പാലാ: നാടിനെ നടുക്കിയ സിസ്റ്റർ അമലാ വധക്കേസിലെ പ്രതിക്ക് ജീവപര്യന്തം ശിക്ഷവിധിച്ച് പാലാ അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതി. ലിസ്യു കാർമ്മലേറ്റ് കോൺവെന്റിലെ സിസ്റ്റർ അമലയെ (69) ക്രൂരമായി കൊലപ്പെടുത്തിയ പ്രതി കാസർകോട് വെഴുവാതട്ടുങ്കൽ സതീഷ് ബാബുവിനെ (സതീഷ് നായർ,41)യാണ് കോടതി ജീപര്യന്തം ശിക്ഷയ്ക്ക് വിധിച്ചത്. മറ്റൊരു കേസിൽ പെട്ട് ഇയാൾ തടവ് ശിക്ഷ അനുഭവിച്ച് വരികയായിരുന്നു.

കേസിലെ ശിക്ഷാവിധി കേൾക്കാൻ സിസ്റ്റർ അമലയുടെ കുടുംബാംഗങ്ങളും കന്യാസ്ത്രീകളും കോടതിയിലെത്തിയിരുന്നു. വിധി പുറപ്പെടുവിച്ചതിന് പിന്നാലെ സതീഷിനെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് കൊണ്ടു പോയി. സ്പെഷ്യൽ പ്രോസിക്യൂട്ടർ ജോർജ് ബോബൻ പ്രോസിക്യൂഷനു വേണ്ടി ഹാജരായി.

2015 സെപ്റ്റംബറിലെ ആ കറുത്ത ദിനം

സതീഷിനെതിരെ ബലാത്സംഗം, ഭവനഭേദനം, മോഷണം എന്നീ കുറ്റങ്ങൾ തെളിഞ്ഞിട്ടുണ്ട്. പാലാ കാർമലീത്ത മഠാംഗമായിരുന്ന 69കാരി സിസ്റ്റർ അമലയെ മൺവെട്ടി കൊണ്ട് തലക്കടിച്ച് കൊന്ന കേസിൽ കാസർഗോഡ് സ്വദേശിയായ സതീഷ് ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒട്ടനവധി മോഷണ കേസുകളിലും സതീഷ് ബാബു പ്രതിയാണ്. 2015 സെപ്റ്റംബർ 17-ന് രാവിലെ ഏഴുമണിക്കാണ് കോൺവെന്റിലെ മൂന്നാം നിലയിൽ സിസ്റ്റർ അമലയുടെ മൃതദേഹം കണ്ടെത്തിയത്. പാലാ കെ.എസ്.ആർ.ടി.സി ബസ്റ്റ് സ്റ്റാൻഡിന് സമീപത്തെ മഠത്തിലായിരുന്നു സംഭവം. മഠത്തിന് സമീപത്തെ കാർമൽ ആശുപത്രിയിൽ നഴ്സായിരുന്നു സിസ്റ്റർ അമല.

പ്രതിയെ അഞ്ച് ദിവസത്തിന് ശേഷം ഹരിദ്വാറിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മോഷണ ശ്രമത്തിനിടെ ഇയാൾ സിസ്റ്റർ അമലയെ തലക്കടിച്ച് കൊലപ്പെടുത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പൈക മഠത്തിലെ സിസ്റ്റർ 86 വയസുകാരി ജോസ് മരിയയെ കൊലപ്പെടുത്തിയതും താനാണെന്ന് പ്രതി സതീഷ് ബാബു പീന്നീട് ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. ഈ കേസിൽ വിചാരണ നടന്ന് വരികയാണ്.

പനി ബാധിതയായ സിസ്റ്ററെ രാവിലെ മഠം ചാപ്പലിൽ കുർബാനക്ക് കാണാതിരുന്നതിനെ തുടർന്ന് തെരച്ചിൽ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഇവർ താമസിച്ചിരുന്ന മഠത്തിലെ മുറി അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. മുറിയിലെ കട്ടിലിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. സിസ്റ്റർ അമലയുടെ നെറ്റിയിൽ മുറിവേറ്റ പാടുകളുണ്ട്. ഇതാകാം മരണ കാരണമെന്ന് പൊലീസിന്റെ നിഗമനം.

പൊലീസ് അന്വേഷണം നടക്കുന്നതിനാൽ സംഭവത്തെകുറിച്ച് പ്രതികരിക്കുന്നില്ലെന്ന് പാലാ രൂപത അറയിച്ചു. കോട്ടയം രാമപുരം വാലുമ്മേലിൽ പരേതരായ വി.ഡി. അഗസ്തിഫഏലി ദമ്പതികളുടെ മകളാണ് സിസ്റ്റർ അമല. കർമലീത്ത സന്യാസ സമൂഹത്തിന്റെ പാലാ പ്രൊവിൻഷ്യൽ സിസ്റ്റർ ലൂസി മരിയ, അസീസി സന്യാസ സഭാംഗം സിസ്റ്റർ ഹിൽഡ, പരേതയായ സിസിലി എന്നിവർ സഹോദരങ്ങളാണ്.