് ജോസൂട്ടിയെ സ്വീകരിച്ചത്. മലയാളി നേഴ്‌സിനെ വിവാഹം കഴിച്ചു കുടുംബത്തെ രക്ഷപ്പെടുത്താം എന്ന മോഹത്തോടെ ന്യൂസിലാന്റിൽ എത്തുന്ന ജോസൂട്ടി നേരിടുന്ന തികച്ചും അപ്രതീക്ഷിതമായ തിരിച്ചടികളും ഒടുവിൽ മറ്റൊരു ജീവിത വഴിയിലൂടെ സഞ്ചരിക്കാൻ നിർബന്ധിതം ആകുന്ന സാഹചര്യവും ആണ് ചിത്രം വെളിപ്പെടുത്തുന്നത്. സാധാരണ യൂറോപ്യൻ നാടുകളിൽ എത്തുന്ന പ്രവാസി മലയാളി നേരിടുന്ന പ്രതിസന്ധികളിൽ അധികം വെള്ളം ചേർക്കാതെ കാണിച്ചിരിക്കുന്നതിനാൽ ചിത്രത്തിന് ബ്രിട്ടൺ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ കൂടുതൽ കാണികളെ ലഭിച്ചു കൊണ്ടിരുന്ന സാഹചര്യത്തിലാണ് അപ്രതീക്ഷിതമായി വെബ്‌സൈറ്റിൽ ചിത്രം എത്തിയത്. ഇതോടെ വിദേശ വിതരണക്കാരുടെ പ്രതീക്ഷ നഷ്ടപ്പെടുക ആയിരുന്നു. മലയാളത്തിലെ സർവ്വകാല റെക്കോർഡ് ചിത്രങ്ങളിൽ ഒന്നായ ദൃശ്യം സംവിധാനം ചെയ്ത ജിത്തു ജോസഫിന്റെ പടം എന്ന നിലയ്ക്കും ഏറെ പ്രതീക്ഷകളോടെയാണ് ലൈഫ് ഓഫ് ജോസൂട്ടി തിയ്യേറ്ററുകളിൽ എത്തിയത്. ഇറോസ് ഇന്റർനാഷണലിന്റെ സ്വാധീനത്തിൽ മികച്ച മാദ്ധ്യമ റിവ്യുകളും പടത്തെ കുറിച്ച് പുറത്തു വന്നിരുന്നു. പടം പുറത്തു വരുന്നതിനു തൊട്ടു മുൻപായി ഓഹരി വിപണിയിലും ഇറോസ് ഓഹരികൾ ചലനങ്ങൾ സൃഷ്ടിച്ചിരുന്നു.